ടി20 ലോകകപ്പില്‍ രണ്ട് തുടര്‍വിജയങ്ങള്‍ക്കൊപ്പം സൂപ്പര്‍ 12ല്‍ സ്ഥാനം ഉറപ്പിച്ച് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നമീബിയയില്‍നിന്ന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക തുടര്‍ന്നുള്ള മത്സരങ്ങളില്‍ യുഎഇയെയും നെതര്‍ലന്‍ഡ്സിനെയും പരാജയപ്പെടുത്തിയാണ് ഗ്രൂപ്പില്‍നിന്ന് സൂപ്പര്‍ 12ല്‍ എത്തുന്ന ആദ്യ ടീമായത്. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ16 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.
മെന്‍ഡിസ് 44 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്തു
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസും മധ്യനിരയില്‍ അടിച്ചുകളിച്ച അസലങ്കയുമാണ് ശ്രീലങ്കയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. മെന്‍ഡിസ് 44 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്തു. അസലങ്ക 30 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 31 റണ്‍സെടുത്തു. ലങ്കന്‍ നിരയില്‍ നിസങ്ക (14), ഭനുക രജപക്‌സെ (19) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ധനഞ്ജയ് ഡിസില്‍വ (പൂജ്യം), ശനക (8), ഹസരങ്ക (പുറത്താകാതെ 5), കരുണരത്‌നെ (പുറത്താകാതെ 2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
ഓപ്പണറായി ഇറങ്ങിയ മാക്സ് ഡൗഡ് മാത്രമാണ് അവസാനം വരെ പൊരുതിയത്
163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നെതര്‍ലന്‍ഡ്‌സിന് ബാറ്റിങ്ങില്‍ താളം കണ്ടെത്താനായില്ല. ഓപ്പണറായി ഇറങ്ങിയ മാക്സ് ഡൗഡ് മാത്രമാണ് അവസാനം വരെ പൊരുതിയത്. 53 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 71 റണ്‍സെടുത്ത ഡൗഡ് പുറത്താകാതെ നിന്നു. അതേസമയം, മികച്ച ബാറ്റിങ് കൂട്ടുകെട്ട് കണ്ടെത്തുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടു. സ്‌കോട്ട് എഡ്വാര്‍ഡ് (21), ടോം കൂപ്പര്‍ (16), ബാസ് ഡി ലീഡ് (14) എന്നിവര്‍ക്ക് സ്കോറിങ്ങില്‍ താളം കണ്ടെത്താനായില്ല. ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സിന് സ്‌കോര്‍ 146 വരെ എത്തിക്കാനേ കഴിഞ്ഞുള്ളൂ. വനിന്ദു ഹസരങ്ക നെതര്‍ലന്‍ഡ്‌സിന്റെ മൂന്ന് വിക്കറ്റുകള്‍ തെറുപ്പിച്ചു. മഹേഷ് തീക്ഷണ രണ്ട് വിക്കറ്റും വീഴ്ത്തി. ലഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.