ഒരു കുട്ടി ആരാധികയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനാണ് ബാര്‍ബഡോസ് സ്‌റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം കാണാനെത്തിയ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും അടുത്തേക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഓടിയെത്തി. മാത്രമല്ല കുട്ടി സ്വയം നിര്‍മിച്ചു സമ്മാനിച്ച ബ്രേസ്ലെറ്റ് സ്വീകരിക്കുകയും അവര്‍ക്കു മുന്നില്‍ വച്ചുതന്നെ അത് ധരിക്കുകയും ചെയ്തു. ബിസിസിഐ പങ്കുവച്ച താരത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും രണ്ടാം ഏകദിനത്തില്‍ ബിസിസിഐ വിശ്രമമനുവദിച്ചിരുന്നതിനാല്‍ ആരാധകര്‍ക്ക് അവര്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ സാധിച്ചില്ല. എന്നാല്‍ സമ്മാനം സ്വീകരിച്ചും ഓട്ടോഗ്രാഫ് നല്‍കിയും ഫോട്ടോയ്ക്ക് പോസ് ചെയ്തുമെല്ലാം കോഹ്‌ലി തന്റെ ആരാധകരെ സന്തോഷിപ്പിച്ചു. കുട്ടിയുടെ പിതാവ് താരത്തിന്റെ പെരുമാറ്റത്തെ പ്രശംസിക്കുന്നതും ബിസിസിഐയുടെ വീഡിയോയില്‍ കാണാം. '' ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ക്രിക്കറ്റ് ആരാധകരാണ്. എന്റെ മകള്‍ കോഹ്‌ലിക്കായി ബ്രേസ്ലെറ്റ് തയ്യാറാക്കി, അദ്ദേഹം അത് വാങ്ങി ധരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു'' കുട്ടിയുടെ പിതാവ് പറഞ്ഞു.
കോഹ്‌ലിക്കു പുറമെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരും ആരാധകര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ബിസിസിഐ പങ്കുവച്ചിട്ടുണ്ട്. രോഹിത്തിനും കോഹ്‌ലിക്കും വിശ്രമമനുവദിച്ച മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.