CRICKET

വിൻഡീസിനെതിരായ തോല്‍വി: വിമർശനങ്ങള്‍ക്ക് മറുപടിയുമായി അശ്വിൻ

ഈ പരമ്പരയിലൂടെ നഷ്ടം മാത്രമല്ല ഉണ്ടായതെന്നും, താരങ്ങള്‍ക്ക് അനുഭവ സമ്പത്ത് ലഭിച്ചതായും അശ്വിന്‍

വെബ് ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 ക്രിക്കറ്റ്‌ പരമ്പര തോറ്റതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീമിനും മാനേജ്‌മെന്റിനുമെതിരെ ഉയരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിനും വരുന്ന ഏകദിന ലോകകപ്പിനും യോഗ്യത പോലും നേടാത്ത വിന്‍ഡീസിനെതിരെ പരാജയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം ടീം ഇന്ത്യയുടെ തോല്‍വിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. എല്ലാവര്‍ക്കും തോറ്റതിനെ വിമര്‍ശിക്കാന്‍ മാത്രമേ അറിയു എന്നും യുവനിരയുമായി ഇറങ്ങിയ ടീമിന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ആര്‍ക്കും ബോധ്യമില്ലെന്നും താരം പറഞ്ഞു.

ആദ്യമായി വെസ്റ്റ് ഇന്‍ഡീസില്‍ പോകുന്ന ഒരു യുവതാരത്തിന് ചില വെല്ലുവിളികളെ നേരിടേണ്ടി വരും

തോല്‍വിക്കു പിന്നാലെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെയും ടീം തിരഞ്ഞെടുപ്പിനെയും ചോദ്യം ചെയ്താണ് പലരും രംഗത്തെത്തിയത്. എന്നാല്‍ പരമ്പര കൊണ്ട് ടീമിന് നിരവധി നല്ല കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. 'ഈ ടി20 പരമ്പരയില്‍ നിന്ന് ധാരാളം നല്ല വശങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ യോഗ്യത നേടാത്ത ടീമിനോട് തോറ്റെന്ന് പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും വിമര്‍ശിക്കുന്നത്. എനിക്ക് ഇതിനെക്കുറിച്ച് നിങ്ങളോട് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്'' തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ അശ്വിന്‍ പറയുന്നു.

താന്‍ ആര്‍ക്കു വേണ്ടിയും സംസാരിക്കുകയല്ലെന്നും പ്രത്യേകിച്ചാരെയും പിന്തുണയ്ക്കുകയല്ലെന്നും അശ്വിന്‍ വ്യക്തമാക്കുന്നു. ഒരു യുവതാരമെന്ന നിലയില്‍ മറ്റൊരു രാജ്യത്ത് പോയി കളിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് താരം മറുപടി പറഞ്ഞത്. '' ആദ്യമായി വെസ്റ്റ് ഇന്‍ഡീസില്‍ പോകുന്ന ഒരു യുവതാരത്തിന് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഏതൊരു രാജ്യത്തിനും അവരുടേതായ ചില രഹസ്യങ്ങള്‍ ഉണ്ടാകും, സന്ദര്‍ശകരേക്കാള്‍ അവിടെയുള്ള കളിക്കാര്‍ക്കാണ് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുക. പ്രത്യേകിച്ച് യുവതാരങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടാകും' അശ്വിന്‍ വ്യക്തമാക്കി.

ആദ്യമായി വിന്‍ഡീസിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമൊക്കെ കളിച്ചപ്പോള്‍ തനിക്കും ഇങ്ങനെ ചില കാര്യങ്ങള്‍ പഠിക്കേണ്ടി വന്നു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ തനിക്ക് അത് പുതിയ അനുഭവമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. '' നമ്മുടെ യുവ താരങ്ങള്‍ ഈ പര്യടനത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാകും, അതിനാല്‍ ഇനി മുതല്‍ അവര്‍ക്കിവിടെ മികച്ച ഫോം ലഭിക്കും'' അശ്വിന്‍ പ്രതീക്ഷ പങ്കുവച്ചു. വിന്‍ഡീസിനോടുള്ള പരാജയത്തില്‍ ആളുകള്‍ അസ്വസ്ഥരാകുന്നതും വിമര്‍ശിക്കുന്നതുമൊക്കെ ന്യായം തന്നെയാണെന്നും എന്നാല്‍ ആ തോല്‍വിയെ രണ്ടു രീതിയില്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരമ്പരയിലൂടെ നഷ്ടം മാത്രമല്ല ഉണ്ടായതെന്നും, താരങ്ങള്‍ക്ക് അനുഭവ സമ്പത്ത് ലഭിച്ചതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും കളിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി