ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയയ്ക്ക് തലവേദനയായി പരുക്ക്. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിന് ലോകകപ്പിന്റെ ആദ്യ പകുതി നഷ്ടമാകും. പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് ആണ് ഇടതുകൈയിലെ പരുക്കുമൂലം ഹെഡ് കളിക്കില്ലെന്ന വിവരം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയ്ക്കിടെയാണ് ഹെഡിന് പരുക്കേറ്റത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഹെഡിനെ ഒഴിവാക്കിയിരുന്നു. ഹെഡിനു പകരം ഇന്ത്യക്കെതിരായ പരമ്പരയില്‍ മരന്‍സ് ലബുഷാഗ്നെ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യയ്‌ക്കെതിരെയാണ് ഓസീസിന്റെ ആദ്യ മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാലാം ഏകദിനത്തിലെ ഏഴാം ഓവറില്‍ പ്രോട്ടിസ് സീമര്‍ ജെറാള്‍ഡ് കോറ്റ്സിയുടെ ഷോട്ട് ഡെലിവറി ഹെഡിന്റെ ഇടതുകൈയില്‍ തട്ടുകയും കൈക്ക് ഒടിവുണ്ടാവുകയും ചെയ്തു. ''ഇപ്പോള്‍ സമയപരിധിയുടെ പ്രശ്‌നമുണ്ട്, എങ്കിലും നിലവിലെ സാഹചര്യത്തില്‍ സര്‍ജറി ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്'' മക്ഡൊണാള്‍ഡ് പറഞ്ഞു. നീണ്ട വിശ്രമം ആവശ്യമായതുകൊണ്ട് തന്നെ ഹെഡിനെ ലോകകപ്പിന്റെ ആദ്യ പകുതിയില്‍ ലഭ്യമാകില്ലെന്നും, അവസാന മത്സരങ്ങളില്‍ അദ്ദേഹത്തെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് ആലോചിക്കുമെന്നും മക്‌ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യയ്‌ക്കെതിരെയാണ് ഓസീസിന്റെ ആദ്യ മത്സരം. അതിനിടെ ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബര്‍ 22-27 വരെ ഇന്ത്യയ്‌ക്കെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയിലും ഓസീസ് കളിക്കും. ഹെഡിന്റെ അഭാവത്തില്‍ മിച്ചല്‍ മാര്‍ഷാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കാമറൂണ്‍ ഗ്രീനിനും സാധ്യതയുണ്ടെങ്കിലും ഹെഡിന്റെ സ്‌ഫോടനാത്മക ബാറ്റിങിന്റെ നിലവാരത്തിലേക്ക് അദ്ദേഹത്തിന് എത്താന്‍ കഴിയുമോ എന്ന് സംശയമുണ്ട്.
ഹെഡിനെ കൂടാതെ ഓസ്‌ട്രേലിയന്‍ സീമര്‍മാരായ നഥാന്‍ എല്ലിസിനും സീന്‍ ആബര്‍ട്ടിനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ പരുക്കേറ്റിട്ടുണ്ട്. എല്ലിസിന് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌പെല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അബോട്ടിന് ഫാല്‍ഡിങ്ങിനിടെ പരുക്കേല്‍ക്കുകയും കൈവിരലില്‍ തുന്നല്‍ ആവശ്യമായി വരികയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 28 വരെ ടീമുകള്‍ക്ക് ലോകകപ്പ് സ്‌ക്വാഡുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും.