CRICKET

പൊന്നുംവിലയ്ക്ക് സ്മൃതി ബംഗളുരുവില്‍; ഇന്ത്യന്‍ നായികയെയും സ്വന്തമാക്കി മുംബൈ

ഇതുവരെ 10 റൗണ്ട് ലേലമാണ് കഴിഞ്ഞത്. 34 താരങ്ങളെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. അതില്‍ 15 പേര്‍ വിദേശ താരങ്ങളാണ്. 3.4 കോടി നേടിയ സ്മൃത മന്ദാനയാണ് വിലയേറിയ താരം.

വെബ് ഡെസ്ക്

പ്രഥമ വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ സൂപ്പര്‍ താരവും ഉപനായികയുമായ സ്മൃതി മന്ദാന. ഇന്നു മുംബൈയില്‍ നടന്ന താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 3.4 കോടി രൂപയ്ക്ക് സ്മൃതിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് സ്വന്തമാക്കിയത്.

മാര്‍ക്വീ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്നു സ്മൃതിക്ക് 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ആര്‍.സി.ബിയും മുംബൈ ഇന്ത്യന്‍സുമായിരുന്നു ഇന്ത്യന്‍ ഉപനായികയയ്ക്കായി തുടക്കം മുതലേ മത്സരിച്ചത്. 3.2 കോടി രൂപവരെ മുംബൈ സ്മൃതിക്കായി ഉയര്‍ത്തിയെങ്കിലും ഒടുവില്‍ 3.4 കോടിക്ക് ആര്‍.സി.ബി. സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ ഉപനായികയെ നഷ്ടമായതിന്റെ നിരാശ പക്ഷേ ഇന്ത്യന്‍ നായികയെത്തന്നെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് മായിക്കുകയും ചെയ്തു. 1.8 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത്. മാര്‍ക്വീ പട്ടികയിലുണ്ടായിരുന്നു ഹര്‍മന്‍പ്രീതിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് തുടക്കത്തില്‍ മുംബൈയോട് മത്സരിച്ചത്.

അടിസ്ഥാന വിലയുടെ ഇരട്ടിയായ ഒരു കോടി വരെ ബാഗ്ലൂര്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ് 1.40 കോടി വരെ ലേലത്തുക ഉയര്‍ത്തിയെങ്കിലും 1.60 കോടി വിലപറഞ്ഞ് മുംബൈ മുന്നിലെത്തി. ഇതിനിടെ 1.70 കോടി രൂപ വിലപറഞ്ഞ് യു.പി. വാരിയേഴ്‌സ് രംഗത്തു വന്നെങ്കിലും ഒടുവില്‍ 1.80 കോടിക്ക് ഹര്‍മന്‍പ്രീതിനെ മുംബൈ സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുരുഷ-വനിതാ ടീം ക്യാപ്റ്റന്മാര്‍ രണ്ടുപേരും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി. മുംബൈയുടെ പുരുഷ ടീമിനെ നയിക്കുന്നത് ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് ടീം നായകനായ രോഹിത് ശര്‍മായാണ്.

അതേസമയം ഇന്ത്യയുടെ യുവതാരങ്ങളായ ജമീമ റോഡ്രഗസിനെയും ഷെഫാലി വര്‍മയെയും ഒന്നിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. അടിസ്ഥാന വില 50 ലക്ഷമായിരുന്ന ജമീമയെ 2.20 കോടി രൂപയ്ക്കും ഷെഫാലിയെ രണ്ടു കോടി രൂപയ്ക്കുമാണ് ഡല്‍ഹി ഡഗ്ഗൗട്ടിലെത്തിച്ചത്.

സ്മൃതിക്കു പുറമേ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിച്ചാ ഘോഷിനെയും മീഡിയം പേസര്‍ രേണുക സിങ്ങിനെയും ആര്‍.സി.ബി. സ്വന്തമാക്കി. റിച്ചയ്ക്ക് 1.9 കോടി രൂപയും രേണുകയ്ക്ക് 1.5 കോടി രൂപയുമാണ് ബാംഗ്ലൂര്‍ ചിലവഴിച്ചത്.

ഹര്‍മന്‍ പ്രീതിനൊപ്പം ഇന്ത്യന്‍ താരങ്ങളായ യസ്തിക ഭാട്യ, പൂജാ വസ്ത്രകാര്‍ എന്നിവരും മുംബൈയുടെ പാളയത്തിലെത്തി. യസ്തികയ്ക്ക് 1.5 കോടി രൂപയും പൂജയ്ക്ക് 1.9 കോടി രൂപയുമാണ് മുംബൈ ചിലവഴിച്ചത്.

വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഇംഗ്ലണ്ട് താരം നാറ്റ് സ്‌കീവറും ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ഗാര്‍ഡ്‌നറുമാണ്. 3.2 കോടി രൂപയ്ക്കാണ് ഇവര്‍ വിറ്റുപോയത്. ഇതോടെ ഏറ്റവും വിലയേറിയ വിദേശ താരങ്ങള്‍ എന്ന ബഹുമതിയും ഇവര്‍ക്കു ലഭിച്ചു. നാറ്റ് സ്‌കീവറിനെ മുംബൈ ഇന്ത്യന്‍സും ആഷ്‌ലി ഗാര്‍ഡ്‌നറിനെ ഗുജറാത്ത് ജയന്റ്‌സുമാണ് സ്വന്തമാക്കിയത്.

എല്ലിസ് പെറി(1.7 കോടി, ആര്‍.സി.ബി), മെഗ് ലാന്നിങ്(1.10 കോടി, ഡല്‍ഹി ക്യാപിറ്റല്‍സ്), ബേത്ത് മൂണി(2 കോടി, ഗുജറാത്ത് ലയണ്‍സ്), ടാലിയ മക്ഗ്രാത്ത്(1.4 കോടി, യു.പി. വാരിയേഴ്‌സ്) എന്നിവരാണ് ലേലത്തില്‍ നേട്ടം കൊയ്ത മറ്റു വിദേശ താരങ്ങള്‍.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി