ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്നു നടന്ന അവസാന സൂപ്പര്‍ 12 മത്സരത്തില്‍ ദുര്‍ബലരായ സിംബാബ്‌വെയെ 87 റണ്‍സിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്.
മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 115 റണ്‍സിന് പുറത്താകുകയായിരുന്നു.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. വെറും 25 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 61 റണ്‍സുമായി സൂര്യ അപരാജിതനായി നിന്നു.
സൂര്യയ്ക്കു പുറമേ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവന നല്‍കി. 35 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറുകളും സിക്‌സറുകളും സഹിതം 51 റണ്‍സാണ് രാഹുല്‍ നേടിയത്. 25 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലി, 18 പന്തുകളില്‍ നിന്ന് 18 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, 13 പന്തുകളില്‍ നിന്ന് 15 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. 22 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 35 റണ്‍സ് നേടിയ റയാന്‍ ബേളിനും 24 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 34 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയ്ക്കും മാത്രമാണ് സിംബാബ്‌വെ നിരയില്‍ പിടിച്ചു നില്‍ക്കാനായത്.
ഇന്ത്യക്കു വേണ്ടി നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി അശ്വിനു മികച്ച പിന്തുണ നല്‍കി.
വിശ്രമദിനമായ നാളേയ്ക്കു ശേഷം ഒമ്പതിനാണ് സെമി പോരാട്ടങ്ങള്‍ അരങ്ങേറുക. സിഡ്‌നിയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ 10-ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഡ്‌ലെയ്ഡിലാണ് ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 മുതലാണ് ഇരു മത്സരങ്ങളും ആരംഭിക്കുന്നത്. 13-ന് ഉച്ചയ്ക്ക് 1:30-ന് മെല്‍ബണിലാണ് ഫൈനല്‍.