CRICKET

സര്‍വം രോ'ഹിറ്റ്'; ഡബിള്‍ സൂപ്പര്‍ ഓവര്‍ ജയിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

ആദ്യന്തം നായകന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം

വെബ് ഡെസ്ക്

രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിസ്താനെ മൂന്നാം മത്സരത്തിലും തോല്‍പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ന് ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആദ്യന്തം നായകന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടി. ആദ്യ സൂപ്പര്‍ ഓവറില്‍ അഫ്ഗാന്‍ 16 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യയും അത്ര തന്നെ റണ്‍സ് നേടിയതോടെ മത്സരം വീണ്ടും ടൈ ആയി.

തുടര്‍ന്ന് രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റണ്‍സാണ് നേടിയത്. ഇതിനു മറുപടി നല്‍കാനിറങ്ങിയ അഫ്ഗാന് ഒരു റണ്‍ എടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. ഇന്ത്യക്കു വേണ്ടി സ്പിന്നര്‍ രവി ബിഷ്‌ണോയ് ആണ് ഓവര്‍ ചെയ്തത്.

നേരത്തെ അര്‍ധസെഞ്ചുറി തികച്ച മധ്യനിര ഗുല്‍ബാദിന്‍ നയ്ബും ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും നായകന്‍ ഇബ്രാഹിം സദ്രാനുമാണ് സന്ദര്‍ശകരെ സമനില പിടിക്കാന്‍ സഹായിച്ചത്. ഗുല്‍ബാദിന്‍ 23 പന്തുകളില്‍ നിന്ന് നാലു വീതം സിക്‌സും ഫോറും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഗുര്‍ബാസ് 32 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 50 റണ്‍സ് നേടിയപ്പോള്‍ സദ്രാന്‍ 41 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സ് നേടി. 16 പന്തുകളില്‍ നിന്ന് രണ്ടു ഫോറും മൂന്നു സിക്‌സറും സഹിതം 34 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍മാര്‍.

രാജ്യാന്തര ടി20 ക്രിക്കറ്റിലെ അഞ്ചാം സെഞ്ചുറി നേടിയ നായകന്‍ രോഹിതിന്റെയും അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം റിങ്കു സിങ്ങിന്റെയും മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രോഹിത് 69 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും എട്ട് സിക്‌സറുകളും സഹിതം 121 റണ്‍സുമായും റിങ്കു 39 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 69 റണ്‍സുമായും പുറത്താകാതെ നിന്നു.

4.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇവര്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍(4), മുന്‍ നായകന്‍ വിരാട് കോഹ്ലി(0), മലയാളി താരം സഞ്ജു സാംസണ്‍(0), മധ്യനിര താരം ശിവം ദുബെ എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഞെട്ടിക്കുന്ന തുടക്കമാണ് കാത്തിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ വെറും 18 റണ്‍സ് മാത്രമുള്ള തുടര്‍ച്ചയായ പന്തുകളില്‍ ജയ്‌സ്വാളിനെയും കോഹ്ലിയെയും വീഴ്ത്തിയ ഫരീന്‍ അഹമ്മദാണ് ഇന്ത്യക്ക് പ്രഹരമേല്‍പിച്ചത്. തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള ദുബെയെ മടക്കി അസ്മത്തുള്ള ഒമര്‍സായ് കൂടി ആക്രമിച്ചതോടെ ഇന്ത്യ മൂന്നിന് 21 എന്ന നിലയിലായി.

അവിടംകൊണ്ടും തീര്‍ന്നില്ല. ഇടവേളയ്ക്കു ശേഷം ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണായിരുന്നു അടുത്തത്. നേരിട്ട ആദ്യ പന്തില്‍ ഫരീന്‍ അഹമ്മദിനെതിരേ കൂറ്റനടിക്കു ശ്രമിച്ചു സഞ്ജുവും 'സംപൂജ്യ'നായി മടങ്ങിയതോടെ ഇന്ത്യ 4.3 ഓവറില്‍ നാലിന് 22. തുടര്‍ന്നാണ് രോഹിതിന് കൂട്ടായി റിങ്കു ക്രീസില്‍ എത്തുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തിയര്‍ത്തി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ പത്തൊമ്പതാം ഓവറില്‍ ഒമര്‍സായിയെ തുടര്‍ച്ചയായി മൂന്നു ബൗണ്ടറികള്‍ക്കു ശിക്ഷിച്ചാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രാജ്യാന്തര ടി20യില്‍ രോഹിതിന്റെ അഞ്ചാം സെഞ്ചുറിയാണ് രോഹിത് ഇന്നു കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് രോഹിത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും