ഇന്ത്യന്‍ ബാറ്റർ ശ്രേയസ് അയ്യരിന്റെ ഐപിഎല്‍ പ്രതീക്ഷകള്‍ തുലാസില്‍. രഞ്ജി ട്രോഫി മത്സരത്തിനിടെ താരത്തിന് വീണ്ടും പരുക്കേറ്റതായാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ താരമായ ശ്രേയസ് വിദർഭയ്ക്കെതിരായ ഫൈനലിന്റെ രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്സിന് പിന്നാലെയാണ് താരത്തിന് വീണ്ടും പുറം വേദന അനുഭവപ്പെട്ടത്.
111 പന്തുകള്‍ നീണ്ട ഇന്നിങ്സില്‍ പുറംവേദനയെ തുടർന്ന് ശ്രേയസ് രണ്ട് തവണ ടീം ഫിസിയോയുടെ സഹായം തേടിയിരുന്നു. പിന്നീട് നാലാം ദിനം താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. സ്കാനിങ്ങിനായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം സമാന പരുക്കിനാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതോടെ ഐപിഎല്ലിന്റെ ആദ്യ ഘട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) താരമായ ശ്രേയസിന് നഷ്ടമാകാനുള്ള സാധ്യതകളാണ് കാണുന്നത്. ഐപിഎല്‍ ആരംഭിക്കാന്‍ കേവലം ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പരുക്കിന്റെ ആശങ്ക. മാർച്ച് 22നാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. കെകെആറിന്റെ ആദ്യ മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി മാർച്ച് 23നാണ്.
'പരുക്ക് അത്ര നിസാരമല്ല. നേരത്തെ പുറത്തിനേറ്റ പരുക്ക് ഗുരുതരമായിരിക്കുകയാണ്. ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിലെ മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകാനാണ് സാധ്യത', അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പുറം വേദനയെ തുടർന്ന് രഞ്ജിയിലെ രണ്ട് മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമായിരുന്നു. പരുക്ക് വീണ്ടും തന്നെ ബാധിച്ചിരിക്കുകയാണെന്ന് ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ ശ്രേയസ് അറിയിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശോധനയില്‍ പരുക്കുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ ശ്രേയസിനെ കരാറില്‍ നിന്ന് ബിസിസിഐ പുറത്താക്കുകയും ചെയ്തു.