ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 444 റണ്‍സിന്റെ ദൂരം, ഓസ്‌ട്രേലിയയ്ക്കു 10 വിക്കറ്റുകളുടെ തടസവും. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഒന്നര ദിനം ശേഷിക്കെ ഇന്ത്യക്ക് 444 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടി ഓസ്‌ട്രേലിയ.
നാലിന് 123 എന്ന നിലയില്‍ രാവിലെ തങ്ങളുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസീസ് നാലാം ദിനമയാ ഇന്ന് ലഞ്ചിനു പിന്നാലെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 173 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് നേടിയിരുന്ന അവര്‍ ഇതോടെ 443 എന്ന കൂറ്റന്‍ റണ്‍മലയുടെ മുകളില്‍ സുരക്ഷിതരാണ്.
ഇന്ന് ആദ്യ സെഷനിലും ലഞ്ചിനു ശേഷം 15 ഓവറോളവും ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളംകുടിപ്പിച്ച ഓസ്‌ട്രേലിയ ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടിയാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഇന്ന് കളി പുനരാരംഭിച്ച് സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓസീസ് മധ്യനിര താരം മാര്‍നസ് ലബുഷെയ്‌നെ പുറത്താക്കി ഇന്ത്യ പ്രതീക്ഷ നല്‍കിയെങ്കിലും അത് നിലനിര്‍ത്താനായില്ല. ഉമേഷ് യാദവാണ് വിക്കറ്റ് സ്വന്തമാക്കിയത്.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കാമറൂണ്‍ ഗ്രീനും അലക്‌സ് ക്യാരിയും ചേര്‍ന്ന് ഇന്ത്യക്ക് വീണ്ടും തലവേദന നല്‍കി. ഇരുവരു ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 43 റണ്‍സ് ടീം സ്‌കോര്‍ 167-ല്‍ എത്തിച്ചു. ഇതിനിടെ ഗ്രീനിനെ വീഴ്ത്തി ജഡേജ ഇന്ത്യയെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് ക്യാരി നടത്തിയ കടന്നാക്രമണം സകല പ്രതീക്ഷകളും തെറ്റിച്ചു.
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ ക്ഷണവേഗത്തില്‍ 93 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏകദിന ശൈലിയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. ക്യാരി 105 പന്തുകള്‍ നേരിട്ട് എട്ടു ബൗണ്ടറികളോടെ 66 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്റ്റാര്‍ക്ക് 57 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും സഹിതം 41 റണ്‍സ് നേടി.
ഇന്ത്യക്കു വേണ്ടി സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. 23 ഓവറുകള്‍ എറിഞ്ഞ ജഡേജ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടു വിക്കറ്റുകളുമായി മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി. മുഹമ്മദ് സിറാജിനാണ് ശേഷിച്ച ഒരു വിക്കറ്റ്.