Dreams come blue! കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവിശ്വസനീയ തിരിച്ചുവരവില്‍ ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പ് കിരീടം.
മുന്നില്‍ നിന്ന് നയിച്ച പടനായകൻ വീണു. ലോക ഒന്നാം നമ്പർ ട്വന്റി ബാറ്റർ തലകുനിച്ചു. പന്തിന്റെ മാസ്മരികതയുണ്ടായില്ല.
പതറിയ തുടക്കത്തില്‍ നിന്ന് പിടിച്ചുയർത്തിയ കോഹ്ലിയുടെ ഇന്നിങസ്. കൂടെ നിന്ന് നയിച്ച അക്സർ പട്ടേല്‍. ഇന്ത്യൻ ഇന്നിങ്സിന്റെ ഒഴുക്കിന് തടയിട്ട ഡി കോക്കിന്റെ കൃത്യത.
അവസാന ഓവറുകളില്‍ കോഹ്ലിയുടെ ഗിയർ മാറ്റം പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യ. ദുബെയുടെ ക്യാമിയോയുടെ ചുവടുപിടിച്ച് 176 എന്ന സ്കോറിലേക്ക്. ഒരു ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലുമായി ഇന്ത്യ.
റീസെ ഹെൻഡ്രിക്‌സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബുംറ തുടങ്ങി. എയ്‌ഡൻ മാർക്രത്തെ നിലയുറപ്പിക്കാതെ അർഷദീപ്.
ട്രിസ്റ്റൻ സ്റ്റബ്‌സും ക്വിന്റണ്‍ ഡി കോക്കും ചേർന്നുള്ള പ്രോട്ടിയാസിന്റെ ചെറുത്തു നില്‍പ്പ്. സ്റ്റബ്സിനെ ബൗള്‍ഡാക്കി ഇന്ത്യൻ ആരാധകർക്ക് ആശ്വാസം നല്‍കി അക്സർ.
പിന്നീട് കിരീടം കൈവിട്ട നിമിഷങ്ങള്‍. ഡികോക്കും ഹെൻറിച്ച് ക്ലാസനും. ടൂർണമെന്റിലുടനീളം ഇന്ത്യയ്ക്ക് കരുത്തായ സ്പിന്നർമാർ നിരന്തരം ഗ്യാലറികള്‍ തൊട്ടു.
ഡി കോക്കിനെ ഫീല്‍ഡില്‍ കുരുക്കി രോഹിതെന്ന നായകൻ, അർഷദീപിന്റെ പന്തില്‍. പക്ഷേ, ക്ലാസൻ തുടർന്നു. കിരീട പ്രതീക്ഷകള്‍ തച്ചുടച്ചുകൊണ്ട് അക്സറിന്റെ ഓവറില്‍ ക്ലാസൻ 24 റണ്‍സ് നേടി.
140 കോടി ജനങ്ങള്‍ക്ക് മറ്റൊരു കണ്ണീർ നിമിഷമോയെന്ന് തോന്നി. അഞ്ച് ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ 30 റണ്‍സ് മാത്രം. ക്രീസില്‍ ക്ലാസനൊപ്പം മില്ലർ.
16-ാം ഓവറിന്റെ ഉത്തരവാദിത്തം ബുംറയ്ക്ക്. കരുതലോടെ ദക്ഷിണാഫ്രിക്ക നാല് റണ്‍സ് മാത്രം. തിരിച്ചുവരവിന്റെ തുടക്കം ഇവിടെ നിന്ന്. പിന്നാലെ ക്ലാസന്റെ വെടിക്കെട്ടിന് ഫുള്‍ സ്റ്റോപ്പിട്ടു ഹാർദിക്ക്. ഇന്ത്യൻ ആരാധരകരെ മുള്‍മുനയില്‍ നിർത്തി 27 പന്തില്‍ 52 റണ്‍സുമായി ക്ലാസന്റെ മടക്കം.
18-ാം ഓവറില്‍ വീണ്ടും ബുംറ. യാൻസണെ നിഷ്പ്രഭമാക്കിയ ഇൻസ്വിങ്ങർ. വിട്ടുനല്‍കിയത് കേവലം രണ്ട് റണ്‍സ് മാത്രം. ഇരുടീമുകള്‍ക്കും കിരീടത്തിനുമിടയില്‍ രണ്ട് ഓവറും 20 റണ്‍സും.
19-ാം ഓവറില്‍ അർഷദീപ് നല്‍കിയത് നാല് റണ്‍സ്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ 16 റണ്‍സ്.
ഉപനായകൻ ഹാർദിക്കിന് പന്ത് കൈമാറി രോഹിത്. ഹാർദിക്കിന്റെ ഫുള്‍ ടോസ് ഉയർത്തിയടിച്ചു മില്ലർ. ബൗണ്ടറിക്കരികില്‍ സൂര്യകുമാറിന്റെ അവിശ്വസനീയ ക്യാച്ച്. Catches win World Cups.
പിന്നീടുള്ള അഞ്ച് പന്തുകളില്‍ ഇന്ത്യ ജയം ഉറപ്പിച്ചു. ഏഴ് റണ്‍സിന്. അണ്‍ബിലീവബിള്‍ മാച്ച്.
രോഹിതും കോഹ്ലിയും ഹാർദിക്കും കണ്ണീരിലായിരുന്നു. ഇന്ത്യൻ ടീം മൈതാനത്തേക്ക് കുതിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തില്‍ തുന്നിച്ചേർത്ത മറ്റൊരു സുന്ദര നിമിഷത്തിനുകൂടി ലോകം സാക്ഷി.
കിരീടത്തിന്റെ തിളക്കത്തോടെ ട്വന്റി 20യില്‍ കോഹ്ലിക്കും രോഹിതിനും പടിയിറക്കം.