CRICKET

'ഒത്തുകളിക്കാരന്‍ എന്ന് തുടർച്ചയായി എന്നെ വിളിച്ചു'; ഗംഭീറുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീശാന്ത്

വെബ് ഡെസ്ക്

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങള്‍ പങ്കെടുക്കുന്ന ലെജന്‍ഡ്‍സ് ലീഗ് ക്രിക്കറ്റിനിടെ (എല്‍എല്‍സി) ഗൗതം ഗംഭീറുമായുണ്ടായ വാക്കേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി എസ് ശ്രീശാന്ത്. കഴിഞ്ഞ ദിവസം സൂറത്തില്‍ വച്ച് നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ശ്രീശാന്തിന്റ ഓവറില്‍ ഗംഭീർ ബൗണ്ടറി നേടിയതിന് പിന്നാലെയാണ് തുടക്കം. ഗംഭീറിനെ ആദ്യം ശ്രീശാന്ത് തുറിച്ച് നോക്കുകയായിരുന്നു. പിന്നാലെ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടി. അമ്പയർമാരും സഹതാരങ്ങളും ഇടപെട്ടിട്ടും ഇരുവരേയും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് മൈതാനത്ത് വച്ച് നടന്നതെന്തെന്ന് ശ്രീശാന്ത് വിശദീകരിച്ചത്.

"ഞാന്‍ ഗംഭീറിന് നേരെ ഒരു മോശം വാക്ക് പോലും ഉപയോഗിച്ചില്ല. നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ചോദിക്കുകയും പരിഹാസത്തോടെ ചിരിക്കുകയുമാണ് ചെയ്തത്. അതിന് കാരണം, ഗംഭീർ എന്നെ തുടർച്ചയായി ഫിക്സർ എന്ന് വിളിച്ചതാണ്. അദ്ദേഹത്തെ തണുപ്പിക്കാന്‍ അമ്പയർമാർ ഇടപെട്ടെങ്കിലും ഫിക്സറെന്ന് വിളിക്കുന്നത് തുടർന്നു," ശ്രീശാന്ത് പറഞ്ഞു. ഫിക്സറിനൊപ്പം മോശം വാക്ക് ചേർത്താണ് വിളിച്ചതെന്നും ശ്രീശാന്ത് ആരോപിക്കുന്നു.

"സ്വന്തം സീനിയർ താരങ്ങളെ പോലും അദ്ദേഹം ബഹുമാനിക്കാറില്ല, വീരുഭായ് (വിരേന്ദർ സേവാഗ്) ഉള്‍പ്പെടെയുള്ളവരെ. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചതും. ഒരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹം എന്നെ അധിക്ഷേപിച്ചത്. മിസ്റ്റർ ഗൗതം ഗംഭീർ നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു," ശ്രീശാന്ത് പറഞ്ഞു.

"അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. എന്റെ കുടുംബം, സംസ്ഥാനം, എല്ലാവരും ഒരുപാട് അനുഭവിച്ചു. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെയാണ് ഞാന്‍ പോരാടിയത്. ഇപ്പോള്‍ ഒരു കാരണവുമില്ലാതെയാണ് എന്നെ തളർത്താന്‍ ശ്രമിക്കുന്നത്," ശ്രീശാന്ത് കൂട്ടിച്ചേർത്തു.

2013-ല്‍ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ഒത്തുകളി വിവാദത്തെ തുടർന്ന് ശ്രീശാന്ത് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വിലക്കിന് ശേഷം 2021-ലാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങി വന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും