പ്രതിഫലത്തെച്ചൊല്ലി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും(പിസിബി) താരങ്ങളും തമ്മില്‍ പോര്. പിസിബി മുന്നോട്ടു വച്ച പുതിയ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് പാക് ക്രിക്കറ്റ് താരങ്ങള്‍. കരാറില്‍ തങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലെന്നും പ്രതിഫലം കൂട്ടിക്കിട്ടണമെന്നുമടക്കമുള്ള നിബന്ധനകള്‍ താരങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ വച്ചു.
തങ്ങള്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് ഉറപ്പാക്കണം, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കണം, ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്നു ലഭിക്കുന്ന സമ്മാനത്തുകയുടെ വിഹിതം വേണം എന്നീ ആവശ്യങ്ങളും താരങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ വച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക് ക്രിക്കറ്റ് ടീം നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ്.
മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളെ അപേക്ഷിച്ച് തങ്ങള്‍ക്കു കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്നാണ് പാക് ക്രിക്കറ്റ് താരങ്ങളുടെ പരാതി. അതിനു പുറമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ പോകുന്ന താരങ്ങളില്‍ നിന്ന് ഉയര്‍ന്ന തുക പാക് ക്രിക്കറ്റ് ബോര്‍ഡ് വസൂലാക്കുന്നതായും ആക്ഷേപമുണ്ട്.
കാനഡ ഗ്ലോബല്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കുന്നതിന് 25,000 ഡോളറാണ് ഓരോ പാക് താരത്തില്‍ നിന്നും പിസിബി ആവശ്യപ്പെട്ടത്. എന്നാല്‍ കാനഡി ലീഗില്‍ കളിച്ച പല പാക് താരങ്ങള്‍ക്കും 5000 ഡോളര്‍ മാത്രമാണ് പ്രതിഫലം ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ പരസ്യ പ്രതിഷേധവുമായി താരങ്ങള്‍ രംഗത്തുവന്നത്. പ്രതിഫലക്കാര്യത്തില്‍ തീരുമാനമാകാതെ പുതിയ കരാര്‍ ഒപ്പിടില്ലെന്നാണ് പാക് താരങ്ങളുടെ നിലപാട്. നായകന്‍ ബാബര്‍ അസമിന്റെ ഉള്‍പ്പടെ കരാര്‍ കാലാവധി കഴിഞ്ഞ മാസം 30-ന് അവസാനിച്ചിരുന്നു. കരാറില്ലാതെയാണ് ബാബര്‍ ഉള്‍പ്പടെയുള്ള പല മുതിര്‍ന്ന താരങ്ങും ലങ്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്.