ഒരു ആന്റിക്ലൈമാക്സായിരുന്നു, ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. ഓസ്ട്രേലിയ നല്ല രീതിയില്‍ ഹോം വര്‍ക്ക് ചെയ്താണ് എത്തിയത്. അവരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചില്ല. പെര്‍ഫെക്ട് പെര്‍ഫോമന്‍സായിരുന്നു. ഫീല്‍ഡിങ് പരിശോധിച്ചാല്‍ തന്നെ അതറിയാം, ഒറ്റ പന്തുപോലും അവര്‍ മിസ് ചെയ്തിട്ടില്ല. ട്രാവിസ് ഹെഡ് എടുത്ത രോഹിത് ശര്‍മയുടെ ക്യാച്ച് തന്നെ മികച്ച ഉദാഹരണമാണ്.
രോഹിത് നല്‍കിയ തുടക്കം നമുക്ക് പതിവുപോലെ ഉപയോഗിക്കാന്‍ കഴിയാതെ പോയി, മധ്യനിരയ്ക്ക് പിഴച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 75ന് മുകളിലെത്തിയിരുന്നു. അതൊരു ഗംഭീര സ്‌കോറാണ്. കോഹ്ലിയെ പോലൊരു ബാറ്റര്‍ ക്രീസിലുള്ളപ്പോഴാണ് നമുക്ക് പിന്നീട് അവരുടെ ബൗളര്‍മാരെ ഡൊമിനേറ്റ് ചെയ്യാന്‍ കഴിയാതെ പോയത്. രോഹിതിന് അവരെ അനായാസം ഡൊമിനേറ്റ് ചെയ്യാനായി.
ശ്രേയസ് അയ്യര്‍ പുറത്തായിക്കഴിഞ്ഞ് കോഹ്ലി മടങ്ങുന്നത് വരെയുള്ള സമയത്ത് 18 ഓവറുകളില്‍നിന്ന് 67 റണ്‍സ് മാത്രമാണ് നമുക്ക് നേടാനായത്. കോഹ്ലിയെയും രാഹുലിനെയും അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ലോക്ക് ചെയ്തു കളഞ്ഞു. ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വീക്ക് പോയിന്റായ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഒരു ബൗണ്ടറി മാത്രമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള കരുതലായിരുന്നെങ്കില്‍ 40 ഓവര്‍ വരെ ക്രീസില്‍ ഇരുവരും തുടരണമായിരുന്നു. അതിന് അവര്‍ക്ക് സാധിച്ചില്ല.
കോഹ്ലി പുറത്തായശേഷം പന്ത് റിവേഴ്സ് സ്വിങ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയാണ് രവീന്ദ്ര ജഡേജയെ അയച്ചത്, അദ്ദേഹം നിരാശപ്പെടുത്തി. സൂര്യകുമാറിന് കാര്യമായ അവസരങ്ങള്‍ ലോകകപ്പില്‍ ലഭിച്ചിരുന്നില്ല. ഒന്നരമാസത്തോളമായി മാച്ച് പ്രാക്ടീസ് ഇല്ലാതിരുന്ന സൂര്യകുമാറിന് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള സാഹചര്യവുമില്ലായിരുന്നു. പിന്നീട് തുടരെ വിക്കറ്റുകളും വീണു. ഈ ഒരു ഘട്ടം നമുക്ക് കൃത്യമായി ടാക്കിള്‍ ചെയ്യാനായില്ല. ആദ്യമായാണ് ടൂര്‍ണമെന്റില്‍ ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നത്.
ബൗളിങ്ങില്‍ തുടക്കത്തിലെ മൂന്ന് വിക്കറ്റെടുത്തിരുന്നെങ്കിലും നമ്മള്‍ ഭയപ്പെട്ടിരുന്നു. സാധാരണ നമ്മള്‍ ബുംറ-സിറാജ് കൂട്ടുകെട്ടിലാണ് ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത്. ഇന്ന് പകരം ഷമിയെത്തി. ആദ്യ മാറ്റമായി എത്തിയതും സിറാജ് ആയിരുന്നില്ല, ജഡേജയായിരുന്നു. നമ്മുടെ പതിവ് ശൈലിയില്‍നിന്ന് വ്യതിചലിച്ചുള്ള തന്ത്രങ്ങള്‍ ഭയത്തിന്റെ സൂചനയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും ഓസ്ട്രേലിയക്ക് പെട്ടെന്ന് തന്നെ തിരിച്ചുവരാനായി.
