CRICKET

ഷമാറില്‍ ഉഷാറായി, ഗാബയും കീഴടക്കി; പ്രതാപം പൊടിതട്ടിയെടുക്കുകയാണോ വിന്‍ഡീസ്

ഗാബയില്‍ ഇന്നലെ നേടിയ ജയം എത്രത്തോളം പ്രധാന്യമർഹിക്കുന്നതാണെന്നതിന്റെ ഉത്തരം കമന്ററി ബോക്സിലുണ്ടായിരുന്ന ഇതിഹാസ താരം ബ്രയന്‍ ലാറയുടേയും ടീമിനൊപ്പം നിലകൊള്ളുന്ന കാള്‍ ഹൂപ്പറിന്റെ കണ്ണീരാണ്

വെബ് ഡെസ്ക്

'അവസാന വിക്കറ്റ് വീഴാതെ ഞാന്‍ ഈ പന്ത് താഴെ വെക്കില്ല', ഗാബ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയത്തിന് വഴിയൊരുക്കിയ ഷമാർ ജോസഫ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയിറ്റിനോട് പറഞ്ഞ വാക്കുകളാണിത്. ഓസ്ട്രേലിയയുടെ അമിത ആത്മവിശ്വാസത്തിനോടുള്ള വെല്ലുവിളിയായിരിക്കുമിതെന്നും ചരിത്ര വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരിക്കുമെന്നും ബ്രാത്ത്‌വെയിറ്റ് പോലും കരുതിയിട്ടുണ്ടാകില്ല. പക്ഷേ, ഇത് രണ്ടും മാത്രമല്ല, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ ഒരു പുതിയ ഹീറോയുടെ ജനനത്തിന് കൂടിയായിരുന്നു ഗാബ സാക്ഷ്യം വഹിച്ചത്.

ഒരുപക്ഷേ, വിന്‍ഡീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിനുകൂടിയാകാം ഷമാർ ജോസഫിന്റെ പ്രകടനം ഊർജം പകരുക. 27 വർഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഓസ്ട്രേലിയന്‍ മണ്ണിലെ വിന്‍ഡീസിന്റെ അവസാന ടെസ്റ്റ് വിജയം. ഗാബയില്‍ ഇന്നലെ നേടിയ ജയം എത്രത്തോളം പ്രധാന്യമർഹിക്കുന്നതാണെന്നതിന്റെ ഉത്തരം കമന്ററി ബോക്സിലുണ്ടായിരുന്ന ഇതിഹാസ താരം ബ്രയന്‍ ലാറയുടേയും ടീമിനൊപ്പം നിലകൊള്ളുന്ന കാള്‍ ഹൂപ്പറിന്റെയും കണ്ണീരാണ്. അന്ന് പെർത്തില്‍ ഓസ്ട്രേലിയയെ ആധികാരികമായി വിന്‍ഡീസ് കീഴടക്കിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരങ്ങളാണ് ഹൂപ്പറും ലാറയും.

ജോഷ് ഹെയ്‌സല്‍വുഡിന്റെ പ്രതിരോധം ഭേദിച്ച് ഷമാർ ജോസഫ് സ്റ്റമ്പുകള്‍ തെറിപ്പിക്കുമ്പോള്‍ കമന്റി ബോക്സിലിരുന്ന ലാറ പറഞ്ഞ വാക്കുകളും പ്രസക്തമാണ്, ''This is unbelievable, young inexperience, written off, this West Indies team, they can stand tall today, this day is big for West Indies Cricket,'' ലാറ പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിന്റെ ചിലന്തിവലയില്‍ കുടുങ്ങി വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയായിരുന്നു വിന്‍ഡീസ് ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മുന്നോട്ട് പോയത്. ബോർഡുമായുള്ള മുതിർന്ന താരങ്ങളുടെ അകല്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ക്രിക്കറ്റിന്റെ തളർച്ചയ്ക്ക് കാരണമായി.

ട്വന്റി20 ലോകകപ്പുകള്‍ മാത്രമാണ് വിന്‍ഡീസിന് ആശ്വസിക്കാനുള്ള വക നല്‍കിയത്. ഏകദിനത്തിലും ടെസ്റ്റിലും പരിചയസമ്പന്നരല്ലാത്ത താരങ്ങളാല്‍ സമ്പന്നമായ ടീം വിദേശത്തും സ്വന്തം മൈതാനങ്ങളിലും വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നു. തിരിച്ചടികള്‍ക്കിടയിലും പ്രതാപകാലത്തെ പൊടി തട്ടിയെടുക്കാന്‍ പോന്നതാണ് ഷമാർ ജോസഫിന്റെ പ്രകടനം. അത് കേവലം ഏഴ് വിക്കറ്റ് നേട്ടംകൊണ്ട് മാത്രമല്ല, ഷമാർ വന്ന വഴിയും നടത്തിയ പോരാട്ടവും പോലും പഴയകാല വിന്‍ഡീസ് നിരയെ ഓർമിപ്പിക്കുന്നതാണ്, പരുക്കിനും എതിരാളികള്‍ക്കും കീഴ്പ്പെടുത്താനാകാത്ത വിന്‍ഡീസ് നിരയെ.

ഗാബയില്‍ വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സിന്റെ 73-ാം ഓവറിലെ മൂന്നാം പന്ത്. മിച്ചല്‍ സ്റ്റാർക്കിന്റെ അളന്നുമുറിച്ചുള്ള യോർക്കർ ഷമാർ ജോസഫിന്റെ ഇടതുകാലിന്റെ വിരലിലാണ് പതിച്ചത്. വേദനകൊണ്ട് പുളഞ്ഞ ഷമാർ ടീം ഫിസിയോയുടേയും സഹതാരത്തിന്റേയും സഹായത്താലാണ് കളം വിട്ടത്. 216 റണ്‍സ് വിജയലക്ഷ്യം മാത്രമുയർത്തിയ വിന്‍ഡീസിന് ഷമാറിന്റെ അഭാവം ചിന്തിക്കാനാകുന്നതിലും മുകളിലായിരുന്നു. വേദനസംഹാരികളുടെ ബലത്തില്‍ ഷമാർ കളത്തിലെത്തി. ഓസ്ട്രേലിയ 93-2 എന്ന നിലയിലായിരുന്നു, വിജയം 123 റണ്‍സ് അകലെയും.

ഗ്രീനിന്റെ ബാറ്റിന്റെ ചൂടറിഞ്ഞുകൊണ്ടായിരുന്നു ഷമാറിന്റെ തുടക്കം. തന്റെ രണ്ടാം ഓവറില്‍ ഗ്രീനിനെ ബൗള്‍ഡാക്കി ഷമാർ തുടക്കമിട്ടു. ഗ്രീനിന്റെ പ്രതിരോധ തന്ത്രം പിഴയ്ക്കുകയും കൈമുട്ടിലിടിച്ച് പന്ത് സ്റ്റമ്പില്‍ പതിക്കുകയുമായിരുന്നു. വലം കയ്യന്‍ പേസർ അഞ്ചാം ഓവറിലേക്ക് കടന്നപ്പോള്‍ 136-6 എന്ന സ്കോറിലേക്ക് ഓസീസ് വീണു. ഗ്രീനിന് പുറമെ ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാർഷ് (10), അലക്സ് ക്യാരി (2) എന്നിവരാണ് തുടരെ കൂടാരം കയറിയത്.

സ്റ്റാർക്കിനേയും കമ്മിന്‍സിനേയും ഹെയ്സല്‍വുഡിനേയും മടക്കി, സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തേയും ഓസ്ട്രേലിയയേയും ഒറ്റയ്ക്ക് തോല്‍പ്പിച്ച് ഷമാർ ഗാബ കീഴടക്കി. മണിക്കൂറില്‍ 150 കിലോമിറ്ററിനടുത്ത് വേഗതയില്‍ പന്തെറിഞ്ഞായിരുന്നു മിക്ക വിക്കറ്റുകളും ഷമാർ പിഴുതത്. ഓസ്ട്രേലിയ സ്വന്തം മരുന്ന് എതിരാളികളില്‍ നിന്ന് ഒരിക്കല്‍ക്കൂടി രുചിച്ചെന്ന് പറയാം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം