ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. വ്യക്തിപരമായ കാരണങ്ങളാലാണ് കോഹ്‌ലി വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും താരത്തിന്റെ സ്വീകാര്യത മാനിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ എക്‌സിൽ കുറിച്ചു.
വിട്ടുനിൽക്കാനുള്ള പ്രധാന കാരണം ഇതുവരെ താരമോ ക്രിക്കറ്റ് ബോർഡോ വ്യക്തമാക്കിയിട്ടില്ല. വിട്ടുനിൽക്കുന്ന കാര്യം ക്യാപ്റ്റന്‍ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായും കോഹ്‌ലി നേരത്തെ തന്നെ സംസാരിച്ചിരുന്നു. രാജ്യത്തിനു വേണ്ടി കളിക്കുന്നതു തന്നെയാണു കോഹ്‌ലിയുടെ പ്രഥമ പരിഗണനയെന്നും എന്നാൽ മറ്റുചില കാര്യങ്ങളിൽകൂടി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായത് കൊണ്ടാണ് ടീമില്‍നിന്നു വിട്ടുനിൽക്കുന്നതെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.
കോഹ്‌ലിയുടെ തീരുമാനത്തെ ബിസിസിഐ മാനിക്കുന്നു, കൂടാതെ ബോർഡും ടീം മാനേജ്‌മെന്റും അദ്ദേഹത്തിന്റെ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. കോഹ്‌ലിയുടെ അഭാവത്തിൽ മറ്റ് ടീം അംഗങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും ബിസിസിഐ കുറിച്ചു.
ഇന്ത്യക്കായി 113 ടെസ്റ്റ് മത്സരങ്ങളാണ് കോഹ്‌ലി കളിച്ചിട്ടുള്ളത്. 49.16 എന്ന ശരാശരിയിൽ, 191 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 8,848 റൺസാണ് ഇന്ത്യക്കായി കൊഹ്‌ലി നേടിയെടുത്തത്. 29 സെഞ്ചുറികളും 30 അർധസെഞ്ചുറികളും അടങ്ങിയതാണ് ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ നേട്ടം. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും കോഹ്‌ലി കളിച്ചിരുന്നില്ല.
അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ജനുവരി 25 - 29 തിയതികൾ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഫെബ്രുവരി 2-6 തിയതികളിൽ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് മത്സരം. യഥാക്രമം ഫെബ്രുവരി 15-19, ഫെബ്രുവരി 23-27, മാര്‍ച്ച് 7-11, ബാക്കി മത്സരങ്ങളും നടക്കും.