ഓസ്ട്രേലിയ ഒരു ശക്തരായ ടീമല്ല. ബാറ്റിങ് ഓര്‍ഡര്‍ പരിശോധിച്ചാല്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഒരു അന്താരാഷ്ട്ര നിലവാരമുള്ള, കോഹ്ലിക്ക് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന താരം. അവരുടെ ബാറ്റര്‍മാരെയും നമ്മുടെ ബൗളര്‍മാരുടെ മികവും നോക്കിയാല്‍ പ്രതിരോധിക്കാവുന്ന സ്‌കോറായിരുന്നു 240. പക്ഷേ, നമ്മുടെ ദിവസമല്ലായിരുന്നു. ഷമിക്കും സിറാജിനും ബുംറയ്ക്കുമൊക്കെ കിട്ടുന്ന..എന്താ പറയുക..എക്സ്ട്രാ വെനം എന്നൊക്കെ പറയില്ലേ..അതിന്റെ അഭാവമുണ്ടായിരുന്നു.
ഞാന്‍ ഇന്ത്യയുടെ പ്രകടനത്തില്‍ തൃപ്തനാണ്. കളിച്ച 11 മത്സരങ്ങളില്‍ പത്തും നമ്മള്‍ ആധികാരികമായി തന്നെ ജയിച്ചു. ടൂര്‍ണമെന്റുകളില്‍ തോല്‍വി സംഭവിക്കാം, നമ്മളെ സംബന്ധിച്ച് അത് ഫൈനലിലായിപ്പോയി എന്ന് മാത്രം. നമ്മള്‍ ചാമ്പ്യന്മാരെപ്പോലെ കളിച്ചു. ഫൈനല്‍ നമുക്കൊരു സാധാരണ ദിവസമായിപ്പോയി.
ഓസ്ട്രേലിയയെ സംബന്ധിച്ച്, അവര്‍ക്ക് തുടക്കത്തില്‍ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടേണ്ടി വന്നു. പിന്നീട് അവര്‍ പരീക്ഷിക്കപ്പെട്ടത് അഫ്ഗാനിസ്താനെതിരെയാണ്. അന്ന് മക്സ്‌വെല്ലിന്റെ ഒരു സൂപ്പര്‍ ഹ്യൂമന്‍ പെര്‍ഫോമന്‍സുണ്ടായി. അത്തരം പ്രകടനങ്ങള്‍ ഒരു ടീമിന് ഇന്‍സ്പിരേഷന്‍ നല്‍കുന്ന ഒന്നാണ്. ആ മത്സരത്തോടെ തങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലൊന്നൊരു ആത്മവിശ്വാസം ഓസ്ട്രേലിയക്കുണ്ടായി. പിന്നെ ഓസ്ട്രേലിയയുടെ സെമി ഫൈനലും കഠിനമായിരുന്നു. അതുകൊണ്ട് അവരുടെ വരവ് തീയില്‍ കുരുത്തായിരുന്നുവെന്ന് പറയാം.
ട്രാവിസ് ഹെഡിന്റെ പെര്‍മോഫന്‍സ് അസാധ്യം. ആദ്യ ക്യാച്ച് മുതല്‍ അവസാനം വരെ. കോഹ്ലിയും ഷമിയും...കോഹ്ലി ടൂര്‍ണമെന്റിലുടനീളം സ്ഥിരതയോടെ ബാറ്റ് ചെയ്തു. ഷമി ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമായിട്ടും ഗംഭീര പ്രകടനം കാഴ്ചവച്ചു. വാക്കുകളില്ല പറയാനായിട്ട്. രാഹുല്‍ ദ്രാവിഡ് ഒരു പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇതുപോലൊരു വിജയഗാഥ രചിക്കാന്‍ സാധിച്ചതില്‍ പരിശീലകന് വലിയ റോളുണ്ട്.