ഇന്ത്യന്‍ ക്രിക്കറ്റില്‍ കാലങ്ങളായി പുരുഷന്മാര്‍ അടക്കി വാണ പ്രീമിയര്‍ ലീഗിന്റെ കളിക്കളത്തിലേക്കാണ് മാര്‍ച്ച് നാല് മുതല്‍ വനിതകള്‍ ഇറങ്ങുന്നത്. വനിതാ പ്രിമിയര്‍ ലീഗിന്റെ ഉദ്ഘാടന സീസണിലെ അഞ്ച് ടീമുകളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റെയും രണ്ട് പ്രധാന താരങ്ങളെ പരിചയപ്പെടാം
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
സ്മൃതി മന്ദാന
ഇന്ത്യന്‍ ദേശീയ ടീമിന്റെ കരുത്തുറ്റ ഓപ്പണറും ഉദ്ഘാടന സീസണിലെ വിലയേറിയ താരവുമായ സ്മൃതി മന്ദാനയാണ് റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ടി20 മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരമാണ് സ്മൃതി. കഴിഞ്ഞ ടി20 ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി താരം 151 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും മന്ദാന ആയിരുന്നു. ടി20യില്‍ 123.87 സ്‌ട്രൈക്ക് റേറ്റുള്ള മന്ദാന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മികച്ച തുടക്കം നല്‍കുമെന്നാണ് പ്രതീക്ഷ.
എലീസ പെറി
ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായ എലീസ പെറി ഓള്‍റൗണ്ടര്‍ എന്ന രീതിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ്. കഴിഞ്ഞ വനിതാ ലോകകപ്പില്‍ ഓസീസിനായി റണ്‍സ് ഉയര്‍ത്തുമെന്നും ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന് മികച്ച ഫോമിലേക്കെത്താന്‍ സാധിച്ചില്ല. ഏത് ഘട്ടത്തിലും എതിരാളികളെ പന്തെറിഞ്ഞ് കുടുക്കുന്ന പേസര്‍, മികച്ച ബാറ്റര്‍, ഗണ്‍ ഫീല്‍ഡര്‍ തുടങ്ങിയ നിലയില്‍ ആര്‍സിബിക്കായി എലീസ സമാനതകളില്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മുംബൈ ഇന്ത്യന്‍സ്
ഹര്‍മന്‍പ്രീത് കൗര്‍
പത്ത് വര്‍ഷം മുന്‍പ് മുംബൈയിലാണ് ഹര്‍മന്‍പ്രീത് കൗര്‍ ഇംഗ്ലണ്ടിനെതിരെ തന്റെ കന്നി ലോകകപ്പ് സെഞ്ചുറി നേടിയത്. മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയ വനിതാ ടീം ക്യാപ്റ്റന് അത് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കാം. എട്ട് ടി20 ഇന്നിങ്‌സുകളില്‍ നിന്നായി 37.83 ശരാശരിയില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഹര്‍മന്‍പ്രീത് ഈ വര്‍ഷം മികച്ച തുടക്കം കുറിച്ചു. നാറ്റ് സ്‌കൈവര്‍-ബ്രണ്ട്, അമേലിയ കെര്‍ എന്നിവര്‍ക്കൊപ്പം ഹര്‍മന്‍പ്രീതും ചേരുമ്പോള്‍ മുംബൈ ബാറ്റിങ് നിര എതിരാളികള്‍ക്ക് ചങ്കിടിപ്പേറ്റും. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ടി20 മത്സരം കളിച്ച താരമായ ഹര്‍മന്‍പ്രീതിന്റെ അനുഭവസമ്പത്ത് മുംബൈയെ കിരീട ജയത്തിലേക്കു നയിക്കുമോയെന്നു കാത്തിരുന്നു കാണാം.
നാറ്റ് സ്‌കീവര്‍ ബ്രെന്റ്
മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആണ് നാറ്റ് സ്‌കീവര്‍ ബ്രെന്റ്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 141.17 സ്‌ട്രൈക്ക് റേറ്റില്‍ 216 റണ്‍സ് നേടിയ നാറ്റ് സ്‌കീവര്‍ 2023 ന് മികച്ച തുടക്കമിട്ടു. മികച്ച ഹിറ്ററും ഏവിടെയും വിശ്വസിച്ചിറക്കാവുന്ന പേസര്‍ എന്ന നിലയിലും ഓള്‍റൗണ്ടറുടെ പ്രകടനം മുംബൈയ്ക്ക് നിര്‍ണായകമാണ്.