CRICKET

'പെരിയസ്വാമി'യായി ഹിറ്റ്മാന്‍; ചിന്നസ്വാമിയില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ, നാലിന് 212

സെഞ്ചുറി നേടിയ നായകന്‍ രോഹിതിന്റെയും അര്‍ധസെഞ്ചുറി നേടിയ യുവതാരം റിങ്കു സിങ്ങിന്റെയും മികവില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.

വെബ് ഡെസ്ക്

പ്രതിന്ധി ഘട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കുന്നവനാണ് യഥാര്‍ഥ നായകന്‍. ഇന്ന് ആ റോള്‍ രോഹിത് ശര്‍മ കൃത്യമായി കൈകാര്യം ചെയ്തപ്പോള്‍ അഫ്ഗാനിസ്താനെതിരേ കൂട്ടത്തകര്‍ച്ചയില്‍ നിന്നു കരകയറി ടീം ഇന്ത്യ. മൂന്നു മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ബംഗളുരുവില്‍ നടക്കുന്ന അവസാന മത്സരത്തില്‍ രാജ്യാന്തര ടി20 ക്രിക്കറ്റിലെ അഞ്ചാം സെഞ്ചുറി നേടിയ നായകന്‍ രോഹിതിന്റെയും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം റിങ്കു സിങ്ങിന്റെയും മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി.

രോഹിത് 69 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതം 121 റണ്‍സുമായും റിങ്കു 39 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 69 റണ്‍സുമായും പുറത്താകാതെ നിന്നു. 4.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇവര്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍(4), മുന്‍ നായകന്‍ വിരാട് കോഹ്ലി(0), മലയാളി താരം സഞ്ജു സാംസണ്‍(0), മധ്യനിര താരം ശിവം ദുബെ എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഞെട്ടിക്കുന്ന തുടക്കമാണ് കാത്തിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ വെറും 18 റണ്‍സ് മാത്രമുള്ള തുടര്‍ച്ചയായ പന്തുകളില്‍ ജയ്‌സ്വാളിനെയും കോഹ്ലിയെയും വീഴ്ത്തിയ ഫരീന്‍ അഹമ്മദാണ് ഇന്ത്യക്ക് പ്രഹരമേല്‍പിച്ചത്. തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള ദുബെയെ മടക്കി അസ്മത്തുള്ള ഒമര്‍സായ് കൂടി ആക്രമിച്ചതോടെ ഇന്ത്യ മൂന്നിന് 21 എന്ന നിലയിലായി.

അവിടംകൊണ്ടും തീര്‍ന്നില്ല. ഇടവേളയ്ക്കു ശേഷം ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണായിരുന്നു അടുത്തത്. നേരിട്ട ആദ്യ പന്തില്‍ ഫരീന്‍ അഹമ്മദിനെതിരേ കൂറ്റനടിക്കു ശ്രമിച്ചു സഞ്ജുവും 'സംപൂജ്യ'നായി മടങ്ങിയതോടെ ഇന്ത്യ 4.3 ഓവറില്‍ നാലിന് 22. തുടര്‍ന്നാണ് രോഹിതിന് കൂട്ടായി റിങ്കു ക്രീസില്‍ എത്തുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തിയര്‍ത്തി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ പത്തൊമ്പതാം ഓവറില്‍ ഒമര്‍സായിയെ തുടര്‍ച്ചയായി മൂന്നു ബൗണ്ടറികള്‍ക്കു ശിക്ഷിച്ചാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രാജ്യാന്തര ടി20യില്‍ രോഹിതിന്റെ അഞ്ചാം സെഞ്ചുറിയാണ് രോഹിത് ഇന്നു കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് രോഹിത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