അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ്. അഞ്ചാമത്തെ ആഷസ് ടെസ്റ്റ് അവസാന മത്സരമായിരിക്കുമെന്ന് സ്റ്റുവർട്ട് ബ്രോഡ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ മികച്ച പേസർമാരിൽ ഒരാളാണ് സ്റ്റുവർട്ട് ബ്രോഡ്. അറുനൂറിലധികം വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളറും നാലാമത്തെ ബൗളറുമാണ് സ്റ്റുവർട്ട് ബ്രോഡ്. സ്റ്റുവർട്ടിന്റെ പതിനേഴു വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ അവസാനമാകുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും ഇതാണ് ശരിയായ സമയമായി തോന്നിയതെന്നും ബ്രോഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുമായിട്ടുള്ള മത്സരങ്ങൾ ആസ്വദിച്ചിരുന്നുവെന്ന് പറഞ്ഞ താരം ആഷസിനോട് പ്രത്യേക ഒരു പ്രണയമായിരുന്നുവെന്നും പരാമർശിച്ചു. അതുകൊണ്ട് തന്നെ ആഷസിൽ വച്ച് തന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനായി 167 ടെസ്റ്റ് മത്സരങ്ങളും 121 ഏകദിനങ്ങളും 56 ടി20 മത്സരങ്ങളും ബ്രോഡ് കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി ആകെ 845 വിക്കറ്റുകളാണ് ഈ 37കാരനുള്ളത്. 2006 ആഗസ്ത് 28ന് പാകിസ്താനെതിരെ നടന്ന ടി20 മത്സരത്തിലൂടെയായിരുന്നു ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2007 ഡിസംബർ 9 ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം ടെസ്റ്റ് കരിയർ ആരംഭിച്ചത്.
2006 നും 2014 നും ഇടയിൽ 56 ടി20 മത്സരങ്ങളാണ് ബ്രോഡ് കളിച്ചത്. പിന്നീട് 2006 നും 2016 നും ഇടയിൽ 121 ഏകദിനങ്ങളിൽ നിന്നായി 65 വിക്കറ്റുകളാണ് ബ്രോഡ് നേടിയത്. 2010ൽ ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടിയപ്പോൾ ടീമിൽ അംഗമായിരുന്നു. എങ്കിലും ബ്രോഡ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ്. അന്താരാഷ്ട്ര കരിയറിൽ ആകെ 845 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇംഗ്ലണ്ട് താരമാണ് ബ്രോഡ്. താരത്തിന്റെ കടുത്ത പോരാട്ട സ്വഭാവം പലപ്പോഴും ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ ഒന്നാം നമ്പർ ശത്രുവായി ബ്രോഡിനെ മാറ്റിയിട്ടുണ്ട്.