ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 152 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സ് നേടിയത്. ഗ്രേസ് ഹാരിസ് (40), തഹലിയ മഗ്രാത്ത് (32), എലിസെ പെറി (32) എന്നിവരാണ് ഓസ്ട്രേലിയയുടെ പ്രധാന സ്കോർമാർ. ഇന്ത്യയ്ക്കായി രേണുക സിങും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം ഓവറില്‍ തന്നെ രേണുക സിങ്ങിന്റെ ഇരട്ടപ്രഹരം ഏറ്റുവാങ്ങേണ്ടി വന്നു. ബെത്ത് മൂണി (2), ജോർജിയ വേർഹാം (0) എന്നിവരായിരുന്നു പുറത്തായത്. എന്നാല്‍, ഓപ്പണർ ഗ്രേസ് ഹാരിസും ക്യാപ്റ്റൻ തഹലിയ മഗ്രാത്തും ചേർന്ന് ഓസ്ട്രേലിയൻ ഇന്നിങ്സിനെ കരകയറ്റി. കൂട്ടുകെട്ട് പൊളിക്കാൻ 12-ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു ഇന്ത്യയ്ക്ക്.
26 പന്തില്‍ 32 റണ്‍സെടുത്ത മഗ്രാത്തിനെ പവലിയനിലേക്ക് അയച്ച് രാധാ യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 62 റണ്‍സായിരുന്നു മൂന്നാം വിക്കറ്റില്‍ പിറന്നത്. വൈകാതെ തന്നെ ഗ്രേസ് ഹാരിസിനെ (40) ദീപ്തി ശർമയും ആഷ്‌ലി ഗാർഡനറെ (6) പൂജ വസ്ത്രാക്കറും പുറത്താക്കി. 41 പന്തില്‍ നിന്നായിരുന്നു ഗ്രേസ് 40 റണ്‍സെടുത്തത്. അഞ്ച് ഫോറും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
ഇന്ത്യ ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിച്ച നിമിഷമായിരുന്നു പെറിയുടെ പ്രത്യാക്രമണമുണ്ടായത്. ശ്രെയങ്ക പാട്ടീലിനേയും ദീപ്തി ശർമയേയും അതിർത്തി കടത്തി ഓസീസ് സ്കോർ പെറി മുന്നോട്ട് നയിച്ചു. 19-ാം പെറി മടങ്ങുമ്പോഴേക്കും ഓസ്ട്രേലിയ 130 കടന്നിരുന്നു. ദീപ്തി ശർമയുടെ പന്തില്‍ സജന സജീവന്റെ കൈകളിലാണ് പെറിയുടെ ഇന്നിങ്സ് അവസാനിച്ചത്. 23 പന്തില്‍ 32 റണ്‍സാണ് പെറി നേടിയത്.
സതർലാൻഡിന്റേയും (10), ലിച്ച്‌ഫീല്‍ഡിന്റേയും ഇന്നിങ്സുകളാണ് ഓസ്ട്രേലിയയുടെ സ്കോർ 150 കടത്തിയത്. അവസാന അഞ്ച് ഓവറില്‍ 50 റണ്‍സ് ചേർക്കാൻ ഓസീസിനായി.