ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരംവയ്ക്കാനാവാത്ത താരം, സൗരവ് ചണ്ഡിദാസ് ഗാംഗുലി. എടുത്തുപറയാന്‍ ലോക കിരീടങ്ങളുടെ നീണ്ട പട്ടിക അയാള്‍ക്കില്ല. എങ്കിലും അയാളിന്നും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ കിരീടം വെയ്ക്കാത്ത രാജാവാണ്. പരിമിതികള്‍ ഏറെയുണ്ടായിരുന്നെങ്കിലും സച്ചിനും സെവാഗിനും ധോണിക്കും കോഹ്ലിക്കും മുകളിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. എന്തുകൊണ്ട് അങ്ങനെയെന്ന് ചോദിച്ചാല്‍, അതിന് ഒറ്റ ഉത്തരം മാത്രം. നിര്‍ഭയത്വം. അതാണ് ഗാംഗുലിയെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദാദയാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെയും ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിനെയും നയിക്കുന്ന ദാദയ്ക്ക് ഇന്ന് അമ്പതാം പിറന്നാള്‍.
1972 ജൂലൈ എട്ടിന് കൊല്‍ക്കത്തയിലെ ബെഹ്‌ലയിലായിരുന്നു ഗാംഗുലിയുടെ ജനനം. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന കൊല്‍ക്കത്തയില്‍ നിന്നാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് എത്തുന്നത്. രഞ്ജിയില്‍ ബംഗാളിനുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഗാംഗുലിയെ 1992ല്‍ ദേശീയ ഏകദിന ടീമിലെത്തിച്ചത്. പിന്നീടങ്ങോട്ട് അദ്ദേഹമൊരു വികാരമായി ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ കുടിയേറി. ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി, ഇന്ത്യന്‍ ടീമിന്‍റെ നായകനായി. വിട്ടുവീഴ്ചകളില്ലാത്ത, വീറും വാശിയുമൊക്കെ മനസിലെന്നപോലെ കളിക്കളത്തിലും പ്രകടിപ്പിക്കുന്ന കരുത്തുറ്റ നായകനായിരുന്നു ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മഹാരാജ, ദാദ എന്നിങ്ങനെ പേരുകളില്‍ അദ്ദേഹം വിളിക്കപ്പെട്ടു.
ലോര്‍ഡ്സിലെ ആവേശമുഹൂര്‍ത്തമായിരിക്കും ഗാംഗുലിയെന്ന നായകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക. ഒരു രാജ്യത്തെയാകെ ആവേശക്കടലിലാഴ്ത്തിയ നിമിഷം. നാറ്റ് വെറ്റ് ട്രോഫിയില്‍, ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ചെടുത്ത വേളയില്‍, ജഴ്‌സി ഊരി ചുഴറ്റി ഗാംഗുലി പ്രകടിപ്പിച്ച ആഘോഷം നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യ ഏറ്റെടുത്തു. വിട്ടുവീഴ്ചകള്‍ ഇഷ്ടപ്പെടാതിരുന്ന, അഹങ്കാരിയെന്ന് വിളിപ്പേര് സമ്പാദിച്ച ഗാംഗുലി അങ്ങനെ ആരാധകരുടെ മൊത്തം അഹങ്കാരമായി മാറി. തല കുനിക്കാതെ, അടിക്ക് തിരിച്ചടി എന്ന, എതിരാളികളുടെ മനോനില തകര്‍ക്കുന്ന ദാദയുടെ ആക്രമണോത്സുകത യുവാക്കള്‍ ഏറ്റെടുത്തു.
നിര്‍ണായക സമയങ്ങളില്‍ ബാറ്ററായും നായകനായും തിളങ്ങി. നായകനായി മികച്ച വിജയങ്ങള്‍ സമ്മാനിച്ചു. റാങ്കിങ്ങില്‍ എട്ടാമത് നിന്നൊരു രാജ്യത്തെ ലോകോത്തര ടീമെന്ന നിലയിലേക്കുയര്‍ത്തി.
സാങ്കേതികമായി പറയുമ്പോള്‍, ഗാംഗുലി മികച്ച ഒരു ബാറ്റര്‍ അല്ലായിരിക്കാം. എന്നാല്‍, സച്ചിനേയും, ദ്രാവിഡിനേയും തോളോട് ചേര്‍ത്തുനിര്‍ത്തി ആസ്‌ട്രേലിയയെ അടക്കം വിറപ്പിച്ചു നിര്‍ത്താന്‍ പോന്ന അവസ്ഥയിലേക്ക് ടീമിനെ ഒന്നടങ്കം വളര്‍ത്തിയ ആര്‍ജവം കാണാതിരിക്കാനാവില്ല. പലരും വീണുപോകുന്ന ഓഫ്സൈഡ് കുരുക്കുകളില്‍ അദ്ദേഹം സംഹാരതാണ്ഡവമാടി. അഴകാര്‍ന്ന ഷോട്ടുകള്‍ ആ ഇടംകൈ ബാറ്ററില്‍നിന്ന് പിറന്നു. നിര്‍ണായക സമയങ്ങളില്‍ ബാറ്ററായും നായകനായും തിളങ്ങി. നായകനായി മികച്ച വിജയങ്ങള്‍ സമ്മാനിച്ചു. റാങ്കിങ്ങില്‍ എട്ടാമത് നിന്നൊരു രാജ്യത്തെ ലോകോത്തര ടീമെന്ന നിലയിലേക്കുയര്‍ത്തി. 40ല്‍ താഴെ പോകാതെ ശരാശരി സൂക്ഷിച്ചുവെന്നതും, തുടക്കകാലത്ത് ഉയര്‍ന്ന ഏകദിന ക്രിക്കറ്റിന് അനുയോജ്യനല്ലെന്ന വിമര്‍ശനം തച്ചുടച്ച് സച്ചിനേക്കാള്‍ വേഗത്തില്‍ 9000 റണ്‍സ് നേടിയതും ദാദയുടെ കഴിവിന്‍റെ അടയാളപ്പെടുത്തലാണ്.
രാജ്യം ആദ്യമായി പിങ്ക് ടെസ്റ്റ് കളിച്ച ദിവസം, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങളെ മറന്ന് ജനം ദാദക്കുവേണ്ടി കൈയടിച്ചു.
നാലു വര്‍ഷങ്ങള്‍ക്കിടെ, മൂന്ന് ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച ഒരേയൊരു നായകന്‍. ആസ്‌ട്രേലിയന്‍ മണ്ണില്‍ ഏകദിന ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറിയും രണ്ടാം സെഞ്ച്വറിയും നേടിയ ഇന്ത്യക്കാരന്‍. കളിയില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ക്രിക്കറ്റ് ഭരണ യന്ത്രത്തെ തിരിക്കുന്ന മഹാരാജാവായി. രാജ്യം ആദ്യമായി പിങ്ക് ടെസ്റ്റ് കളിച്ച ദിവസം, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങളെ മറന്ന് ജനം ദാദക്കുവേണ്ടി കൈയടിച്ചു. ഹെല്‍മെറ്റിനുള്ളിലൂടെ കണ്ണു ചിമ്മിക്കൊണ്ടുള്ള നോട്ടം, പിന്നാലെ ക്രീസില്‍ നിന്നും പുറത്തേക്കിറങ്ങിയുള്ള ഷോട്ടുകള്‍, സമ്മര്‍ദം നിറഞ്ഞ നിമിഷങ്ങളില്‍ താന്‍ പോലുമറിയാതെയുള്ള നഖം കടി... എല്ലാം വിലപ്പെട്ട ഓര്‍മയാണ്.
ക്രിക്കറ്റ് മൈതാനത്ത് ഗാംഗുലി സമ്മാനിച്ച നിമിഷങ്ങള്‍ ഒട്ടേറെയാണ്. ലോര്‍ഡ്‌സിലെ അരങ്ങേറ്റ സെഞ്ചുറിയടക്കം, സഹാറ കപ്പിലെ തുടര്‍ച്ചയായ നാല് മാന്‍ ഓഫ് ദി മാച്ചുകള്‍, ഡാക്കയിലെ ഫൈനല്‍ എല്ലാം എടുത്തുപറയേണ്ടവ തന്നെ. സഹതാരങ്ങള്‍ ബാറ്റ് കൊണ്ട് ചരിത്രം രചിച്ചപ്പോള്‍ 'ഓഫ് സൈഡിലെ ദൈവം' ക്രിക്കറ്റിന്‍റെ പടിയിറങ്ങി. 2008ലെ നാഗ്പുര്‍ ടെസ്റ്റായിരുന്നു അവസാനം മത്സരം. പക്ഷേ, ഗാംഗുലിയുടെ സേവനം ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമായിരുന്നു. അതിന്‍റെ ഉദാഹരമാണ് അദ്ദേഹത്തിന്‍റെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം. അവിടെയും അദ്ദേഹം മഹാരാജാവായി വാഴുകയാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കിക്കൊണ്ട്.