2023 നവംബർ ഏഴ്, അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ ദിനം എന്നും ഉണാങ്ങാത്ത മുറിവാണ്. അന്നായിരുന്നു ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ അഫ്ഗാന്റെ പക്കല്‍ നിന്ന് ജയം തട്ടിയെടുത്തത്. വാങ്ക്ഡെയില്‍ ചരിത്ര വിജയം അഫ്ഗാന് നഷ്ടമായത് മാക്‌സ്‌വെല്ലിന്റെ അവിശ്വസനീയ ഇന്നിങ്സിന്റെ മുന്നിലായിരുന്നു. 229 ദിവസം പിന്നിട്ടിരിക്കുന്നു, ഇന്ന് കിങ്സ്റ്റണില്‍ ആ മുറിവിന്റെ നീറ്റല്‍ അഫ്ഗാൻ കുറച്ചിരിക്കുകയാണ്. ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടില്‍ ഓസ്ട്രേലിയയെ ആധികാരികമായി കീഴടക്കിക്കൊണ്ട്.
ഇന്ത്യയോടെറ്റ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്നായിരുന്നു കിങ്സ്റ്റണില്‍ ഓസ്ട്രേലിയയെ നേരിടാൻ അഫ്ഗാനിസ്താൻ ഇറങ്ങിയത്. ജയം ഓസ്ട്രേലിയയെ സൂപ്പർ എട്ടിലേക്ക് നയിക്കും, തോല്‍വി അഫ്ഗാനെ പുറത്തേക്കും. ആദ്യം ബാറ്റ് ചെയ്യവെ ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് ഉജ്വല തുടക്കം അഫ്ഗാന് സമ്മാനിച്ചു. ഇരുവരും അർധ സെഞ്ചുറി നേടിയതോടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ പതിനാറാം ഓവർ വരെ ഓസ്ട്രേലിയക്ക് പരിശ്രമിക്കേണ്ടി വന്നു. ഗുർബാസിനെ (60) മടക്കി സ്റ്റോയിനിസായിരുന്നു ഓസ്ട്രേലിയക്ക് ബ്രേക്ക്ത്രൂ നല്‍കിയത്.
ആദ്യ വിക്കറ്റ് വീണതോടെ ഓസ്ട്രേലിയയുടെ തിരിച്ചുവരവിനും തുടക്കമായി. ശക്തമയ അടിത്തറയുണ്ടായിട്ടും അഫ്ഗാൻ ഇന്നിങ്സ് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. കമ്മിൻസിന്റെ ചരിത്ര ഹാട്രിക്കും ചേർന്നതോടെ അഫ്ഗാനിസ്താന്റെ ഇന്നിങ്സ് 148 എന്ന സ്കോറില്‍ അവസാനിച്ചു. ബൗളർമാരെ തുണയ്ക്കുന്ന കിങ്സ്റ്റണിലെ വിക്കറ്റില്‍ പൊരുതാവുന്ന സ്കോർ തന്നെയായിരുന്നു അത്. അണ്‍പ്രെഡിക്ടബിളായ ഈ ലോകകപ്പില്‍ എന്തും സംഭവിക്കാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയായിരുന്നു അഫ്ഗാൻ കളം വിട്ടതും.
രണ്ടാം ഇന്നിങ്സിലേക്ക് എത്തിയപ്പോള്‍ വിക്കറ്ററിഞ്ഞ് പന്തെറിയുന്ന അഫ്ഗാൻ ബൗളർമാരെയാണ് കണ്ടത്. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിനെ (0) ക്ലീൻ ബൗള്‍ഡാക്കി നവീൻ ഉള്‍ ഹഖാണ് ഓസ്ട്രേലിയക്ക് ഒന്നും നിസാരമാകില്ല എന്ന സൂചന നല്‍കിയത്. മൂന്നാം ഓവറില്‍ നായകൻ മിച്ചല്‍ മാർഷും നവീന് കീഴടങ്ങി. പവർപ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഒരിക്കല്‍ക്കൂടി വിജയം തട്ടിയെടുക്കാൻ മാക്‌സ്‌വെല്‍ തട്ടിയെടുക്കുമെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ടൂർണമെന്റില്‍ ആദ്യമായി മാക്‌സ്‌വെല്‍ ഫോമിലേക്ക് ഉയർന്നു. അർധ സെഞ്ചുറി.
അന്ന് വാങ്ക്‌ഡെയില്‍ മാക്‌സ്‌വെല്ലിനെ മുജീബ് ഉർ റഹ്മാൻ കൈവിട്ടതുപോലൊന്ന് ഇത്തവണ ഒന്ന് സംഭവിക്കില്ലെന്ന് ഗുലാബ്ദിന്റെ പന്തില്‍ നൂർ അഹമ്മദ് ഉറപ്പാക്കി. ഇതോടെയായിരുന്നു അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. മധ്യനിരയേയും ഫിനിഷർമാരെയും ഗുലാബ്ദിന്റെ സ്ലോ ബോളുകള്‍ വീഴ്ത്തി. താരത്തിന്റെ മികവാർന്ന പ്രകടനം കണ്ട് ബൗളിങ് പരിശീലകൻ ഡ്വയിൻ ബ്രാവൊയുടെ മുഖത്ത് ചിരി പടരുന്നുണ്ടായിരുന്നു. അത്യുജ്വല ഫീല്‍ഡിങ് തുണയായതോടെ മൈറ്റി ഓസിസിന്റെ വിജയ പ്രതീക്ഷകളും മങ്ങി. ഒടുവില്‍ 21 റണ്‍സിന്റെ ജയവുമായി ടൂർണമെന്റില്‍ ജീവൻ നിലനിർത്തി അഫ്ഗാൻ.