CRICKET

ഷമിയും സ്പിന്നര്‍മാരും എറിഞ്ഞൊതുക്കി; ഓസീസ് 263-ന് പുറത്ത്

നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്.

വെബ് ഡെസ്ക്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 263-ല്‍ അവസാനിച്ചു. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്നാരംഭിച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒരു ദിനം പൂര്‍ണമായും പിടിച്ചുനില്‍ക്കാനാകാതെ കൂടാരം കയറുകയായിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഉസ്മാന്‍ ക്വാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് സന്ദര്‍ശകരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

ഇവര്‍ക്കു പുറമേ 33 റണ്‍സ് നേടിയ നായകന്‍ പാറ്റ് കമ്മിന്‍സിനു മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(15), മധ്യനിര താരങ്ങളായ മാര്‍നസ് ലബുഷെയ്ന്‍(18), സ്റ്റീവന്‍ സ്മിത്ത്(0), ട്രാവിസ് ഹെഡ്(12), അലക്‌സ് ക്യാരി(0), എന്നിവര്‍ നിരാശപ്പെടുത്തി.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സുമായി നായകന്‍ രോഹിത് ശര്‍മയും നാലു റണ്‍സുമായി ഓപ്പണര്‍ കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ പിന്തുണ നല്‍കുന്ന പിച്ചില്‍ ടോസ് നേടിയ ഓസീസ് നായകന്‍ കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ന്യായീകരിക്കുന്ന തരത്തിലായിരുന്നു ഓസീസ് ഓപ്പണര്‍മാരുടെ തുടക്കം. വാര്‍ണറും ക്വാജയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ പതറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.

എന്നാല്‍ ടീം സ്‌കോര്‍ 50-ല്‍ നില്‍ക്കെ വാര്‍ണറിനെ പുറത്താക്കി ഷമി നല്‍കിയ ബ്രേക്ക്ത്രൂ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് ലബുഷെയ്‌നും ക്വാജയും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അശ്വിനെ പന്തേല്‍പിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രം വിജയം കണ്ടു.

ഒരേ ഓവറില്‍ ലബുഷെയ്‌നെയും സ്മിത്തിനെയും മടക്കിയയച്ച അശ്വിന്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. അധികം വൈകാതെ ഹെഡിനെ വീഴ്ത്തി ജഡേജയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയാതോടെ ഓസീസ് നാലിന് 108 എന്ന നിലയിലേക്കു വീണു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്വാജ-ഹാന്‍ഡ്‌സ്‌കോംപ് സംഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കംഗാരുപ്പടയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യക്കു ഭീഷണിയായി വളര്‍ന്ന ഈ കൂട്ടുകെട്ടു പൊളിക്കാന്‍ ഒടുവില്‍ ജഡേജ വേണ്ടി വന്നു.

125 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 81 റണ്‍സ് നേടിയ ക്വാജയെ കെ.എല്‍. രാഹുലിന്റെ കൈകളില്‍ എത്തിച്ചു ജഡേജടീമിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. തൊട്ടുപിന്നാലെ അലക്‌സ് ക്യാരിയെ അശ്വിന്‍ വീഴ്ത്തിയതോടെ ഓസീസ് വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്നു തോന്നിച്ചെങ്കിലും ഹാന്‍ഡ്‌സ്‌കോംപ്-കമ്മിന്‍സ് സഖ്യം രക്ഷയ്‌ക്കെത്തി.

ഒരറ്റത്തു പിടിച്ചു നിന്ന ഹാന്‍ഡ്‌സ്‌കോംപിനെ സാക്ഷിനിര്‍ത്തി നായകന്‍ കമ്മിന്‍സ് പ്രത്യാക്രമണം നടത്തിയപ്പോള്‍ ഓസീസ് അനായാസം 200 കടന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 33 റണ്‍സ് നേടിയ കമ്മിന്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ജഡേജയാണ് വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

കമ്മിന്‍സിനു പകരം പിന്നീട് എത്തിയവര്‍ക്കാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ലെങ്കിലും കീഴടങ്ങാന്‍ കൂട്ടാക്കാതെ നിന്ന ഹാന്‍ഡ്‌സ്‌കോംപ് ഒറ്റയാന്‍ പോരാട്ടത്തിലൂടെ ടീമിനെ 250 കടത്തുകയായിരുന്നു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 142 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 72 റണ്‍സുമായി ഹാന്‍ഡ്‌സ്‌കോംപ് പുറത്താകാതെ നിന്നു.

നാലു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. നാഗ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. ആ മത്സരം കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. മധ്യനിര താരം സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ് അയ്യര്‍ മടങ്ങിയെത്തി. അതേസമയം ആദ്യ മത്സരത്തിലെ ഇലവനില്‍ നിന്ന് രണ്ടു മാറ്റവുമായാണ് ഓസീസ് ഇറങ്ങിയത്. മാറ്റ് റെന്‍ഷോയ്ക്കു പകരം ട്രാവിസ് ഹെഡും സ്‌കോട്ട് ബോളണ്ടിനു പകരം മാത്യൂ ക്യുഞ്ഞിമനും ഇടംപിടിച്ചു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി