CRICKET

ലക്ഷ്യം സെമിബെര്‍ത്തും ഒന്നാം സ്ഥാനവും; ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ

പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകില്ല. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് , മുഹമ്മദ് ഷമി എന്നിവര്‍ ഇന്നും ഇന്ത്യന്‍ നിരയിലുണ്ടാകും

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം ടീം ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരാനും ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും കളത്തിലിറങ്ങുമ്പോള്‍ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരുമായ ഇംഗ്ലണ്ടാണ്. ലഖ്‌നൗവിലെ ഏക്‌ന സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.

ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് ആരാധകര്‍ ഏറെ കാത്തിരുന്ന ആവേശപ്പോരാട്ടമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. എന്നാല്‍ ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍ മോശം ഫോമും തുടര്‍തോല്‍വികളും കാരണം നട്ടംതിരിഞ്ഞതോടെ മത്സരം ഏകപക്ഷീയമാകുമോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ആശങ്കപ്പെടുന്നത്.

നിലവില്‍ ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് കേവലം ഒരു ജയം മാത്രമുള്ള ഇംഗ്ലണ്ട് രണ്ടുപോയിന്റുമായി അവസാന സ്ഥാനത്താണ്. ഇന്ന് നേടുന്ന ജയം ഇന്ത്യക്ക് സെമി ബെര്‍ത്ത് ഉറപ്പാക്കും. അതേസമയം ഇന്നുകൂടി തോറ്റാല്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഇനി സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണമെന്ന സ്ഥിതിയിലാണ് അവര്‍.

ബാറ്റിങ്-ബൗളിങ് നിരയുടെ മിന്നുംപ്രകടനത്തിലാണ് ഇന്ത്യയുടെ കുതിപ്പ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും നല്‍കുന്ന തകര്‍പ്പന്‍ തുടക്കം പിന്നീട് എത്തുന്ന വിരാട് കോഹ്ലി-കെഎല്‍ രാഹുല്‍-ശ്രേയസ് അയ്യര്‍ എന്നിവര്‍ ഫലപ്രദമായി മുതലാക്കുന്നത് ഇന്ത്യക്ക് തുണയാകുന്നു. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ റണ്‍വഴങ്ങുന്നതില്‍ കാണിക്കുന്ന പിശുക്കും മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് എന്നിവരും കുല്‍ദീപ് യാദവ്-രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന സ്പിന്‍ വിഭാഗവും വിക്കറ്റ് കൊയ്യുന്നതില്‍ കാണിക്കുന്ന മികവും ഇന്ത്യയെ അജയ്യരാക്കുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്നതാണ് ഇന്ത്യക്ക് ആകെയുള്ള തലവേദന. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച സൂര്യകുമാര്‍ യാദവ് , മുഹമ്മദ് ഷമി എന്നിവര്‍ ഇന്നും ഇന്ത്യന്‍ നിരയിലുണ്ടാകും. ഇതോടെ അഞ്ച് മുന്‍നിര ബൗളര്‍മാരുമായാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുവശത്ത് ഇന്ത്യന്‍ നിരയില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ ഇല്ലാത്തതിനാല്‍ ഓള്‍റൗണ്ടറും വലങ്കയ്യന്‍ ഓഫ് സ്പിന്നറുമായ മൊയീന്‍ അലിയെ ഇംഗ്ലണ്ട് പുറത്തിരുത്തിയേക്കും. അലിക്കു പകരം പേസ് ഓള്‍റൗണ്ടര്‍ ഹാരി ബ്രൂക്കാകും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകുക. അതിനൊപ്പം തന്നെ മോശം ഫോമും പരുക്കും വലയ്ക്കുന്ന പേസര്‍ മാര്‍ക്ക് വുഡിനെയും ഇംഗ്ലണ്ട് പുറത്തിരുത്തിയേക്കും, പകരം ഗസ് അറ്റ്കിന്‍സണ്‍ ഇടംപിടിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം