ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയാണ് എതിരാളികള്‍. ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. തോല്‍വിയറിയാതെയാണ് ഇരുടീമുകളും എത്തുന്നത്. പാകിസ്താനെയും അയർലന്‍ഡിനേയും കീഴടക്കിയ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്. കാനഡയേയും പാകിസ്താനെയും തോല്‍പ്പിച്ച അമേരിക്ക രണ്ടാമതും. അതേസമയം, ബോളേഴ്സിന് അനുകൂലമായ പിച്ചായതിനാൽ ടോസ് നിർണായകമാണ്.
ഒരു മിനി ഇന്ത്യന്‍ ടീമുമായാണ് രോഹിത് ശർമയും കൂട്ടരും ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അമേരിക്കന്‍ ബൗളിങ് നിരയിലുള്ള സൗരഭ് നേത്രാവല്‍ക്കർ, ഹർമീത് സിങ്, ജസ്‍ദീപ് സിങ്ങ് എന്നിവർ ഇന്ത്യന്‍ വംശജരാണ്. സൗരഭും ഹർമീതും അണ്ടർ 19 ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞവരുമാണ്. പാകിസ്താനെതിരായ അമേരിക്കയുടെ വിജയത്തില്‍ സൗരഭ് നിർണായക പങ്കുവഹിച്ചിരുന്നു. പാകിസ്താനെതിരെ ബാറ്റുകൊണ്ട് തിളങ്ങിയ മോനങ്ക് പട്ടേലാണ് മറ്റൊരു ഇന്ത്യന്‍ വംശജന്‍.
വലം കയ്യന്‍ ബാറ്റർ ആരോണ്‍ ജോണ്‍സാണ് അമേരിക്കയുടെ പ്രധാന അസ്ത്രം. രണ്ട് മത്സരങ്ങളിലും ഇതുവരെ ആരോണിനെ പുറത്താക്കാന്‍ എതിർ ബൗളർമാർക്കായിട്ടില്ല. പാകിസ്താനെതിരെ 36 റണ്‍സും കാനഡയ്ക്കെതിരെ 94 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം.
മറുവശത്ത് ആരോണിനൊപ്പം ഫോമിലുള്ള ഒരു ബാറ്റർ ഇന്ത്യന്‍ നിരയിലില്ല. അയർലന്‍ഡിനെതിരെ അർധ സെഞ്ചുറി നേടിയ രോഹിതും ഋഷഭ് പന്തുമാണ് ഏക അശ്വാസം. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നീ പ്രധാനികളെല്ലാം നിറം മങ്ങിയാണ് തുടരുന്നത്.
അതുകൊണ്ട് തന്നെ അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ ചില മാറ്റങ്ങള്‍ക്കും ഇന്ത്യ തയാറായേക്കും. ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണിനെയോ അല്ലെങ്കില്‍ യശസ്വി ജയ്‌സ്വാളിനേയോ പരീക്ഷിച്ചേക്കും. ജയ്സ്വാളെത്തിയാല്‍ കോഹ്ലിക്ക് തന്റെ മൂന്നാം നമ്പറിലേക്ക് എത്താനാകും. താരത്തിന് ഫോം വീണ്ടെടുക്കാനും ഇത് സഹായിച്ചേക്കും. സഞ്ജുവാണെങ്കില്‍ മധ്യനിര കൂടുതല്‍ ശക്തമാകും. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിയുന്ന സഞ്ജു നിർണായകമാകാനും സാധ്യതയുണ്ട്.
ഇന്ത്യയ്ക്ക് ആശങ്കകളില്ലാത്ത വിഭാഗമാണ് ബൗളിങ് നിര. ജസ്പ്രിത് ബുംറ, അർഷദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന പേസ് ത്രയം മികവിനൊത്ത് ഉയർന്നിട്ടുണ്ട്. ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹാർദിക്ക് പാണ്ഡ്യ തന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുണ്ട്. അക്സർ പട്ടേല്‍, രവീന്ദ്ര ജഡേജ സ്പിന്‍ ദ്വയവും അവരുടെ റോള്‍ കൃത്യമായി നിർവഹിക്കുന്നു.