CRICKET

മാറുന്ന സീസണ്‍, സഞ്ജുവിന്റെ മാറാത്ത തുടക്കം

തുടർച്ചയായ അഞ്ചാം തവണയും സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു അർധ സെഞ്ചുറി കടന്നെങ്കിലും ഇത്തവണ അധിക സമ്മർദത്തേയും അതിജീവിക്കേണ്ടി വന്നു

ഹരികൃഷ്ണന്‍ എം

സീസണിലെ ആദ്യത്തെ മത്സരമാണോ, ഏത് വമ്പന്‍ ടീമാണെങ്കിലും നല്ല അടി അടിക്കും. ഇതാണ് മലയാളി താരം സഞ്ജു സാംസണിന്റെ കഴിഞ്ഞ നാല് സീസണുകളായിട്ടുള്ള പതിവ്. പുതിയ സീസണിലും അതിന് മാറ്റമുണ്ടായില്ല. ഇത്തവണ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ലഖ്നൗ സൂപ്പർ ജയന്റ്സായിരുന്നു. മൂന്ന് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 82 റണ്‍സ് പിറന്ന ഒന്നൊന്നര ഇന്നിങ്സ്.

സഞ്ജുവിന്റെ ഈ ശൈലിയുടെ തുടക്കം 2020ലാണ്. ഐപിഎല്ലിന്റെ പ്രധാന മുഖങ്ങളിലൊരാളായി സഞ്ജു മാറിയ സമയം. അന്ന് ഷാർജയില്‍ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയത് 32 പന്തില്‍ 74 റണ്‍സ്.

2021ല്‍ അർധ സെഞ്ചുറിയിലൊതുക്കിയില്ല സഞ്ജു. ചരിത്രമുറങ്ങുന്ന വാങ്കഡെയിലെ മൈതാനത്ത് മൂന്നക്കം തൊട്ടു. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ 63 പന്തില്‍ 119 റണ്‍സ്.

അടുത്ത സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദായിരുന്നു രാജസ്ഥാന്റെ ആദ്യ എതിരാളി. 27 പന്തില്‍ 55 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

കഴിഞ്ഞ തവണയും മലയാളിക്കരുത്ത് തെളിഞ്ഞ മത്സരത്തില്‍ മറുവശത്ത് ഹൈദരാബാദ് തന്നെയായിരുന്നു. എതിർ പാളയത്തില്‍ 32 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയാണ് സഞ്ജു അന്ന് കളം വിട്ടത്.

തുടർച്ചയായ അഞ്ചാം തവണയും സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു അർധ സെഞ്ചുറി കടന്നെങ്കിലും ഇത്തവണ അധിക സമ്മർദത്തേയും അതിജീവിക്കേണ്ടി വന്നു. ടീമിലെ അപകടകാരിയായ ജോസ് ബട്ട്ലറും ലോകക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളും അതിവേഗം കൂടാരം കയറിയിരുന്നു. ഒരു നായകന് മുന്നില്‍ നിന്ന് നയിക്കാന്‍ കളമൊരുങ്ങിയ നിമിഷം.

കരുതലോടെ തുടങ്ങിയ സഞ്ജു ആദ്യ 20 പന്തില്‍ നേടിയത് 21 റണ്‍സ് മാത്രം. പിന്നീട് ജയ്‌പൂരിലെ കാണികള്‍ സാക്ഷ്യം വഹിച്ചത് സഞ്ജുവിന്റെ സ്കോറിങ് ടോപ് ഗിയറിലേക്ക് മാറുന്നതിനായിരുന്നു. തന്നെ കുരുക്കാന്‍ സ്ലോ ബോളുകളും ബൌണ്‍സറും യോർക്കറുകളും പരീക്ഷിച്ച ലഖ്നൌ ബൌളിങ് നിരയ്ക്ക് കൃത്യമായ മറുപടികള്‍ ബാറ്റിലൊളിപ്പിച്ചു രാജസ്ഥാന്‍ നായകന്‍.

യാഷ് താക്കൂറിന്റെ പന്തുകള്‍ മൂന്ന് തവണയും മൊഹ്സിന്‍ ഖാന്റെ രണ്ട് പ്രാവശ്യവും ഗ്യാലറി തൊട്ടു. ലെഗ്‌ സ്പിന്നർ രവി ബിഷ്ണോയിയാണ് സഞ്ജുവിന്റെ പവർ ഹിറ്റിങ്ങിന് ഇരയായത്. ലോങ് ഓണിന് മുകളിലൂടെ പന്ത് പാഞ്ഞപ്പോള്‍ കളത്തിലുണ്ടായിരുന്ന ലഖ്നൌ താരങ്ങള്‍ക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പതിവ് പോലെ തുടങ്ങിയ സഞ്ജുവിന് ഈ ഫോം ടൂർണമെന്റിലുടനീളം നിലനിർത്താനാകുമോയെന്ന ചോദ്യമാണിപ്പോള്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് ഉയരുന്നത്. ട്വന്റി 20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മികച്ച പ്രകടനങ്ങളുടെ ഒരു നിര തന്നെ സഞ്ജുവിന് ആവശ്യമാണ്. കാരണം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള മത്സരം സഞ്ജുവിന് അത്ര എളുപ്പമായിരിക്കില്ല.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി