ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നാലാം ദിനം 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ 202 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ടോം ഹാർട്ട്ലിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർത്തത്. ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിലധികം ലീഡ് നേടിയതിന് ശേഷം ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്.
231 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കരുതലോടെയായിരുന്നു തുടങ്ങിയത്. രോഹിത് ആക്രമിച്ചും യശസ്വി ജയ്സ്വാള്‍ പ്രതിരോധത്തിലൂന്നിയും ബാറ്റ് ചെയ്തു. എന്നാല്‍ 15 റണ്‍സെടുത്ത ജയ്സ്വാള്‍ ടോം ഹാർട്ട്ലിയുടെ പന്തില്‍ ഒലി പോപ്പിന്റെ കൈകളിലൊതുങ്ങി. മൂന്നാമനായെത്തിയ ശുഭ്മാന്‍ ഗില്‍ (0) നിരാശപ്പെടുത്തി. ജയ്സ്വാളിന്റെ പുറത്താകലിനോട് സമാനമായിരുന്നു ഗില്ലിന്റേതും.
മറുവശത്ത് നായകന്‍ രോഹിത് ശർമ സ്കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള ശ്രമം തുടർന്നു. ഹാർട്ട്ലിയുടെ പന്ത് ഇന്ത്യന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 39 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. സ്പിന്നിന് അനുകൂലമായ പിച്ചില്‍ പിന്നീട് കെ എല്‍ രാഹുലും അക്സർ പട്ടേലും പ്രതിരോധക്കോട്ട തീർക്കാനുള്ള ശ്രമങ്ങളായിരുന്ന നടത്തിയത്. അമിത പ്രതിരോധം പലപ്പോഴും ഇരുവരേയും പുറത്താകലിന്റെ വക്കിലെത്തിച്ചു.
ഹാർട്ട്ലിയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിർന്ന അക്സറിന് പിഴച്ചു. ഹാർട്ട്ലിയുടെ കൈകളിലേക്ക് തന്നെ പന്തെത്തി. 32 റണ്‍സ് നീണ്ട കൂട്ടുകെട്ടിന് അന്ത്യം. 17 റണ്‍സെടുത്ത അക്സർ മടങ്ങിയതോടെ വിക്കറ്റുകള്‍ തുടരെ വീണു. കെഎല്‍ രാഹുല്‍ റൂട്ടിനും (22), ശ്രേയസ് അയ്യർ (13) ജാക്ക് ലീച്ചിനും മുന്നില്‍ കീഴടങ്ങി. ബെന്‍ സ്റ്റോക്ക്സിന്റെ ബ്രില്യന്‍സിന് മുന്നില്‍ ജഡേജ (2) റണ്ണൗട്ടാകുകയും ചെയ്തു.
തോല്‍വിയിലേക്ക് അതിവേഗം നീങ്ങുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ നിന്ന് അശ്വിനും ഭരതും ചേർന്ന് ഇന്ത്യയ്ക്കായി ഹൈദരാബാദില്‍ ചെറുത്തു നില്‍പ്പ് ആരംഭിച്ചു. ഇംഗ്ലണ്ട് സ്പിന്നർമാരെ കരുതലോടെയാണ് ഇരുവരും നേരിട്ടത്. 40 പന്തുകളിലധികം നേരിട്ടതിന് ശേഷമാണ് ബൗണ്ടറികള്‍ക്ക് പോലും സഖ്യം മുതിർന്നത്. 123 പന്തുകളില്‍ നിന്നാണ് സഖ്യം അർധ സെഞ്ചുറി കൂട്ടുകെട്ട് തീർത്തത്.
ഭരതിന്റെ പ്രതിരോധം തകർത്ത് ഹാർട്ട്ലി തന്റെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കി. 28 റണ്‍സെടുത്താണ് ഭരത് മടങ്ങിയത്. വൈകാതെ തന്നെ അശ്വിനേയും (28) ഹാർട്ട്ലി മടക്കി. അവസാന വിക്കറ്റില്‍ ബുംറ-സിറാജ് സഖ്യത്തിന് 25 റണ്‍സ് മാത്രമാണ് നേടാനായത്. 12 റണ്‍സെടുത്ത സിറാജിനേയും ഹാർട്ട്ലിയാണ് പുറത്താക്കിയത്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. 70 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്ക്സായിരുന്നു ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജഡേജയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ 436 റണ്‍സാണ് നേടിയത്. 190 റണ്‍സ് ലീഡും നേടി. രവീന്ദ്ര ജഡേജ (87), കെഎല്‍ രാഹുല്‍ (86), യശസ്വി ജയ്സ്വാള്‍ (80) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി. നാല് വിക്കറ്റെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്.
190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 420 റണ്‍സിനായിരുന്നു പുറത്തായത്. 196 റണ്‍സെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.