സൂര്യകുമാര്‍ യാദവ്. 
CRICKET

സൂര്യകുമാര്‍ യാദവ്; മധ്യനിരയില്‍ ഇന്ത്യ കാത്തിരുന്ന വിജയസൂര്യന്‍

രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് സൂര്യകുമാര്‍ യാദവ്. വരുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ മധ്യനിര സൂര്യയുടെ ബാറ്റിലാണ് കേന്ദ്രീകരിക്കുക.

ആദര്‍ശ് ജയമോഹന്‍

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞില്ല എന്നതിലുപരി സൂര്യകുമാര്‍ യാദവിന്റെ പോരാട്ടം പാഴായി എന്ന സങ്കടമാകും നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം ടി20യുടെ മത്സരഫലം ഇന്ത്യന്‍ ആരാധകര്‍ക്കു നല്‍കിയിരിക്കുക.

ടീം തോറ്റെങ്കിലും ആതിഥേയ ആരാധകരുടെ ഉള്‍പ്പടെ കൈയടി പിടിച്ചുവാങ്ങിയ ഒറ്റയാള്‍ പോരാട്ടമാണ് ട്രെന്റ്ബ്രിഡ്ജില്‍ സൂര്യകുമാര്‍ കാഴ്ചവച്ചത്. ബൗളിങ് പിഴച്ച് കൂറ്റന്‍ സ്‌കോര്‍ വഴങ്ങിയ ശേഷം ബാറ്റിങ്ങിലും തകര്‍ച്ച നേരിട്ട് കനത്ത പരാജയത്തിലേക്കു നീങ്ങിയ ഇന്ത്യയെ തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തരാക്കിയത് സൂര്യയുടെ മാസ്മരിക പ്രകടനമായിരുന്നു.

55 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും ആറു സിക്‌സറുകളും സഹിതം 117 റണ്‍സ്... സൂര്യയുടെ ഇന്നിങ്‌സിനെ ഇങ്ങനെ വിശേഷിപ്പിച്ചു കടന്നുപോയാല്‍ അത് അനീതിയാകും. കാരണം അത്രകണ്ട് അവിശ്വസനീയമായിരുന്നു ആ ഇന്നിങ്‌സ്.

ജയിക്കാന്‍ വേണ്ട റണ്‍നിരക്ക് 15-നും മേലെ ഉയര്‍ന്ന സാഹചര്യത്തില്‍ കൂട്ടുനില്‍ക്കാന്‍ മികച്ച ബാറ്റിങ് പങ്കാളി പോലും ഇല്ലാതിരുന്നപ്പോഴാണ് സൂര്യ നെഞ്ചുംവിരിച്ചു നിന്ന് ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചത്. എന്തൊക്കെയായിരുന്നു സൂര്യകുമാര്‍ കാട്ടിക്കൂട്ടിയതെന്നു പറയുക പ്രയാസകരം തന്നെ. ഒരുവേള 'മുംബൈ സ്‌കൂളില്‍' നിന്നുള്ള താരം തന്നെയാണോ ഇതെന്നു പോലും ആരാധകര്‍ അമ്പരന്നിരിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പവര്‍ഹൗസായ മുംബൈ ക്രിക്കറ്റിന് ഒരു ചാരുതയുണ്ട്. മനോഹരമായ കോപ്പിബുക്ക് ശൈലിയിലുള്ള ഷോട്ടുകളുടെ കമനീയ ശേഖരമാകും അവിടെ നിന്നുള്ള ബാറ്റര്‍മാര്‍ ഫോമിലായാല്‍ കാണാന്‍ കഴിയുക.

എന്നാല്‍ ഇന്നലെ സൂര്യയുടെ ബാറ്റില്‍ നിന്ന് അതും അതിലുപരി മറ്റു പല ഷോട്ടുകളും പിറന്നു. 215 എന്ന ടി20യില്‍ ഒട്ടും അനായാസമല്ലാത്ത ടോട്ടല്‍ ചേസ് ചെയ്യുമ്പോള്‍ പഠിച്ച പാഠത്തിനു പുറത്തുനിന്നുള്ള കളിയും പുറത്തെടുക്കേണ്ടി വരുമെന്നു സൂര്യയ്ക്ക് നന്നായി അറിയാമായിരുന്നു.

റിച്ചാര്‍ഡ് ഗ്ലീസനെതിരേ 14-ാം ഓവറിന്റെ രണ്ടാം പന്തില്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെ നേടിയ സിക്‌സര്‍ തന്നെ ഉദാഹരണം. ബാറ്റിന്റെ മുഖം തുറന്ന് കൈക്കുഴ തിരിച്ചൊരു പ്രയോഗം. മിസ്ഹിറ്റ് പോലെയാണ് തോന്നിച്ചത്. അതും ഗ്രൗണ്ടിന്റെ നീളം കൂടിയ എക്‌സ്ട്രാ കവറിലേക്ക്. ഔട്ട് എന്ന് പറയാന്‍ തുടങ്ങുകയായിരുന്ന കമന്റേറ്റര്‍മാര്‍ ജീനിയസ് എന്ന് തിരുത്തിപ്പറഞ്ഞു.

അതുപോലെ എത്രയെത്ര ഷോട്ടുകള്‍. തോല്‍വി തുറിച്ചു നോക്കുമ്പോഴും സൂര്യയുടെ ആറ്റിറ്റിയൂഡ് ആണ് ഏറെ ശ്രദ്ധേയമായത്. താന്‍ ഔട്ടാവില്ലെന്നും അവസാന പന്തുവരെ നിന്നാല്‍ വിജയം പിടിച്ചെടുക്കുമെന്നും ആവര്‍ത്തിച്ചുറപ്പിച്ചതു പോലെ. ചൂയിംഗ് ഗം ചവച്ച് ആരെയും കൂസാത്ത നില്‍പ്പ് കണ്ടാല്‍ തന്നെ എതിരാളികള്‍ പരിഭ്രാന്തരാകുമെന്നു തീര്‍ച്ച.

ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുത്തിട്ടും വര്‍ഷങ്ങളോളം കാത്തിരുന്നു ഒടുവില്‍ ദേശീയ ടീമിന്റെ ഭാഗമായ ആദ്യ കളിയില്‍ തന്നെ ആര്‍ച്ചര്‍ എന്ന ഇംഗ്ലീഷ് പേസ് ബൗളറെ അതിമനോഹരമായി ഫൈന്‍ ലെഗിനു മുകളിലൂടെ ഫ്‌ളിക്ക് ചെയ്ത് സിക്‌സ് നേടികൊണ്ടാണ് സൂര്യ രാജ്യാന്തര തലത്തില്‍ അരങ്ങേറിയത്.

19 മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്. അതില്‍ 38.35 ശരാശരിയില്‍ 537 റണ്‍സാണ് സമ്പാദ്യം. എന്നാല്‍ അതിലുപരി നിര്‍ണായക സമയത്ത് ടീമിനായി സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നുവെന്നതും 360 ഡിഗ്രിയില്‍ ബൗണ്ടറികള്‍ അടിക്കാനുള്ള കഴിവും വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ മിഡില്‍ ഓഡര്‍ ബാറ്ററായി അയാളെ മാറ്റിയിരിക്കുകയാണ്.

എല്ലാരും പരാജയപ്പെട്ടിടത്ത് അയാള്‍ക്ക് മാത്രം സാധിക്കുന്ന അണ്‍ ബിലീവബ്ള്‍ ഷോട്ടുകളുമായി വീണ്ടും വീണ്ടും സൂര്യ അവതരിക്കുമ്പോള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്കും ജീവന്‍ വെക്കുകയാണ്.

സൂര്യകുമാറിന് ചെയ്യാന്‍ ഒരുപാടുണ്ട്. പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനും മധ്യനിരയുടെ നെടുന്തൂണാകാനും സൂര്യയ്ക്കാകും. മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റ് വീണുകഴിഞ്ഞാല്‍ ചീട്ടുകൊട്ടാരം പോലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുന്ന കാഴ്ച നാം പല തവണ കണ്ടിട്ടുള്ളതാണ്.

ഇവിടെയാണ് സൂര്യയെപ്പോലൊരു താരം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുന്നത്. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ സൂര്യകുമാര്‍ ടീമിലുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഒരൊറ്റ ക്രിക്കറ്റ് പ്രേമി പോലും ഇന്നുണ്ടാകില്ലെന്നു തീര്‍ച്ചയാണ്.

ഇന്നലത്തെ പ്രകടനത്തോടെ ഒട്ടുമിക്ക ക്രിക്കറ്റ് അനലിസ്റ്റുകളുടെയും പഴ്‌സണല്‍ കംപ്യൂട്ടറില്‍ സൂര്യയുടെ വിഡിയോകള്‍ ഇടംപിടിച്ചിട്ടുണ്ടാകും. ഇഴകീറി പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും അവര്‍. കാരണം സൂര്യയെ ഇയാളെ വീഴ്ത്താതെ തങ്ങളുടെ ദേശീയ ടീമിന് ടി20 ലോകകപ്പ് സ്വപ്നം കാണാനാവില്ല എന്ന് അവര്‍ക്കറിയാം.

പക്ഷേ സൂര്യയുടെ ദൗര്‍ബല്യം കണ്ടെത്താന്‍ അവര്‍ കുറച്ച് പ്രയാസപ്പെടും. കാരണം ക്രിക്കറ്റിലെ കോപ്പിബുക്ക് ശൈലി പിന്തുടര്‍ന്നല്ല സൂര്യയുടെ പോക്ക്. സാഹചര്യത്തിനും എതിരാളിക്കും അനുസരിച്ചു നിറം മാറാന്‍ കഴിയുന്ന മാന്ത്രികനാണ് ക്രീസില്‍ അയാള്‍.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി