2022 ഫെബ്രുവരി അഞ്ച്, ആന്റിഗ്വയില്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുള്ള സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടു സിക്‌സറുകള്‍ നേടിയാണ് 14 പന്ത് ബാക്കിനില്‍ക്കെ യുവതാരം ദിനേഷ് ബാന ടീമിനെ വിജയത്തിലെത്തിച്ചത്. ബാന പായിച്ച അവസാന ഷോട്ട് ഗ്യാലറിയില്‍ പറന്നിറങ്ങും മുമ്പേ തന്നെ സഹതാരങ്ങളുടെയെല്ലാം പേരിന് നേര്‍ക്ക് പല ശരി ചിഹ്നങ്ങളും വീണിരുന്നു. അവരില്‍ പലരും തങ്ങളുടെ സംസ്ഥാന രഞ്ജി ടീമുകളുടെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ഭാവി താരങ്ങളായി പ്രവചിക്കപ്പെടുകയും ചെയ്തു.
ആ ദിനം കഴിഞ്ഞ് ഇന്നേക്ക് കൃത്യം 695 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അന്നത്തെ 18 അംഗ സ്‌ക്വാഡിലെ എത്രപേര്‍ എവിടെയൊക്കെ എത്തി. വീണ്ടുമൊരു അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് നാളെ അമേരിക്കന്‍ മണ്ണില്‍ തുടക്കം കുറിക്കുമ്പോള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ഞെട്ടിക്കുന്നതാണ്. കേവലം ഒരേയൊരു താരത്തിനു മാത്രമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പടിവാതില്‍ തുറക്കാന്‍ കഴിഞ്ഞത്, അതും ഇക്കഴിഞ്ഞാഴ്ചത്തെ ടീം പ്രഖ്യാപനത്തിലൂടെ. ഏറിയാല്‍ രണ്ട്, അല്ലെങ്കില്‍ മൂന്നു പേര്‍ക്ക് മാത്രം ഐപിഎല്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഏതാനും ചിലര്‍ക്ക് രഞ്ജി ടീമുകളില്‍ ഒന്നോ രണ്ടോ അവസരം ലഭിച്ചു, അത്രമാത്രം.
ക്രിക്കറ്റ് ഒരു മതമായി മാറിയ ഇന്ത്യയില്‍ യുവതാരങ്ങള്‍ക്ക് എന്തുകൊണ്ട് അവസരങ്ങള്‍ ലഭിക്കാതെ പോകുന്നുവെന്നും എന്തുകൊണ്ട് അന്തപത്മനാഭന്മാരും സഞ്ജു സാംസണ്‍മാരും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്നും ഗൗരവത്തോടെ ആലോചിക്കേണ്ടി വരുന്ന സാഹചര്യവിശേഷമാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. കപില്‍ ദേവ് യുഗത്തിന് ശേഷം കൃത്യമായ ഇടവേളകളില്‍ സച്ചില്‍ തെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും അതിനു ശേഷം വിരാട് കോഹ്ലി, രോഹിത് ശര്‍മ, മഹേന്ദ്ര സിങ് ധോണിമാരും ഒക്കെ ഉയര്‍ന്നുവന്ന ഇന്ത്യയില്‍ ഇപ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അണ്ടര്‍ 19 ടീമിലെ പ്രതിഭകള്‍ തികഞ്ഞ അവഗണന നേരിടുകയാണെന്നു പറയാതെ വയ്യ.
2012-ല്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലെ ഇന്ത്യയെ നയിച്ച ഉന്മുക്ത് ചന്ദ് എന്ന യുവതാരം അവസരങ്ങള്‍ നോക്കിയിരുന്നു മടുത്ത് ഒടുവില്‍ ഇന്ത്യതന്നെ വിട്ട വാര്‍ത്ത അധികനാളായില്ല പുറത്തുവന്നിട്ട്. 2012 മുതല്‍ 2020 വരെയുള്ള എട്ടുവര്‍ഷങ്ങളാണ് ഉന്മുക്ത് ചന്ദ് ദേശീയ ടീമിലേക്ക് ഒരവസരം കാത്തിരുന്നത്. ഇതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തലതൊട്ടപ്പന്മാരില്ലാതെ പോയതിനാല്‍ ആ വാതില്‍ തുറക്കാനായില്ല.
ഒടുവില്‍ മനംമടുത്ത് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ഉന്മുക്ത് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ ലോക്കല്‍ ലീഗുകളില്‍ കളിച്ചു ശ്രദ്ധനേടിയ താരം ഇപ്പോള്‍ അമേരിക്കല്‍ ലീഗില്‍ ഇന്ത്യന്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സഹോദര ടീമായ ലോസ് ഏഞ്ചലസ് നൈറ്റ് റൈഡേഴ്‌സിലാണ് കളിക്കുന്നത്. ലോകക്രിക്കറ്റിലെ ഭാവിതാരങ്ങളെ 'കണ്ടെത്താനുള്ള വേദി'യെന്നു വിശേഷിപ്പിക്കപ്പെടുന്ന അണ്ടര്‍ 19 ലോകകപ്പില്‍ പ്രതിഭ തെളിയിച്ചിട്ടും വേണ്ടത്ര അവസരം ലഭിക്കാതെപോയ യുവതാരങ്ങളുടെ നീണ്ട പട്ടികയിലെ ഒരുപേരുകാരന്‍ മാത്രമാണ് ഉന്മുക്ത്. 2018-ലെ നായകന്‍ പൃഥ്വി ഷാ എന്നിവരൊക്കെ പട്ടികയിലെ തിളങ്ങുന്ന പേരുകാര്‍.
നമുക്ക് 2022 ടീമിലേക്ക് തന്നെ തിരിച്ചുവരാം. ഹൃഷികേശ് കനിത്കറുടെ പരിശീലനത്തിനു കീഴില്‍ അഞ്ചാം ലോകംകിരീടം നേടിയ ആ ടീമിലെ ചില പേരുകള്‍ നോക്കാം... നായകന്‍ യാഷ് ദുള്‍, ഉപനായകന്‍ ഷെയ്ഖ് റഷീദ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് ബാന, മധ്യനിര താരം ധ്രൂവ് ജൂറല്‍, പേസര്‍ രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍, മീഡിയം പേസര്‍ രാജ് ബാവ... ഇവരൊക്കെത്തന്നെ മിന്നുന്ന പ്രകടനവുമായി അന്ന് ആരാധകരെ അമ്പരപ്പിച്ചവരാണ്.
ഇതില്‍ ധ്രൂവ് ജൂറലിനെ ഏറെക്കുറേ രണ്ടു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നു. അപ്പോഴും മറ്റുള്ളവര്‍ കാണാമറയത്തുതന്നെ. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും കാഴ്ചവച്ച പ്രകടനമാണ് ജൂറലിനെ തഴയാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ബിസിസിഐയെ എത്തിച്ചത്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 46.47 ശരാശരിയില്‍ 790 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 249 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും സ്വന്തംപേരിലുണ്ട്.
ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു പുറമേ റെസ്റ്റ് ഓഫ് ഇന്ത്യ, ഉത്തര്‍പ്രദേശ് രഞ്ജി ടീം, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലും അവസരം ലഭിച്ചു. ഒടുവില്‍ ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരേ സ്വന്തം മണ്ണില്‍നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും ജൂറിലെ ഉള്‍പ്പെടുത്തി. എന്നാല്‍ ജൂറലിനൊപ്പം തന്നെ മികവ് തെളിയിച്ച ദുള്‍, ഹാങ്ഗര്‍ഗേക്കര്‍, ഷെയ്ഖ് റഷീദ്, ബാന എന്നിവരൊക്കെ പുറത്തുതന്നെയാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിലും ഡല്‍ഹി രഞ്ജി ടീമിലും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ദുള്ളിന് അവസരം നല്‍കി. കിട്ടിയ അവസരങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുതലാക്കാനും യുവതാരത്തിനായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 18 മത്സരങ്ങളില്‍ നിന്ന് 42.96 ശരാശരിയില്‍ 1203 റണ്‍സ് നേടിയിട്ടുള്ള താരം നാലു വീതം സെഞ്ചുറികളും അര്‍ധസെഞ്ചുറികളും കുറിച്ചിട്ടുണ്ട്. പുറത്താകാതെ നേടിയ 200 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ദേശീയ ടീമിലേക്ക് എത്താന്‍ ഇതുപോരെന്നാണ് സെലക്ടര്‍മാര്‍ പറയുന്നത്.
