വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകൻ ഫില്‍ സിമ്മണ്‍സ് രാജിവെച്ചു. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജി. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയുമെന്ന് ഫില്‍ സിമ്മണ്‍സ് പറഞ്ഞു.
ട്വന്‍റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസ് പുറത്തായിരുന്നു. 12 ടീമുകൾ ഉൾപ്പെട്ട സൂപ്പർ 12 റൗണ്ടില്ലേക്ക് യോഗ്യത നേടാനായിരുന്നില്ല. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോട് തോറ്റു. രണ്ടാമത്തെ മത്സരത്തില്‍ സിംബാവെയ്‌ക്കെതിരെ വിജയം നേടി. എന്നാല്‍ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങി ലോകകപ്പില്‍ നിന്ന് പുറത്തായി. രണ്ട് തവണ ടി20 ലോക കിരീടം നേടിയിട്ടുള്ള ടീമാണ് വെസ്റ്റ് ഇൻഡീസ്
ടീമിന്റെ പ്രകടനം നിരാശജനകമെന്നായിരുന്നു ഫില്‍ സിമ്മണ്‍സിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവും. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയുമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന് ഫില്‍ സിമ്മണ്‍സ് നല്‍കിയ സംഭാവനയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ റിക്കി സ്കെറിറ്റ് നന്ദി പറഞ്ഞു.
2016 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റനായിരുന്ന ഫില്‍ സിമ്മണ്‍സ് ആയിരുന്നു. 2019ലാണ് ടീമിന്റെ കോച്ചായി ചുമതലയേറ്റെടുത്തത്.