CRICKET

സഞ്ജൂ...ഇറ്റ്സ് ടൈം!

പ്രതിഭകളുടെ കാര്യത്തില്‍ അതിസമ്പന്നതയുള്ള രാജ്യത്ത് ബിസിസിഐയുടെ ലോകകപ്പ് വിളിക്കായി സഞ്ജുവിന് ഒമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നത് അദ്ഭുതമൊന്നുമല്ല

ഹരികൃഷ്ണന്‍ എം

2023 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനത്തിന് രണ്ട് വാരത്തിന് ശേഷം സഞ്ജു സാംസണിന്റെ ഫേസ്‌ബുക്ക് വാളില്‍ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. It is what it is, I choose to keep moving forward! നിരാശയില്‍ തട്ടിവീഴാന്‍ തയാറായിരുന്നില്ല സഞ്ജു, കാരണം അയാള്‍ക്കത് പുതുമയുള്ള ഒന്നായിരുന്നില്ല. മികവിന്റെ ധാരാളിത്തമുണ്ടായിട്ടും എന്തുകൊണ്ടോ ഒരു ലോകകപ്പില്‍ പോലും നീലക്കുപ്പായം അയാളെ തേടിയെത്തിയില്ല. അതുകൊണ്ട്, പരിഹസിച്ചവർക്കും അവഗണിച്ചവർക്കുമുള്ള ഉത്തരത്തിനായി സൗമ്യനായ അയാള്‍ ബാറ്റ് തന്നെ തിരഞ്ഞെടുത്തു. ഇന്നോളം കാണത്തൊരു സഞ്ജു ഇത്തവണ ഐപിഎല്ലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒടുവില്‍ ആ വിളിയുമെത്തി. Yes, Sanju Samson in Indias T20 World Cup Squad.

പ്രതിഭകളുടെ കാര്യത്തില്‍ അതിസമ്പന്നതയുള്ള രാജ്യത്ത് ബിസിസിഐയുടെ ലോകകപ്പ് വിളിക്കായി സഞ്ജുവിന് ഒമ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നത് അദ്ഭുതമൊന്നുമല്ല. ഇത്തവണയും കാര്യങ്ങള്‍ അനുകൂലമൊന്നുമായിരുന്നില്ല. ഋഷഭ് പന്തിന്റെ തിരിച്ചുവരവ്, ടീമിലെ ഓള്‍റൗണ്ടർമാരുടെ പ്രാധാന്യം, പൊസിഷന്‍ എന്നിങ്ങനെ വെല്ലുവിളികളേറെ. പക്ഷേ, കണ്ണടച്ച് ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നില്ല ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനം.

കണക്കുകളുടെ കളിയില്‍ കൂടെ മത്സരിക്കുന്നവരെക്കാള്‍ സഞ്ജു ഒരുപടി മുന്നില്‍ തന്നെയായിരുന്നു. ഐപിഎല്‍ 17-ാം സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 77 ശരാശരിയില്‍ 385 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്റെ ഇതുവരെയുള്ള സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 160ന് മുകളിലും. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് നാല് അർധ സെഞ്ചുറികളും പിറന്നു. അനാവശ്യ ഷോട്ടുകളൊ അലസമായ ഇന്നിങ്സുകളൊ ഇത്തവണ സഞ്ജുവില്‍ നിന്നുണ്ടായില്ല. സ്ട്രിക്‌റ്റ്ലി കണ്‍സിസ്റ്റന്റ്.

വിക്കറ്റിന് പിന്നിലും വിട്ടുവീഴ്ചകള്‍ക്ക് തയാറായിരുന്നില്ല മലയാളി താരം. പഞ്ചാബിനെതിരായ മത്സരത്തില്‍ ലിയാം ലിവിങ്സ്റ്റണിന്റെ റണ്ണൌട്ട് എം എസ് ധോണിയുടെ കണക്കുകൂട്ടലുകളെ ഓർമ്മിക്കും വിധമായിരുന്നു. മുംബൈക്കെതിരായ പോരാട്ടത്തില്‍ രോഹിത് ശർമയെ കൈകളിലൊതുക്കിയ ഡൈവില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ അനായാസത പ്രകടമായിരുന്നു. ഗെയിം റീഡിങ്ങിന്റെ കാര്യത്തില്‍ സഞ്ജുവിന്റെ മികവ് എന്താണെന്നറിയണമെങ്കില്‍ നിങ്ങള്‍ക്ക് ഐപിഎല്ലിന്റെ പോയിന്റ് പട്ടികയിലെ രാജസ്ഥാന്റെ സ്ഥാനം മാത്രം നോക്കിയാല്‍ മതിയാകും.

ട്വന്റി 20 ലോകകപ്പ് പോലൊരു ടൂർണമെന്റ് ജയിക്കണമെങ്കില്‍ കേവലം പ്രതിഭാധാരാളിത്തം മാത്രം പോര ഒരു ടീമിന്. രോഹിത് ശർമയെ പോലെ സെല്‍ഫ്‍‌ലെസായി കളിക്കാന്‍ കഴിയുന്ന താരങ്ങളുടെ ഒരു നിര തന്നെ ആവശ്യമാണ്. സഞ്ജുവിന്റെ സാന്നിധ്യം കൂടുതല്‍ പ്രധാന്യം അർഹിക്കുന്നതും ഇവിടെയാണ്. ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകുന്നത് മുംബൈക്കെതിരായ സീസണിലെ രണ്ടാം മത്സരം തന്നെ. അനായാസം സ്കോർ ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തിലും ഫോം നഷ്ടപ്പെട്ട് സമ്മർദത്തിലായിരുന്ന യശസ്വി ജയ്സ്വാളിന് കൂടുതല്‍ അവസരം നല്‍കുന്നതിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. ജയ്സ്വാള്‍ സെഞ്ചുറി നേടിയതും ഫോമിലേക്ക് തിരിച്ചെത്തിയതുമെല്ലാം ആ ഒരു ഇന്നിങ്സിന്റെ ബലത്തിലായിരുന്നു.

രാജസ്ഥാനായി മുന്‍നിരയില്‍ തിളങ്ങുന്ന സഞ്ജുവിനെയായിരിക്കില്ല ലോകകപ്പില്‍ കാണുക, മധ്യനിരയില്‍ ഞൊടിയിടയില്‍ കളിയുടെ ഗതി തിരിക്കുന്ന ഇംപാക്ട് പ്ലെയറായാകും. ഏകദിന ലോകകപ്പ് ഫൈനലിലെ മുറിവ് ഉണങ്ങും മുന്‍പ് മറ്റൊരു ലോകകപ്പിന് ഇന്ത്യ കച്ചമുറുക്കുമ്പോള്‍ 'മലയാളി ഭാഗ്യം' ഇത്തണയുണ്ട്. സഞ്ജൂ, ഇറ്റ്സ് ടൈം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി