ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോര്‍. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മധ്യനിര താരങ്ങളായ സദീര സമരവിക്രമയുടെയും കുശാല്‍ മെന്‍ഡിസിന്റെയും മികച്ച ബാറ്റിങ്ങാണ് ലങ്കയ്ക്കു തുണയായത്.
72 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 93 റണ്‍സ് നേടിയ സമരവീരയാണ് ടോപ്‌സ്‌കോറര്‍. 73 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറുകളും സഹിതം 50 റണ്‍സായിരുന്നു മെന്‍ഡിസിന്റെ സംഭാവന. ഇവര്‍ക്കു പുറമേ 60 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 40 റണ്‍സ് നേടിയ ഓപ്പണര്‍ പാഥും നിസാങ്കയും ലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. നായകന്‍ ദസുന്‍ ഷനക(24), ഓപ്പണര്‍ ദിമുത് കരുണരത്‌നെ(18), മധ്യനിര താരങ്ങളായ ചരിത് അസലങ്ക(10), ധനഞ്ജയ ഡിസില്‍വ(6) എന്നിവര്‍ നിരാശപ്പെടുത്തി.
മികച്ച തുടക്കത്തിനു ശേഷം മധ്യഓവറുകളില്‍ സ്‌കോറിങ് വേഗം കുറഞ്ഞതാണ് കൂറ്റന്‍ സ്‌കോര്‍ എന്ന ലങ്കന്‍ ലക്ഷ്യം തകര്‍ത്തത്. അവസാന ഓവറുകളില്‍ സമരവീരയുടെ തിരിച്ചടിയാണ് ലങ്കയ്ക്ക് ഒടുവില്‍ തുണയായത്. എന്നാല്‍ സമരവീരയ്ക്കു പിന്തുണ നല്‍കാന്‍ മറുവശത്ത് ആരും ഉണ്ടാകാതെ പോയി. ബംഗ്ലാദേശിനു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ് എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ഷൊറിഫുള്‍ ഇസ്ലാം രണ്ടു വിക്കറ്റ് വീഴ്ത്തി.
സൂപ്പര്‍ ഫോറില്‍ തങ്ങളുടെ രണ്ടാം മത്സരം കളിക്കുന്ന ബംഗ്ലാദശിന് ഈ മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോടു കനത്ത തോല്‍വിയേറ്റു വാങ്ങിയ അവര്‍ക്ക് ഇന്നു കൂടി തോറ്റാല്‍ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും. മറുവശത്ത് ലങ്കയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരമാണിത്. ഇന്ത്യയാണ് സൂപ്പര്‍ ഫോറില്‍ കടന്ന മറ്റൊരു ടീം. നാളെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.