ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യ-പാക് ആവേശപ്പോരിന് മുമ്പ് പാക് നായകനെ പ്രശംസിച്ച് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ബാബര്‍ അസം ഒരു ലോകോത്തര ബാറ്ററാണെന്നും ഇന്ത്യന്‍ ടീം അദ്ദേഹത്തെ ആദരവോടെയാണ് കാണുന്നത് എന്നുമായിരുന്നു ഗില്ലിന്റെ വാക്കുകള്‍.
ബാബറിനെ പോലുള്ള പാകിസ്താന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങളെ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ശുഭ്മാനിന്റെ മറുപടി. ''ബാബറിൻ്റെ മാതൃകയെ പിന്തുടരാറുണ്ട്. ഒരു താരം നന്നായി കളിക്കുമ്പോള്‍, എല്ലാവരും അവന്‍ എങ്ങനെയാണ് ഇത്രയും നന്നായി ചെയ്യുന്നത്, അവരുടെ പ്രത്യേകത എന്താണ് എന്നറിയുന്നതിനായി അവരെ ശ്രദ്ധിക്കുന്നതായിരിക്കും. അത് തന്നെയാണ് ബാബറിന്റെ കാര്യത്തിലും ഉള്ളത്. അദ്ദേഹമൊരു ലോകോത്തര താരമാണ്. ഞങ്ങള്‍ അദ്ദേഹത്തെ വളരെ ആദരവോടെയാണ് കാണുന്നത്''- എന്നായിരുന്നു ഗില്ലിന്റെ പ്രതികരണം.
അടുത്ത മത്സരത്തില്‍ പാകിസ്താന് എതിരെയുള്ള ഇന്ത്യയുടെ നീക്കം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് മുമ്പത്തേത് പോലെ തന്നെയായിരിക്കും എന്നതായിരുന്നു ഗില്ലിന്റെ മറുപടി. പാകിസ്താനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓഡേഴ്‌സിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല. എന്നാല്‍ 260 റണ്‍സിനടുത്ത് നേടാന്‍ സാധിച്ചു. അത്തരം ഒരു വിക്കറ്റില്‍ 310-320 റണ്‍സ് വരെ നേടാന്‍ ശ്രമിച്ചെന്നും ഇത് നല്ല സൂചനയായി കാണുന്നതായും ശുഭ്മാന്‍ പറയുന്നു.
സെപ്റ്റംബര്‍ 2ന് ശ്രീലങ്കയിലെ പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഏറ്റ് മുട്ടിയിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 267 റണ്‍സ് എന്ന വിജയലക്ഷ്യം തേടി കളത്തിലിറങ്ങാന്‍ പാകിസ്താന് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സിന്റെ ഇടവേളയ്ക്കു ശേഷം മഴ ശക്തമാകുകയായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും മഴ ശമിക്കാഞ്ഞതിനേത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും (87) ഇഷാന്‍ കിഷന്‍ (82) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.