ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പാകിസ്താന്‍ ടീമിനെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ വസീം അക്രം. പാക് ടീമിലെ കളിക്കാര്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാറില്ലെന്നും മത്സരത്തിലെ ഫീല്‍ഡിങ് കണ്ടാല്‍ അക്കാര്യം മനസിലാകുമെന്നും അക്രം പറഞ്ഞു.
ദിവസവും എട്ടു കിലോ മട്ടണാണ് ഇവര്‍ ഓരോരുത്തരും വിഴുങ്ങുന്നത്, പിന്നെ എങ്ങനെ ഫിറ്റ്‌നസ് ഉണ്ടാകുമെന്നും അക്രം പരിഹസിച്ചു. കൃത്യസമയത്ത് നടത്തേണ്ട ഫിറ്റ്‌നസ് ടെസ്റ്റുകളൊന്നും ടീം നടത്തുന്നില്ലെന്നും എ സ്പോര്‍ട്സില്‍ സംപ്രേക്ഷണം ചെയ്ത 'ദി പവലിയന്‍' ഷോയില്‍ അക്രം വെളിപ്പെടുത്തി.
ഫിറ്റ്‌നസ് ഇല്ലാത്ത എല്ലാ കളിക്കാരെയും അറിയാം, അവരുടെ പേരുകള്‍ പറയാത്തത് വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് വച്ചിട്ടാണ്. നിങ്ങള്‍ കളിക്കുന്നത് ഒരു രാജ്യത്തിനുവേണ്ടി ആണെന്ന് ഓര്‍ക്കണം. പ്രൊഫഷണലായി കളിക്കാനാണ് പണം വാങ്ങുന്നത്. അതിനാല്‍ ഫിറ്റ്‌നസ് കാര്യങ്ങളില്‍ നിശ്ചിത മാനദണ്ഡം കാത്തുസൂക്ഷിക്കണം. മിസ്ബ പരിശീലകനായിരിക്കുമ്പോള്‍ ആ മാനദണ്ഡമുണ്ടായിരുന്നു. അതിനാല്‍ മിസ്ബയെ കളിക്കാര്‍ വെറുത്തിരുന്നു.
പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്ന പല നടപടികളും ശരിയല്ല. സഖ്‌ലെയ്ന്‍ മുഷ്താഖ്, മുഹമ്മദ് യൂസഫ് തുടങ്ങിയ മുന്‍ കോച്ചിങ് സ്റ്റാഫിനും കീഴിലാണ് പാകിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയത്. അവരെ സ്ഥാനത്തുനിന്ന് മാറ്റി വേറെ ആള്‍ക്കാരെ കൊണ്ടുവരുന്നു. അടിക്കടി ഇത്തരത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ടീമിന്റെ മോശം പ്രകടനത്തിന്റെ ഒരു കാരണമെന്നും അക്രം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ മറികടന്നത് എട്ട് വിക്കറ്റ് ശേഷിക്കെയാണ്. റഹ്‌മാനുള്ള ഗുര്‍ബാസ് (65), ഇബ്രാഹിം സദ്രാന്‍ (87), റഹ്‌മത്ത് ഷാ (77*), ഹഷ്മത്തുള്ള ഷഹീദി (48*) എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന്റെ ജയമോഹങ്ങള്‍ തകര്‍ത്തത്.
ചെന്നൈയിലെ വേഗത കുറഞ്ഞ വിക്കറ്റില്‍ പാകിസ്താനെതിരെ വിജയസാധ്യത നിലനിര്‍ത്താന്‍ ആവശ്യമായിരുന്നത് മികച്ച അടിത്തറയായിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസും, ഇബ്രാഹിം സദ്രാനും ചേര്‍ന്ന് അത് വൃത്തിയായി ചെയ്‌തെന്ന് പറയാം. ഒന്നാം വിക്കറ്റില്‍ സഖ്യം 130 റണ്‍സ് കണ്ടെത്തി. ആദ്യ വിക്കറ്റിനായി പാക് ബൗളര്‍മാര്‍ എറിയേണ്ടി വന്നത് 127 പന്തുകളായിരുന്നു.
65 റണ്‍സെടുത്ത ഗുര്‍ബാസിനെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു പാകിസ്താന് ആശ്വാസം പകര്‍ന്നത്. മൂന്നാമനായെത്തിയ റഹ്‌മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ റണ്ണൊഴുക്ക് കുറയാതെ നോക്കി. പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങും അഫ്ഗാന്‍ സ്‌കോറിങ്ങിന് തുണയായി. ബൗണ്ടറികള്‍ക്ക് പുറമെ സിംഗിളും ഡബിളും നേടുന്നതിലും അഫ്ഗാന്‍ ബാറ്റര്‍മാര്‍ മികവ് കാട്ടി.