CRICKET

സഞ്ജുവിന്റെ പോരാട്ടം പാഴായി; ഡല്‍ഹിക്കെതിരേ രാജസ്ഥാന് 20 റണ്‍സ് തോല്‍വി

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ പ്ലേ ഔദ്യോഗികമായി ഉറപ്പിക്കുന്ന ആദ്യ ടീമാകാന്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് പിഴച്ചു. നായകന്‍ സഞ്ജു സാംസണ്‍ മുന്നില്‍ നിന്നു നയിച്ചിട്ടും ഇന്നു നടന്ന മത്സരത്തില്‍ അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് അവര്‍ 20 റണ്‍സിന്റെ തോല്‍വി വഴങ്ങി. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവാണ് രാജസ്ഥാന്റെ തിരിച്ചടിക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ 46 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി സഞ്ജു പുറത്തായതോടെ ജയത്തിലേക്ക് കുതിച്ച രാജസ്ഥാന് സഡന്‍ബ്രേക്ക് വീണു. സഞ്ജുവിന് പുറമേ 22 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറും സഹിതം 27 റണ്‍സ് നേടിയ റിയാന്‍ പരാഗിനും 12 പന്തുകളില്‍ നിന്ന് രണ്ടു വീതം ഫോറും സിക്‌സും സഹിതം 25 റണ്‍സ് നേടിയ ശുഭം ദുബെയ്ക്കും മാത്രമാണ് തിളങ്ങാനായത്.

ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍(4), ജോസ് ബട്‌ലര്‍(19), മധ്യനിര താരങ്ങളായ ഡൊനോവന്‍ ഫെരെയ്‌ര(1), രവിചന്ദ്രന്‍ അശ്വിന്‍(2) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ 10 പന്തുകളില്‍ നിന്ന് 13 റണ്‍സ് നേടി റോവ്മാന്‍ പവല്‍ ശ്രമിച്ചുനോക്കിയെങ്കിലും രാജസ്ഥാനില്‍ നിന്ന് വിജയം അകന്നുനിന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് മുകേഷ് കുമാര്‍ എന്നിവരാണ് ഡല്‍ഹിക്കു വേണ്ട ബൗളിങ്ങില്‍ തിളങ്ങിയത്.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ അഭിഷേക് പോറല്‍, ജേക് ഫ്രേസര്‍ മക്ഗുര്‍ക്ക് എന്നിവരുടെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച മധ്യനിര താരം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെയും മിന്നുന്ന പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്. 36 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടിയ പോറല്‍ ടോപ്‌സ്‌കോററായി.

20 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 50 റണ്‍സാണ് ഫ്രേസര്‍ നേടിയത്. അതേസമയം 20 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ഫോറും സഹിതം 41 റണ്‍സാണ് സ്റ്റബ്‌സ് കുറിച്ചത്. മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഷായ് ഹോപ്(1), അക്‌സര്‍ പട്ടേല്‍(15), നായകന്‍ ഋഷഭ് പന്ത്(15) എന്നിവര്‍ നിരാശപ്പെടുത്തി.

രാജസ്ഥാനു വേണ്ടി നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി