വെസ്റ്റ് ഇൻഡീസിൽ ജൂലൈയിൽ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചേതേശ്വർ പൂജാരയെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ടീമിൽ നിന്ന് പൂജാരയെ മാത്രം ഒഴിവാക്കിയതിനാണ് സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഗാവസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റു കളിക്കാരുടെ പരാജയം മറച്ചു വയ്ക്കാനാണ് പൂജാരയെ ബലിയാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് പൂജാരയെ ഒഴിവാക്കിയതെന്ന ചോദ്യമുന്നയിച്ച ഗാവസ്‌കര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തനായ കളിക്കാരനായിരുന്നു പൂജാരയെന്നും വ്യക്തമാക്കി. "ഇന്ത്യൻ ടീമിൽ നിന്ന് പൂജാരയെ പോലെയൊരു കളിക്കാരനെ മാറ്റിയാലും ആരും ചോദ്യമുന്നയിക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കിയാണ് ഈ ഒഴിവാക്കൽ. കാരണം അദ്ദേഹത്തിന് ലക്ഷകണക്കിന് ആരാധകർ ഇല്ലല്ലോ. ഇത്തരത്തിൽ അവനെ വീഴ്ത്തിക്കൊണ്ട് പരാജയം സൃഷ്‌ടിച്ച മറ്റുള്ള അംഗങ്ങളെ എന്തിനാണ് ടീമിൽ ചേർത്ത് നിർത്തുന്നത് ?" ഗാവസ്‌കര്‍ പറഞ്ഞു.
കളിക്കാർക്ക് 40 വയസ് വരെ തുടരാമെന്നും അതിന് പ്രായം ഒരു തടസമാണെന്ന് വിചാരിക്കുന്നില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. അതിനാൽ പൂജാരയെ ഒഴിവാക്കാനുണ്ടായ സാഹചര്യം സെലക്ടർമാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡബ്ല്യുടിസി ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ പൂജാര മാത്രമല്ല മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും അജിങ്ക്യ രഹാനെ മാത്രമാണ് 50 റൺസിന് മുകളിൽ സ്കോർ ചെയ്തതെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ടെസ്റ്റ് ടീമിൽ നിന്നും പൂജാരയെ ഒഴിവാക്കി യശസ്വി ജയ്‌സ്വാളിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.