2024 ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുംബൈയില്‍ ഉജ്ജ്വല വരവേല്‍പ്പ്. മറൈൻ ഡ്രൈവ് മുതല്‍ വാങ്ക്‌ഡെ സ്റ്റേഡിയം വരെ നടന്ന വിക്ടറി പരേഡില്‍ ജനലക്ഷങ്ങള്‍ ഭാഗമായി. രാത്രി ഏഴരയോടെ ആരംഭിച്ച പരേഡ് രണ്ട് മണിക്കൂറോളം നീണ്ടു. പിന്നീടാണ് ടീം വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്. സ്റ്റേഡിയത്തിലും ലോകകപ്പ് ടീമിന് ഊഷ്മള വരവേല്‍പ്പായിരുന്നു ആരാധകർ നല്‍കിയത്.
വാങ്ക്‌ഡെയില്‍ വൈകാരികമായിരുന്നു താരങ്ങളുടെ പ്രതികരണങ്ങള്‍. ലോകകപ്പ് രാജ്യത്തിന് സമർപ്പിക്കുന്നതായി ഇന്ത്യൻ നായകൻ പറഞ്ഞു. ട്വന്റി ലോകകപ്പ് കിരീടത്തിനായി എത്രത്തോളം ഇന്ത്യ ആഗ്രഹിച്ചുവെന്നതിന്റെ തെളിവാണ് മുംബൈയിലെത്തിയ ആരാധകരുടെ എണ്ണമെന്നും രോഹിത് കൂട്ടിച്ചേർത്തു.
രോഹിത് ശർമയുമായുള്ള നിമിഷങ്ങളേക്കുറിച്ചായിരുന്നു വിരാട് കോഹ്ലി പ്രധാനമായും പങ്കുവെച്ചത്. "ഞാനും രോഹിതും ഈ നിമിഷത്തിനായി ഏറെക്കാലമായി പരിശ്രമിക്കുന്നു. എപ്പോഴും ലോകകപ്പ് ജയിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. കഴിഞ്ഞ 15 വർഷത്തോളമായി ഞങ്ങള്‍ ശ്രമിക്കുന്നു. രോഹിതിനെ ഇത്രയധികം വൈകാരികമായി ഞാൻ കണ്ടിട്ടില്ല. രോഹിത് കരയുകയായിരുന്നു, ഞാനും. രോഹിതിനെ ആശ്ലേഷിച്ച ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല," കോഹ്ലി വ്യക്തമാക്കി.
ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ന് രാവിലെയായിരുന്നു ഇന്ത്യൻ ടീം ബാർബഡോസില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. ശേഷമായിരുന്നു ടീം വിക്ടറി പരേഡിനായി മുംബൈയിലേക്ക് തിരിച്ചത്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് കീഴടക്കിയായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. ഇന്ത്യയുയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 169 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയായിരുന്നു ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറയാണ് ലോകകപ്പിന്റെ താരം.