രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ 500-ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ കോഹ്ലി ആദ്യ ദിനം തന്നെ അര്‍ധസെഞ്ചുറി നേടിയാണ് പട്ടികയില്‍ ടോപ് ഫൈവില്‍ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജാക്ക് കാലിസിനെയാണ് കോഹ്ലി ഇന്നലെ പിന്തള്ളിയത്.
നിലവില്‍ 500 മത്സരങ്ങളില്‍ നിന്ന് 53.67 ശരാശരിയില്‍ 25,548 റണ്‍സാണ് കോഹ്ലിയുടെ പേരിലുള്ളത്. 559 ഇന്നിങ്‌സുകളില്‍ നിന്ന് 75 സെഞ്ചുറികളും 132 അര്‍ധ സെഞ്ചുറികളും സഹിതമാണിത്. 519 മത്സരങ്ങളില്‍ നിന്ന് 62 സെഞ്ചുറികളും 149 അര്‍ധസെഞ്ചുറികളുമായി 25,534 റണ്‍സായിരുന്നു കാലിസിന്റെ പേരിലുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് മുന്നില്‍. 664 മത്സരങ്ങളില്‍ നിന്ന് 34,357 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 594 മത്സരങ്ങളില്‍ നിന്ന് 28,016 റണ്‍സുമായി ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയാണ് രണ്ടാമത്. ഓസ്ട്രേലിയയില്‍ നിന്നുള്ള റിക്കി പോണ്ടിംഗ് (560 മത്സരങ്ങളില്‍ 27,483 റണ്‍സ്), ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ (652 മത്സരങ്ങളില്‍ 25,957 റണ്‍സ്) എന്നിവരാണ് കോഹ്ലിക്ക് മുന്നില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
സെഞ്ചുറി നേടിയ ആക്ടീവ് പ്ലെയര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ ഒന്നാമന്‍ കോഹ്‌ലി തന്നെയാണ്
ഇന്നലെ തന്റെ 500ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ കോഹ്ലി 161 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. രണ്ടാം ദിവസമായ ഇന്ന് കരിയറിലെ 76-ാം രാജ്യാന്തര സെഞ്ചുറിയാണ് കോഹ്ലി പ്രതീക്ഷിക്കുന്നത്. സെഞ്ചുറികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കോഹ്ലി. 500 മത്സരങ്ങളില്‍ നിന്ന് 75 സെഞ്ചുറികളാണ് രാജ്യാന്തര തലത്തില്‍ കോഹ്ലിയുടെ പേരിലുള്ളത്. ഇക്കാര്യത്തിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് കോഹ്ലിക്ക് ബഹുദൂരം മുന്നില്‍. 664 മത്സരങ്ങളില്‍ നിന്ന് സച്ചിന്‍ സെഞ്ചുറികള്‍ കൊണ്ട് സെഞ്ചുറി തീര്‍ത്തിട്ടുണ്ട്.
സെഞ്ചുറി നേടിയ ആക്ടീവ് പ്ലെയര്‍മാരുടെ പട്ടികയില്‍ കോഹ്ലിക്ക് ഒന്നാം സ്ഥാനമുണ്ട്. 46 സെഞ്ചുറികളുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. 45 സെഞ്ചുറികളുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ മൂന്നാമതും 44 സെഞ്ചുറികളുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നാലാമതുമുണ്ട്.
111 ടെസ്റ്റുകളില്‍ നിന്ന് 49.38 ശരാശരിയില്‍ 8642 റണ്‍സാണ് കോഹ്‌ലി നേടിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യയുടെ അഞ്ചാമത്തെ താരമാണ് അദ്ദേഹം. 274 ഏകദിന മത്സരങ്ങളില്‍ നിന്ന് 57.32 ശരാശരിയില്‍ 12,898 റണ്‍സ് കോഹ്ലി അടിച്ചെടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ താരവും അദ്ദേഹം തന്നെ. ടി20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്‌ലി. 115 മത്സരങ്ങളില്‍ നിന്ന് 52.73 ശരാശരിയില്‍ 4,008 റണ്‍സ് നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറിയും 37 അര്‍ധസെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി.