വനിതാ ഐ.പി.എല്‍. ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം വമ്പന്‍ തുകയ്ക്കു സ്വന്തമാക്കി വയകോം 18. അഞ്ചു വര്‍ഷക്കാലയളവിലേക്ക് 951 കോടി രൂപയ്ക്കാണ് അവര്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇതനുസരിച്ച് ഒരു മത്സരത്തിന് 7.09 കോടി രൂപ വീതം ബി.സി.സി.ഐയ്ക്ക് കമ്പനി നല്‍കും. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ലേലത്തില്‍ മറ്റൊരു പ്രമുഖ ഗ്രൂപ്പായ ഡിസ്‌നി സ്റ്റാറിനെ പിന്തള്ളിയാണ് വയകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് വനിത ഐ.പി.എല്ലിന്റെ പ്രഥമ സീസണിന് തുടക്കമാകുക. 2023 മുതല്‍ 2027 സീസണ്‍ വരെയുള്ള സംപ്രേഷണാവകാശമാണ് വയകോം സ്വന്തമാക്കിയത്. എട്ടു കമ്പനികളാണ് സംപ്രേഷണാവകാശത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ലേലത്തില്‍ വയകോമും ഡിസ്‌നി സ്റ്റാറും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ലേലത്തില്‍ വയകോമും ഡിസ്‌നി സ്റ്റാറും ചേര്‍ന്ന് 48,390.5 കോടി രൂപയ്ക്കാണ് പുരുഷ ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇതുപ്രകാരം 2026വരെയുള്ള പുരുഷ ഐ.പി.എല്‍. മത്സരങ്ങള്‍ ഇന്ത്യയില്‍ ഡിസ്‌നി സ്റ്റാറും മറ്റു രാജ്യങ്ങളില്‍ വയകോമുമാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. പുരുഷ ഐ.പി.എല്ലില്‍ സംപ്രേഷണാവകാശം വിറ്റതു വഴി ഒരു മത്സരത്തിന് 58 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് ലഭിക്കുന്നത്.
അഞ്ചു ടീമുകളാണ് പ്രഥമ വനിതാ ഐ.പി.എല്ലില്‍ ഉണ്ടാകുക. ആദ്യ മൂന്നു സീസണുകളില്‍ അഞ്ചു ടീമുകളും പിന്നീട് 2026 മുതല്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ലീഗ് വിപുലപ്പെടത്താനുമാണ് ബി.സി.സി.ഐ. ശ്രമിക്കുന്നത്. പ്രഥമ സീസണ്‍ മുതല്‍ കേരളത്തില്‍ നിന്നും ഒരു ടീം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലീഗ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ അന്തിമ പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും മാര്‍ച്ച് അഞ്ചു മുതല്‍ 23 വരെയായിരിക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുരുഷ ഐ.പി.എല്ലിന്റെ അതേ ഘടനയിലാണ് വനിതാ ലീഗും സംഘടിപ്പിക്കുന്നത്.
ലീഗ് റൗണ്ടില്‍ അഞ്ചു ടീമുകളും ഹോം-എവേ അടിസ്ഥാനത്തില്‍ രണ്ടു തവണ ഏറ്റുമുട്ടും. തുടര്‍ന്ന് പോയിന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫ് മത്സരവും ഒന്നും നാലും സ്ഥാനത്തെത്തിയ ടീമുകള്‍ തമ്മില്‍ എലിമിനേറ്റര്‍ പോരാട്ടവും നടക്കും. ഇതിലെ വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും.