രഞ്ജിട്രോഫി കിരീടം സൗരാഷ്ട്രയ്ക്ക്. കൊൽക്കത്തയിൽ നടന്ന ഫൈനലില്‍ ബംഗാളിനെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് സൗരാഷ്ട്രയുടെ കിരീട നേട്ടം. ഇത് രണ്ടാം തവണയാണ് സൗരാഷ്ട്ര രഞ്ജി ചാമ്പ്യന്മാരാകുന്നത്.
നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗാളിന്റെ രണ്ടാം ഇന്നിങ്‌സ് 241 റണ്‍സിന് അവസാനിച്ചു. നായകന്‍ ജയ്‌ദേവ് ഉനദ്ഘടാണ് സൗരാഷ്ട്രയെ മുന്നില്‍ നിന്ന് നയിച്ചത്. ഉനദ്ഘട് ആറും ചേതന്‍ സക്കറിയ മൂന്നും വിക്കറ്റ് നേടി.
12 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെടുത്തു. 230 റണ്‍സിന്‌റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സൗരാഷ്ട്ര നേടിയിരുന്നു. ഉനദ്ഘട്ടാണ് കളിയിലെ താരം. അര്‍പിത് വാസവദ ടൂര്‍ണമെന്‌റിലെ താരമായി
സ്‌കോര്‍
ബംഗാള്‍- 174, 241
സൗരാഷ്ട്ര-404,14/1
2019 -20 സീസണിലാണ് സൗരാഷ്ട്ര ആദ്യമായി രഞ്ജി ട്രോഫിയില്‍ കിരീടം നേടുന്നത്. അന്ന് ഒന്നാം ഇന്നിങ്‌സ് ലീഡിന്‌റെ പിന്‍ബലത്തിലാണ് ബംഗാളിനെ അവര്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൗരാഷ്ട്രയുടെ രണ്ടാം കിരീടമാണിത്. കഴിഞ്ഞ 10 സീസണില്‍ അഞ്ച് തവണയും ഫൈനലിലെത്താന്‍ ടീമിനായിട്ടുണ്ട്.