ഹാംഗര്‍ഗേക്കറുടെ കാര്യവും ഇതുപോലെതന്നെയാണ്. മികച്ച പേസര്‍മാരെ പലപ്പോഴും കണ്ടെത്താനാകാതെ ഉഴലുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്തൊമ്പതു തികയും മുമ്പേതന്നെ സാക്ഷാല്‍ അലന്‍ ഡൊണാള്‍ഡിന്റെയും വസീം അക്രത്തിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച യുവതാരമാണ് ഹാംഗര്‍ഗേക്കര്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായി കണക്കാക്കപ്പെടുന്ന മഹേന്ദ്ര സിങ് ധോണിയും ഹാംഗര്‍ഗേക്കറിനെ പ്രശംസ കൊണ്ടുമൂടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടതാണ്. എന്നാല്‍ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയ ഏതാനും അവസരങ്ങളും മഹാരാഷ്ട്ര രഞ്ജി ടീം നല്‍കിയ ഏതാനും അവസരങ്ങള്‍ക്കുമപ്പുറം മറ്റൊന്നും തേടിയെത്തിയിട്ടില്ല.
ടീമിലെ മറ്റംഗങ്ങളുടെയും സ്ഥിതി വിഭിന്നമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഒരു ട്രാന്‍സിഷന്‍ സോണിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാവിയെ മുന്‍നിര്‍ത്തി പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ബിസിസിഐ ശ്രമിക്കുമ്പോള്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ ആവശ്യം.
ട്വന്റി20 ക്രിക്കറ്റിന്റെ പിറവിക്ക് പിന്നാലെ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ 'ഭരിച്ചുതുടങ്ങിയ'തോടെയാണ് ഈ അവസ്ഥയ്ക്ക് തുടക്കമായതെന്നാണ് വിദഗ്ധരുടെ പക്ഷം. അതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മാത്രം മുന്‍നിര്‍ത്തിയായിരുന്നു യുവതാരങ്ങള്‍ക്ക് അവസരം നല്‍കിപ്പോന്നത്. എന്നാല്‍ ഐപിഎല്ലിന്റെ വരവോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആ ലീഗില്‍ മികവ് തെളിയിക്കുന്ന താരങ്ങള്‍ നേരിട്ട് ഇന്ത്യന്‍ ടീമിലേക്ക് കയറുന്ന സാഹചര്യമായി.
അങ്ങനെ് വളര്‍ന്നുവന്ന ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ പിന്നീട് ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി എന്നത് മറക്കുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ അവസരം ലഭിക്കുക ഏതാനും യുവതാരങ്ങള്‍ക്കു മാത്രമാണെന്നതും പ്ലേയിങ് ഇലവനില്‍ സാധ്യത ലഭിക്കുക അപൂര്‍വമാണെന്നുമുള്ളത് ഒരു വസ്തുത തന്നെയാണ്. ഈ സാഹചര്യത്തില്‍ അണ്ടര്‍ 19 ടീമിലെ യുവാക്കള്‍ക്ക് ഐപിഎല്‍ ടീമുകളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം. ഇതിലൂടെ അവര്‍ക്ക് മികച്ച മത്സരപരിചയം ലഭിക്കാന്‍ ഇടയാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
വരുന്ന ടി20 ക്രിക്കറ്റ് ലോകകപ്പില്‍പ്പോലും സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് മുന്‍താരങ്ങള്‍ ആവശ്യപ്പെടുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് ടി20 ലോകകപ്പ് വിടവാങ്ങല്‍ ടൂര്‍ണമെന്റ് ആയി നല്‍കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു ശേഷമുള്ള മത്സരങ്ങളിലെങ്കിലും ഇവര്‍ക്കു കൂടുതല്‍ അവസരമൊരുക്കണമെന്നാണ് ആവശ്യം. അതിനു മുന്നോടിയായി ഐപിഎല്ലില്‍ ഈ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കി അവര്‍ക്ക് തിളങ്ങാന്‍ സാഹചര്യമൊരുക്കിയാല്‍ ഭാവിയിലെ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പരിഗണനയ്ക്ക് കൂടുതല്‍ പേരുകള്‍ ഉറപ്പായും ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.