CRICKET

ഒരു വർഷം, രണ്ട് കിരീടം; ഇന്ത്യയ്ക്ക് മുന്നില്‍ ഒരു 'തല' വ്യത്യാസം

161 ദിവസത്തെ ഇടവേളയില്‍ ഇന്ത്യയുടെ രണ്ട് ലോകകിരീട സ്വപ്നമാണ് ട്രാവിസ് മൈക്കിള്‍ ഹെഡ് എന്ന 29-കാരന്‍ തകർത്തത്

ഹരികൃഷ്ണന്‍ എം

2023 സെപ്തംബർ 15, സെഞ്ചൂറിയനിലെ മൈതാനത്ത് ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം മത്സരം. പ്രോട്ടിയാസ് ഉയർത്തിയ 417 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ്. ജെറാള്‍ഡ്‌ കോറ്റ്സിയെറിഞ്ഞ ഒന്‍പതാം ഓവറിലെ ആദ്യ പന്ത് ഒരു ഇടം കൈയന്‍ ബാറ്ററുടെ ഇടം കൈയില്‍ പതിച്ചു.

ഗുരുതര പരുക്ക്, ആ നിമിഷം തന്നെ അയാള്‍ കളംവിട്ടു. ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ കേവലം 20 ദിവസങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. പക്ഷേ, ലോകകപ്പിന്റെ പാതി വഴിയില്‍ അയാള്‍ തിരിച്ചുവന്നു. വന്നത് വെറുതെയായിരുന്നില്ല, കിരീടം ഉയർത്താന്‍ തന്നെയായിരുന്നു. അയാളുടെ പേര് ട്രാവിസ് ഹെഡ്..

241 റണ്‍സ് വിജയലക്ഷ്യം എന്നത് ഓസ്ട്രേലിയയുടെ ലോകോത്തര ബാറ്റിങ്ങിന് മുന്നില്‍ ഒരു വെല്ലുവിളിയായിരുന്നില്ല. എന്നാല്‍ ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് നിരയെ നേരിടുമ്പോള്‍ കാര്യങ്ങള്‍ സ്വാഭാവികമായും കടുപ്പുമാകുമല്ലോ. അത് അങ്ങനെ തന്നെയായിരുന്നു.

ഓപ്പണിങ്ങില്‍ ഡേവിഡ് വാർണറിനൊപ്പം കളത്തിലെത്തിയ ഹെഡ് ബൗണ്ടറിയോടെ തന്റെ സ്കോറിങ്ങിന് തുടക്കമിട്ട്, ഇന്റന്റ് വ്യക്തമാക്കി. എന്നാല്‍ ഓസീസിന് തുടക്കത്തിലെ പ്രഹരം നല്‍കുക എന്ന ഉത്തരവാദിത്തം ഇന്ത്യന്‍ ബൗളിങ് നിര നിർവഹിച്ചു.

ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാർഷ് എന്നിവർ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ നോണ്‍ സ്ട്രൈക്കർ എന്‍ഡില്‍ കാഴ്ചക്കാരന്റെ റോളിലായിരുന്നു ഹെഡ്. ടീമിലെ ഏറ്റവും മികച്ച ബാറ്റർമാർ മടങ്ങിയപ്പോഴും അയാളുടെ മനസില്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു.

വിക്കറ്റുകള്‍ അനായാസം പിഴുതെടുക്കുന്ന ശീലമാക്കിയ ഷമി, അവിശ്വസനീയമായ പന്തുകള്‍ക്കൊണ്ട് ബാറ്റർമാരെ നിഷപ്രഭരാക്കുന്ന ബുംറ, വേരിയേഷനുകള്‍ക്കൊണ്ട് എതിരാളികളെ നിശബ്ദരാക്കുന്ന സിറാജ്, സ്പിന്‍ മാന്ത്രികന്മാരായ ജഡേജയും കുല്‍ദീപും..എല്ലാവരേയും നേരിടാന്‍ സജ്ജമായിരുന്നു ഹെഡിന്റെ ബാറ്റ്.

47-3 എന്ന സ്കോറിന്റെ സമ്മർദം ക്രീസില്‍ നിലയുറപ്പിച്ച ഒരു നിമിഷം പോലും ഹെഡിന്റെ ശരീരഭാഷയിലുണ്ടായിരുന്നില്ല. പത്താം ഓവറില്‍ ഷമിയെ തുടരെ അതിർത്തി കടത്തി. ഇന്ത്യന്‍ ബൗളർമാരെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിന്റെ ആദ്യ സൂചനയായിരുന്നു അത്. പിന്നീട് ഒപ്പമുണ്ടായിരുന്ന ലബുഷെയ്ന്‍ ക്രീസില്‍ നിലയുറപ്പിക്കുന്നതുവരെ ഹെഡ് അല്‍പ്പം ക്ഷമ കാണിച്ചെന്ന് പറയാനാകും.

16-ാം ഓവറില്‍ രോഹിതിന്റെ പ്രധാന ആയുധമായ കുല്‍ദീപിനെ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ചായിരുന്നു ഹെഡ് തന്റെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ അവസാനിപ്പിക്കാനുള്ള യാത്രയുടെ തുടക്കമിട്ടത്. പിന്നീട് എല്ലാ ഓവറുകളിലും തന്നെ ഒരു ബൗണ്ടറിയെങ്കിലും ഹെഡ് ഉറപ്പു വരുത്തി. ബൗണ്ടറി ലഭിച്ചില്ലെങ്കില്‍ അടുത്ത ഓവറില്‍ പോരായ്മ നികത്താനും ഹെഡിന്റെ ബാറ്റുകള്‍ ശ്രമിച്ചു.

34-ാം ഓവറിലായിരുന്നു ഹെഡ് മൂന്നക്കം തൊട്ടത്. ഒരു ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏഴാം താരമായി ഹെഡ് മാറിയപ്പോള്‍ തന്നെ ഓസ്ട്രേലിയയുടെ കൈകളിലേക്ക് കിരീടം എത്തിയിരുന്നു. പിന്നീട് തങ്ങളുടെ ആറാം കീരിടനേട്ടം ഉറപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു ഇടം കൈയന്‍ ബാറ്റർക്കുണ്ടായിരുന്നത്.

വിജയ റണ്‍ തന്റെ ബാറ്റില്‍ നിന്ന് പിറക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് തൊടുത്ത ഷോട്ട് ശുഭ്മാന്‍ ഗില്ലിന്റെ കൈകളില്‍ പതിച്ചപ്പോഴും ഹെഡിന്റെ മുഖത്ത് ലോകം കീഴടക്കിയവന്റെ ചിരിയുണ്ടായിരുന്നു. 120 പന്തില്‍ 15 ഫോറും നാല് സിക്സുമടക്കം 137 റണ്‍സ്. മടക്ക നടത്തത്തില്‍ ഹെഡിനെ ആദ്യം തേടിയെത്തിയത് ഇന്ത്യന്‍ നായകന്‍ രോഹിതിന്റെ അഭിനന്ദനമായിരുന്നു.

161 ദിവസം മുന്‍പൊരു പകല്‍

ഈ വർഷം ഇതാദ്യമായല്ല ഇന്ത്യയും ഓസ്ട്രേലിയയും ഒരു അന്താരാഷ്ട്ര ടൂർണമെന്റ് ഫൈനലില്‍ നേർക്കുനേർ വരുന്നത്. 161 ദിവസങ്ങള്‍ക്ക് മുന്‍പ് ചരിത്രം ഉറങ്ങുന്ന ഓവലില്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി ഇരുവരും ഏറ്റുമുട്ടി. അന്നും നേതൃത്വ സ്ഥാനത്ത് രോഹിതും കമ്മിന്‍സും തന്നെ. രണ്ട് വർഷം നീണ്ട പരിശ്രമത്തിന്റെ ആത്മവിശ്വാസവുമായായാരുന്നു ഇരുടീമുകളും കളത്തിലെത്തിയത്.

അന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ മുന്‍നിര പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. 76-3 എന്ന സ്കോറില്‍ സമ്മർദത്തിലായ ഓസീസിന് കൈത്താങ്ങായി അവതരിച്ചത് അഞ്ചാമനായി എത്തിയ ട്രാവിസ് ഹെഡായിരുന്നു. അന്ന് കൂട്ടിനുണ്ടായിരുന്നത് സാക്ഷാല്‍ സ്റ്റീവ് സ്മിത്തും. സ്മിത്തിനെ പോലെ ഇന്ത്യന്‍ ബൗളർമാരെ പ്രതിരോധിക്കുകയായിരുന്നില്ല ഹെഡ്. മറിച്ച് ആക്രമിക്കുകയായിരുന്നു.

174 പന്തില്‍ 25 ഫോറും ഒരു സിക്സും ഉള്‍പ്പടെ 163 റണ്‍സ്. ഹെഡിന്റെ കരുത്തില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ പടുത്തുയർത്തിയത് 469 റണ്‍സായിരുന്നു. ഓസീസിന്റെ ഈ സ്കോറിന് മുന്നിലായിരുന്നു ഇന്ത്യ ആദ്യം പരാജയപ്പെട്ടത്. അതില്‍ നിന്ന് ഒരു തിരിച്ചുവരവ് പിന്നീട് ഉണ്ടായില്ല. ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മുകളില്‍ വില്ലനായി ഹെഡ് അവതരിച്ചപ്പോള്‍ ഓസീസ് തങ്ങളുടെ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിലെത്തി. കളിയിലെ താരമായതും ഹെഡ് തന്നെ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം