CRICKET

സച്ചിന് വേണ്ടി മാത്രം ലതാജി പാടിയ പാട്ട്

ആരാധനാപാത്രമായ സച്ചിൻ ദേവ് ബർമ്മന്റെ പേരാണ് അച്ഛൻ രമേഷ് തെണ്ടുല്‍ക്കര്‍ മകന് സമ്മാനിച്ചതെങ്കിലും, മാസ്റ്റർ ബ്ലാസ്റ്ററുടെ ഇഷ്ടഗാനങ്ങളിൽ എല്ലാ സംഗീത സംവിധായകരുടെയും സൃഷ്ടികളുണ്ട്

രവി മേനോന്‍

ഇഷ്ടഗാനം ഏതെന്നു ചോദിച്ചാൽ ഒഴിഞ്ഞുമാറുകയേയുള്ളൂ സച്ചിൻ തെണ്ടുല്‍ക്കര്‍. ആരാധനാപാത്രമായ സച്ചിൻ ദേവ് ബർമ്മന്റെ പേരാണ് അച്ഛൻ രമേഷ് തെണ്ടുല്‍ക്കര്‍ മകന് സമ്മാനിച്ചതെങ്കിലും, മാസ്റ്റർ ബ്ലാസ്റ്ററുടെ ഇഷ്ടഗാനങ്ങളിൽ എല്ലാ സംഗീത സംവിധായകരുടെയും സൃഷ്ടികളുണ്ട്. മുഹമ്മദ് റഫി മുതൽ അർജിത് സിംഗ് വരെയുള്ള ഗായകരുടെയും. "എണ്ണമറ്റ പ്രിയഗാനങ്ങളിൽ നിന്ന് എങ്ങനെ ഒന്നോ രണ്ടോ പാട്ട് മാത്രമായി എടുത്തുപറയും?'' -സച്ചിന്റെ പതിവുചോദ്യം.

പക്ഷേ ഒരിക്കൽ, ഒരേയൊരിക്കൽ മാത്രം പതിവ് തെറ്റിച്ചു സച്ചിൻ. പതിനൊന്നു വർഷം മുൻപ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറികളുടെ സെഞ്ചുറി തികച്ച സച്ചിന്റെ ബഹുമാനാർത്ഥം മുകേഷ് അംബാനി മുംബൈയിൽ സംഘടിപ്പിച്ച വിരുന്നിനിടെ, മാതൃതുല്യയായി കണക്കാക്കുന്ന സാക്ഷാൽ ലതാ മങ്കേഷ്‌കറോട് തന്റെ ഇഷ്ടഗാനം പാടിത്തരാൻ അഭ്യർത്ഥിക്കുകയായിരുന്നു ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം.

ലതാജി തെല്ലൊന്നു പകച്ചു എന്നത് സത്യം. പക്ഷേ ആവശ്യം സച്ചിന്റേതാകുമ്പോൾ നിരസിക്കുന്നതെങ്ങനെ? മുൻകൂട്ടിയുള്ള തയ്യാറെടുപ്പില്ലാതെ പൊതു വേദികളിൽ മൂളിപ്പാട്ടു പോലും പാടാൻ മടിക്കുന്ന വാനമ്പാടി, സങ്കോചത്തോടെയെങ്കിലും സച്ചിന്റെ ഇഷ്ടഗാനത്തിന്റെ പല്ലവി ആലപിക്കുന്നു: 'മേരാ സായാ' എന്ന ചിത്രത്തിൽ മദൻമോഹൻ സ്വരപ്പെടുത്തിയ അനശ്വര പ്രണയഗീതം: 'തൂ ജഹാം ജഹാം ചലേഗാ മേരാ സായാ സാഥ് ഹോഗാ ...' നീ എങ്ങു പോയാലും എന്റെ നിഴലുണ്ടാകും നിനക്കൊപ്പം. ഉദയ്‌പൂരിലെ ലേക്ക് പാലസിൽ വെച്ചുള്ള മനോഹരമായ ചിത്രീകരണം കൊണ്ടുകൂടി ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഗസൽ.

ഹിച്ച്കോക്ക് ചിത്രങ്ങളുടെ നിഴൽ പതിഞ്ഞുകിടക്കുന്ന 'മേരാ സായ'യെ ഇന്ന് നാം ഓർക്കുന്നത് അതിലെ പാട്ടുകളുടെ പേരിലാകും. നൈനോം മേ ബദ്രാ ഛായെ, ജൂംകാ ഗീരാരെ, തു ജഹാം ജഹാം ചലേഗാ, ആപ് കേ പെഹലൂ മേ ആകർ രോ ദിയെ, എല്ലാം ക്ലാസിക് പാട്ടുകൾ. ഇക്കൂട്ടത്തിൽ ഏറ്റവും സമയമെടുത്ത് ചിട്ടപ്പെടുത്തിയത് 'തു ജഹാം ജഹാം ചലേഗാ' ആണെന്ന് പറഞ്ഞിട്ടുണ്ട് മദൻമോഹൻ. അനുയോജ്യമായ ഈണം കണ്ടെത്താനാകാതെ വലഞ്ഞ പ്രിയ സംഗീത സംവിധായകനോട് നന്ദ് രാഗം പരീക്ഷിക്കാൻ നിർദേശിച്ചത് ലതാജി തന്നെ. ആനന്ദി, ആനന്ദ് കല്യാൺ, നന്ദ് കല്യാൺ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന നന്ദ് രാഗം സിനിമാഗാനങ്ങളിൽ അത്ര സർവ്വസാധാരണമല്ല. പാട്ടിന്റെ ആശയത്തോടും വരികളോടും മൂഡിനോടും എത്ര കണ്ട് ഇണങ്ങിനിൽക്കുന്നു ആ രാഗം എന്നറിയാൻ തു ജഹാം ജഹാം ചലേഗാ ഒന്നുകൂടി കേട്ടുനോക്കുകയേ വേണ്ടൂ. 'സായ' എന്ന് പേരിട്ടിരുന്ന ചിത്രത്തിന് 'മേരാ സായ' എന്ന പേര് നൽകാൻ സംവിധായകൻ രാജ് ഖോസ്ലയെ പ്രേരിപ്പിച്ചതും അതേ പാട്ടിന്റെ വരികൾ തന്നെ.

എന്തുകൊണ്ട് ആ ഗാനത്തോട് ഇത്ര സ്നേഹം എന്ന ചോദ്യത്തിന് പിൽക്കാലത്തൊരു ടെലിവിഷൻ അഭിമുഖത്തിൽ സച്ചിൻ നൽകിയ മറുപടി ഇങ്ങനെ: "അത്തരം ഇഷ്ടങ്ങളൊന്നും വിശദീകരിക്കാനാവില്ല നമുക്ക്. ക്രിക്കറ്റിൽ ഏത് സ്ട്രോക്കാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിക്കുന്നത് പോലെയാണത്. പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു അത്തരം ഇഷ്ടങ്ങൾ..''

സ്വന്തം മകനെപ്പോലെയാണ് തനിക്ക് സച്ചിനെന്ന് ലതാജി ആവർത്തിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകൾ. ''എന്റെ ഏറ്റവും വലിയ ദുഃഖം ഒരു പിറന്നാളിന് പോലും സച്ചിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് നേരിട്ടു കണ്ട് ആശംസിക്കാൻ കഴിയില്ലല്ലോ എന്നാണ്.", ലതാജി ഒരിക്കൽ പറഞ്ഞു. കാരണം മറ്റൊന്നുമല്ല. സച്ചിന്റെ ജന്മദിനമായ ഏപ്രിൽ 24 ലതാജിയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനം കൂടിയായിരുന്നു പ്രിയ പിതാവ് ദിനനാഥ് മങ്കേഷ്‌കർ ഓർമ്മയായ നാൾ. 1942 ഏപ്രിൽ 24 ന് നാല്പത്തൊന്നാം വയസ്സിലായിരുന്നു നടനും സംഗീതജ്ഞനുമായ ദിനനാഥിന്റെ അകാലവിയോഗം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