CRICKET

'ഈ നിമിഷത്തിന് വേണ്ടിയായിരുന്നു പതിറ്റാണ്ടോളം നീണ്ട കഠിനാധ്വാനം'; ചരിത്ര അരങ്ങേറ്റത്തിന് പിന്നാലെ മലയാളി താരം ആശ ശോഭന

വെബ് ഡെസ്ക്

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദനയുടെ കൈകളില്‍ നിന്ന് ക്യാപ് ഏറ്റുവാങ്ങുമ്പോള്‍ മലയാളി താരം ആശ ശോഭന പുതിയൊരു ചരിത്രം കുറിച്ചു. വനിത ക്രിക്കറ്റ് ചരിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായംകൂടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ലെഗ് സ്പിന്നറായ ആശ സ്വന്തമാക്കിയത്. ആദ്യമായി നീലക്കുപ്പായം അണിഞ്ഞപ്പോള്‍ ആശയുടെ പ്രായം 33 പിന്നിട്ടിരുന്നു. 31-ാം വയസില്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറിയ സീമ പൂജാരയുടെ റെക്കോഡാണ് ആശ മറികടന്നത്.

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിർണായക പങ്കുവഹിക്കാനും ആശയ്ക്ക് സാധിച്ചു. മൂന്ന് ഓവർ പന്തെറിഞ്ഞ ആശ മൂന്ന് വിക്കറ്റുകളാണ് നേടിയത്. മത്സരശേഷം ആശ നടത്തിയ പ്രതികരണവും വൈകാരികമായിരുന്നു.

"ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. 2012ല്‍ ഞാന്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അതിന് ശേഷം ഒരു നീണ്ട യാത്രയായിരുന്നു. ഈ നിമിഷത്തിന് വേണ്ടിയായിരുന്നു ഇത്രയും കാലം നീണ്ട കഠിനാധ്വാനം," ആശ പറഞ്ഞു.

സഹതാരങ്ങളോട് നന്ദി പറയാനും മലയാളി താരം മറന്നില്ല. "എന്റെ സഹതാരങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഹാരി (ഹർമന്‍പ്രീത് കൗർ), സ്‍മൃതി തുടങ്ങി എല്ലാവരും. എല്ലാവർക്കും തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം അവർ സൃഷ്ടിട്ടിച്ചിട്ടുണ്ട്. പ്രായം കേവലം അക്കം മാത്രമാണ്. ഈ ദിവസം അതിന്റെ ഉദാഹരണമാണ്. ഒരിക്കലും വിട്ടുകൊടുക്കരുത്," ആശ കൂട്ടിച്ചേർത്തു.

ആറാം ഓവറിലായിരുന്നു ഹർമന്‍ ആശയെ ആദ്യമായി പരീക്ഷിച്ചത്. ഒന്‍പതാം ഓവറില്‍ വീണ്ടും എത്തിച്ചു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗർ സുല്‍ത്താനയായിരുന്നു താരത്തിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ്. മൂന്നാമത്തെ ഓവറില്‍ ഷോർണ അക്തറിനെ പുറത്താക്കിയാണ് രണ്ട് വിക്കറ്റ് നേട്ടം പൂർത്തിയാക്കിയത്.

14 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 123 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഉയർത്തിയത്. ബംഗ്ലാദേശ് പോരാട്ടം 68 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 4-0 മുന്നിലെത്താന്‍‌‍ ഇന്ത്യയ്ക്കായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും