CRICKET

അണ്ടര്‍ 19 ലോകകപ്പ് മുതല്‍ ഐപിഎല്‍ വരെ..; ദ ഗ്രേറ്റ് ഗബ്ബാര്‍ ഷോ

വെബ് ഡെസ്ക്

സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇന്നു രാവിലെയാണ് രണ്ടു പതിറ്റാണ്ട് നീണ്ട തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ പ്രഖ്യാപിച്ചത്. ''എന്റെ ക്രിക്കറ്റ് യാത്രയുടെ അധ്യായം ഇവിടെ അവസാനിപ്പിക്കുകയാണ്. എണ്ണമറ്റ ഓര്‍മ്മകളും നന്ദിയും ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജയ്ഹിന്ദ്'' -എന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ധവാന്‍ കുറിച്ചത്.

എണ്ണമറ്റ ഓര്‍മകള്‍ ഒപ്പം കൊണ്ടുപോകുന്നുവെന്ന് ധവാന്‍ പറയുമ്പോള്‍ രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികള്‍ക്കും എണ്ണമറ്റ ഓര്‍മകകളുടെ മാസ്മരക നിമിഷങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. 2004-ല്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടങ്ങി ഐപിഎല്‍ 2024 സീസണ്‍ വരെയുള്ള ഒട്ടനവധി നിമിഷങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ധവാന്‍ സംഭാവന ചെയ്തിട്ടുണ്ട്.

2004-ല്‍ ബംഗ്ലാദേശ് വേദിയായ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ ശിഖര്‍ ധവാന്‍ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായി മുഴങ്ങിക്കേള്‍ക്കുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് 84.16 ശരാശരിയില്‍, 93.51 സ്‌ട്രൈക്ക് റേറ്റില്‍ 505 റണ്‍സ് അടിച്ചുകൂട്ടിയ ധവാനായിരുന്നു ആ ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോറര്‍. പുറത്താകാതെ നേടിയ 155 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

2004 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ശിഖര്‍ ധവാന്റെ പ്രകടനം.

അന്ന് ധവാന് 122 റണ്‍സ് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് പിന്നീട് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഇതിഹാസ താരമായി മാറിയ അലിസ്റ്റര്‍ കുക്ക് ആയിരുന്നുവെന്ന് അറിയുമ്പോഴാണ് ധവാന്റെ മികവ് മനസിലാകുക. ഏഴ് ഇന്നിങ്‌സുകളില്‍ മൂന്നു സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയുമാണ് അന്ന് ധവാന്‍ കുറിച്ചത്. ടൂര്‍ണമെന്റിന്റെ താരവും മറ്റാരുമായിരുന്നില്ല. അണ്ടര്‍ 19 ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും അന്ന് ധവാന്‍ സ്വന്തമാക്കിയിരുന്നു.

ആ പ്രകടനം ധവാനെ ദേശീയ ടീമിന്റെ ഡ്രെസിങ് റൂമിലേക്ക് ഉടനെ എത്തിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ആറു വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഗബ്ബാറിന് ആ പടി കയറാന്‍. ഒടുവില്‍ 2010-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം. എന്നാല്‍ ദേശീയ ടീമില്‍ ഒരു 'റണ്‍ മെഷീന്‍' ആയി മാറാന്‍ ധവാന് വീണ്ടും മൂന്നുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു.

2013 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിലൂടെ ആ നല്ലകാലത്തിന്റെ വരവായി. ഏകദിന അരങ്ങേറ്റത്തില്‍ 'സംപൂജ്യനായി' മടങ്ങിയ പിഴവ് അരങ്ങേറ്റ ടെസ്റ്റില്‍ ധവാന്‍ ആവര്‍ത്തിച്ചില്ല. കന്നി ടെസ്റ്റില്‍ തന്നെ കന്നി സെഞ്ചുറി, അതും 85 പന്തുകളില്‍ നിന്ന്. ഇന്നും ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് ധവാന്റെ പേരില്‍ത്തന്നെ.

2013-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ശേഷം ശിഖര്‍ ധവാന്‍

ആ ഇന്നിങ്‌സില്‍ 187 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. അതും ഒരിന്ത്യന്‍ റെക്കോഡാണ്. അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡും ഇപ്പോഴും ധവാന് തന്നെ. രാജ്യാന്തര ക്രിക്കറ്റില്‍ എട്ടാമനുമാണ്. അവിടെ നിന്ന് പിന്നീടൊരു തിരിഞ്ഞുനോട്ടം ധവാനുണ്ടായില്ല. അടുത്ത അഞ്ചാറ് വര്‍ഷക്കാലത്തേക്ക് ദേശീയ ടീമില്‍ ധവാന്റെ ഓപ്പണിങ് സ്ഥാനത്തിന് ഇളക്കവുമുണ്ടായില്ല.

ചാമ്പ്യന്‍സ് ട്രോഫി ഹീറോ

ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴും വെറും അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ധവാന് കളിക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്ന് നേടാനായത് വെറും 69 റണ്‍സ് മാത്രം. എന്നാല്‍ 2013-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത് ധവാന്റെ തലവര മാറ്റി.

അക്ഷരാര്‍ത്ഥത്തില്‍ 'ഗബ്ബാര്‍ ഷോ' ആയിരുന്നു ആ ടൂര്‍ണമെന്റില്‍. ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനുമെതിരേ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ചുറി നേടിക്കൊണ്ടാണ് ധവാന്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. പിന്നീട് പാകിസ്താനെതിരേ 48 റണ്‍സും ശ്രീയങ്കയ്‌ക്കെതിരേ 68 റണ്‍സും നേടി. ഒടുവില്‍ മഴ 'കളിച്ച' ഫൈനലില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പ്രകടനം, 24 പന്തുകളില്‍ 31 റണ്‍സ്. ആ ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 90.75 ശരാശരിയില്‍ 101.39 സ്‌ട്രൈക്ക് റേറ്റില്‍ ആകെ 363 റണ്‍സാണ് ധവാന്‍ നേടിയത്. പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റും മറ്റാരുമല്ലായിരുന്നു.

2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ ശേഷം ശിഖര്‍ ധവാന്‍

ലിസ്റ്റ് എയിലും റണ്‍വേട്ട

2013 ആയിരുന്നു ധവാന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂ ഉണ്ടായ വര്‍ഷം. ടെസ്റ്റ് ക്രിക്കറ്റിലെയും ചാമ്പ്യന്‍സ് ട്രോഫിയിലെയും മിന്നുന്ന പ്രകടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത ധവാന്‍ ആ പ്രകടനം ലിസ്റ്റ് എ തലത്തിലേക്കും നീട്ടി. ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ നടന്ന ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മില്‍ നടന്ന ലിസ്റ്റ് എ പരമ്പരയിലും താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 150 പന്തുകളില്‍ 30 ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹലര േ248 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആ സമയത്ത് ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു അത്. നിലവില്‍ മൂന്നാമത്തെയും. അരുണാചല്‍ പ്രദേശിനെതിരേ തമിഴ്‌നാട് താരം എന്‍ ജഗദീഷന്‍ നേടിയ 277 റണ്‍സും ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മ നേടിയ 264 റണ്‍സുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ മിസ്റ്റര്‍ ഡിപ്പെന്‍ഡബിള്‍

2013 ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന താരമായി ധവാന്‍ മാറി. 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം ഇന്ത്യയുടെ ടോപ് സ്‌കോറര്‍ മറ്റാരുമായിരുന്നില്ല. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ധവാന്റെ സംഭാവന മികച്ചതായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ധവാന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്.

2015 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ ആഹ്‌ളാദം.

ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ ഐസിസി ടൂര്‍ണമെന്റുകളില്‍ ചുരുങ്ങിയത് 1000 റണ്‍സ് എങ്കിലും നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയെടുത്താല്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ധവാന്റേതാണ്, 65.15. ഈ ടൂര്‍ണമെന്റുകളില്‍ ആകെ കളിച്ച 20 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളുമടക്കം 1238 റണ്‍സാണ് ധവാന്‍ നേടിയത്. ഇതിനു പുറമേ 2014, 2018 ഏഷ്യാ കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ മറ്റാരുമായിരുന്നില്ല.

ഐപിഎല്ലിലും എന്നും ഷോ മാന്‍

ദേശീയ ടീം ജഴ്‌സിയില്‍ മാത്രമല്ല, ഐപിഎല്‍ ക്രിക്കറ്റിലും മിനിമം ഗ്യാരണ്ടി താരമായിരുന്നു ധവാന്‍. ഡല്‍ഹി ക്യാപിറ്റല്‍സ്(ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്), മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നീ അഞ്ച് ടീമുകളെ ഐപിഎല്ലില്‍ ധവാന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ സ്‌കോററായാണ് ധവാന്‍ ഇപ്പോള്‍ കളി അവസാനിപ്പിക്കുന്നത്. 222 മത്സരങ്ങളില്‍ നിന്ന് 32.25 ശരാശരിയിലും 127.14 സ്‌ട്രൈക്ക് റേറ്റിലുമായി 6769 റണ്‍സ് ആണ് ധവാന്റെ സമ്പാദ്യം. ഏറ്റവും മികച്ച റണ്‍സ് സ്‌കോറര്‍ ആണെങ്കിലും 167 ഇന്നിങ്‌സ് വേണ്ടി വന്നു ധവാന് ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ചുറി കുറിക്കാന്‍.

2020-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന്റെ തന്റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ ആഹ്‌ളാദം.

ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 2020-ലായിരുന്നു അത് കുറിച്ചത്. തൊട്ടടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേയും ധവാന്‍ സെഞ്ചുറി നേടി. അതോടെ ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറി നേടുന്ന ആദ്യ താരവുമായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍(768) നേടിയ താരവും ധവാനാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും