രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കമായ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അന്തിമ ഫിക്‌സചര്‍ പുറത്തുവന്നിട്ട് ആഴ്ചകള്‍ പിന്നിടുന്നു. മത്സരവേദികളും തീയതികളും സമയവും വരെ കുറിച്ചിട്ടും ചില ടീമുകളുടെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമോ ഇല്ലയോ എന്നതാണ് തീരുമാനമാകാത്തത്.
ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലാണ് ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പ് കളിക്കാന്‍ ഇന്ത്യന്‍ മണ്ണിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന നിലപാടിലാണ് പാകിസ്താന്‍ കായിക മന്ത്രാലയം. കഴിഞ്ഞ ദിവസവും കായികമന്ത്രി ഇഹ്‌സാന്‍ മസാരി ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു.
പാക് മണ്ണില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകാത്തതാണ് ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ പാകിസ്താനെ പ്രേരിപ്പിക്കുന്നത്. പാകിസ്താന്‍ മണ്ണില്‍ ഇന്ത്യ കളിക്കാന്‍ എത്തില്ലെന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ്. അതിര്‍ത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ ഒരു മേഖലയിലും സഹകരിക്കില്ലെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് ടീമിനെ അയയ്‌ക്കേണ്ടെന്നു ബിസിസിഐ തീരുമാനിച്ചത്.
ഇതോടെ പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായി നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുക്കുകയും ചെയ്തു. പിന്നാലെ പാകിസ്താന്റെ മത്സരങ്ങള്‍ ഉള്‍പ്പെടുത്തി ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഫിക്‌സ്ചര്‍ പുറത്തുവിടുകയും ചെയ്തു. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണ് കരുതിയത്.
എന്നാല്‍ ലോകകപ്പ് കളിക്കാനായി ഇന്ത്യയിലേക്കു പോകാന്‍ പാകിസ്താന്‍ ടീമിന് അനുമതി നല്‍കില്ലെന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകാതിരുന്നതിന്റെ പ്രതികാരമെന്നോണമാണ് ഈ നിലപാട് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ പാകിസ്താന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ഇതിനിടെ പാകിസ്താന്റെ മത്സരവേദികള്‍ മാറ്റണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ഐസിസിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ക്കശ നിലപാടാണ് ഐസിസി സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വേദിമാറ്റുന്ന പ്രശ്‌നമില്ലെന്നും ലോകകപ്പില്‍ നിന്നു പാകിസ്താന്‍ പിന്മാറിയാല്‍ പകരം സ്‌കോട്‌ലന്‍ഡിന് യോഗ്യത നല്‍കുമെന്നും വിലക്ക് ഉള്‍പ്പടെ നേരിടേണ്ടി വരുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി അറിയിച്ചതായാണ് വിവരം.
ഇത്തവണത്തെ ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റില്‍ ഏറെ ശ്രദ്ധ നേടിയ ടീമായിരുന്നു സ്‌കോട്‌ലന്‍ഡ്. മൂന്ന് ടെസ്റ്റ് ടീമുകളെ തോല്പിച്ച അവര്‍ക്ക് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് യോഗ്യത നേടാനാകാതെ പോയത്. നിര്‍ണായകമായ സൂപ്പര്‍സിക്സ് മത്സരത്തില്‍ അവര്‍ നെതര്‍ലന്‍ഡ്‌സിനോട് തോല്‍ക്കുകയായിരുന്നു.
നേരിയ വ്യത്യാസത്തില്‍ യോഗ്യത നഷ്ടമായ സ്‌കോട്ടിഷ് പടയുടെ സ്വപ്നങ്ങള്‍ പൂക്കുകയാണ് ഇപ്പോള്‍ പാകിസ്താന്റെ മര്‍ക്കടമുഷ്ടിയിലൂടെ. ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് പാകിസ്താന്‍ ടീം എത്തില്ലെങ്കില്‍ അവരുടെ ലോകകപ്പ് യോഗ്യത നഷ്ടമാകും. അങ്ങനെ സംഭവിച്ചാല്‍ യോഗ്യതാ മാര്‍ക്കിന് ഏറ്റവും അടുത്തുള്ള മറ്റൊരു ടീമിന് സ്വാഭാവികമായും അവസരം ലഭിക്കും.
യോഗ്യത റൗണ്ടില്‍ ശ്രീലങ്കയ്ക്കും നെതര്‍ലന്‍ഡ്സും പിന്നാലെ മൂന്നാമതായി ഫിനിഷ് ചെയ്തത് സ്‌കോട്ലന്‍ഡ് ആണ്. നാലാം സ്ഥാനത്തുള്ള സിംബാബ്വെയെക്കാള്‍ റണ്‍റേറ്റില്‍ മികച്ച നിലയിലുമാണ് അവര്‍. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ പിന്മാറിയാല്‍ സ്‌കോട്ട്‌ലന്‍ഡ് സ്വാഭാവികമായും യോഗ്യത നേടി ഇന്ത്യയിലേക്കു പറക്കും. പക്ഷേ ഇതു സംഭവിക്കണമെങ്കില്‍ പാകിസ്താന്‍ പിടിവാശി വിടാതെ ഉറച്ചു നില്‍ക്കണം.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അന്ത്യശാസനവും വിലക്കു ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക് സര്‍ക്കാര്‍ അതിനു മുതിരുമോയെന്നു കണ്ടറിയണം. ഇന്ത്യ-പാക് ക്രിക്കറ്റ് ആരാധകരെക്കാള്‍ ഇപ്പോള്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് ഉറ്റുനോക്കുന്നത് സ്‌കോട്ടിഷ് ആരാധകരാണ്.