CRICKET

സച്ചിന്‍ ഉദിച്ചു! ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലില്‍

വെബ് ഡെസ്ക്

അണ്ടർ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. സെമി ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിനാണ് കീഴടക്കിയത്. സച്ചിന്‍ ധാസ് (96), നായകന്‍ ഉദയ് സഹാറന്‍ (81) എന്നിവരുടെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ മുന്‍ ചാമ്പ്യന്മാരെ സഹായിച്ചത്. ഇത് ഒന്‍പതാം തവണയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

245 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മുന്‍നിരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പേസ് നിരയുടെ അപ്രതീക്ഷിത ബൗണ്‍സറുകളെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്കോർ 32 റണ്‍സിലെത്തുന്നതിനിടെ നാല് വിക്കറ്റുകളായിരുന്നു നഷ്ടമായത്. ആദർശ് സിങ് (0), അർഷിന്‍ കുല്‍ക്കർണി (12), മുഷീർ ഖാന്‍ (4), പ്രിയാന്‍ഷു മോലിയ (5) എന്നിവർ പരാജയപ്പെട്ടു. ആദർശിനെ ക്വേന മഫാക മടക്കിയപ്പോള്‍ മറ്റ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് ട്രിസ്റ്റന്‍ ലൂസായിരുന്നു.

നായകന്‍ ഉദയ് സഹാറനും സച്ചിന്‍ ധാസും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിനായിരുന്നു ബെനോനിയിലെ മൈതാനം സാക്ഷ്യം വഹിച്ചത്. ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തകർച്ചയില്‍ നിന്ന് 'സച്ചിന്‍' കരകയറ്റുന്ന കാഴ്ച. ഇരുവരും കരുതലോടെയായിരുന്നു കൂട്ടുകെട്ടിന് തുടക്കമിട്ടത്. മൂന്ന് വിക്കറ്റുകള്‍ നേടിത്തന്ന ഷോർട്ട് ബോള്‍ തന്ത്രം ദക്ഷിണാഫ്രിക്ക വീണ്ടും പയറ്റിയപ്പോള്‍ ബാറ്റ് വെച്ചുകൊടുക്കാന്‍ ഉദയും സച്ചിനും തയാറായില്ല.

മെല്ലപ്പോക്കിന് അവസാനം കണ്ട് സച്ചിന്‍ തന്നെ തുടർച്ചയായ ബൗണ്ടറികളോടെ സ്കോറിങ്ങിന് തുടക്കമിട്ടു. ഉദയ് സച്ചിന് സ്ട്രൈക്ക് കൊടുക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കുകയായിരുന്നു. ഷോർട്ട് ബോളുകളെ ബൗണ്ടറി കടത്തി ദക്ഷിണാഫ്രിക്കയുടെ തന്ത്രം സച്ചിന്‍ പൊളിച്ചു. സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സച്ചിന്‍ വീണപ്പോള്‍ ഇന്ത്യ വിജയത്തോട് അടുത്തിരുന്നു. 95 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 96 റണ്‍സാണ് സച്ചിന്‍ നേടിയത്.

പിന്നാലെ എത്തിയ ആരവല്ലി അവനിഷും (10), മുരുഗന്‍ അഭിഷേകും (0) അതിവേഗം മടങ്ങി. വിജയത്തിന് ഒരു റണ്‍സകലെയാണ് നായകന്‍ ഉദയ് റണ്ണൗട്ടായത്. 124 പന്തില്‍ ആറി ഫോറുള്‍പ്പെടെ 81 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് പന്തില്‍ 13 റണ്‍സെടുത്ത രാജ് ലിംബാനിയാണ് വിജയം ഉറപ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും