ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇപ്പോഴും ആഘോഷത്തിമിര്‍പ്പിലാണ്. കരീബിയന്‍ ദ്വീപിലെ ബാര്‍ബഡോസ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മയും സംഘവും കുട്ടിക്രിക്കറ്റിന്റെ പരമോന്നത കിരീടം ഉയര്‍ത്തിയിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ആഘോഷങ്ങള്‍ക്ക് ആവേശം കുറഞ്ഞിട്ടില്ല. വാഴ്ത്തുപാട്ടുകളും ജയ്‌വിളികളുമായി ആരാധകര്‍ അരങ്ങുവാഴുമ്പോള്‍ തലപുകഞ്ഞിരിക്കുന്ന ഒരു കൂട്ടരുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറത്ത്, അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെലക്ടര്‍മാര്‍.
ലോകകപ്പ് കിരീടമെന്ന സ്വപ്‌നനേട്ടവും കൊയ്ത് രോഹിതും വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുമടക്കം മൂന്നു സീനിയര്‍ താരങ്ങള്‍ ഒരുമിച്ചു ട്വന്റി 20 ക്രിക്കറ്റില്‍ നിന്നു പടിയിറങ്ങിപ്പോയതോടെ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള ബൃഹദ്ചുമതലയാണ് അവരുടെ ചുമലില്‍ വന്നുപെട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത രാജ്യത്ത് മികച്ച യുവതാരങ്ങളെ കണ്ടെത്തുക പ്രയാസമല്ല. പക്ഷേ ഒരു മികച്ച നായകനെ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
രോഹിത് എന്ന മികച്ച നായകനു ശേഷം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയെ ആര് നയിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഹാര്‍ദ്ദിക്കിനൊപ്പം തന്നെ നായകസ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുപിടി താരങ്ങളുണ്ടെന്നതാണ് സെലക്ടര്‍മാര്‍ക്ക് തലവേദനയായിരിക്കുന്നത്. ഈ ലോകകപ്പിന്റെ ഹീറോ ജസ്പ്രീത് ബുംറ, ട്വന്റി 20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, നായകമികവു കൊണ്ട് നേരത്തെ തന്നെ ശ്രദ്ധനേടിയിട്ടുള്ള ഋഷഭ് പന്ത്, മൂന്നുഫോര്‍മാറ്റിലും മികവ് തെളിയിച്ചിട്ടുള്ള ശുഭ്മാന്‍ ഗില്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളവരാണ്.
ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര സിംബാബ്‌വെയ്‌ക്കെതിരേ അവരുടെ മണ്ണിലാണ്. ലോകകപ്പില്‍ കളിച്ച ഒട്ടുമിക്ക താരങ്ങള്‍ക്കും വിശ്രമം നല്‍കി ഗില്ലിന്റെ നേതൃത്വത്തില്‍ ഒരുപറ്റം യുവതാരങ്ങളെയാണ് സിംബാബ്‌വെയിലേക്ക് അയച്ചിരിക്കുന്നത്. ഈ പര്യടനം പൂര്‍ത്തിയാകുമ്പോഴേക്കും കുട്ടിക്രിക്കറ്റിനായി ഒരു സ്ഥിരം നായകനെ സെലക്ടര്‍മാര്‍ക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ സാഹര്യത്തില്‍ മേല്‍പ്പറഞ്ഞവരില്‍ ആരെയാകും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക? അവരില്‍ ആര്‍ക്കാണ് മെറിറ്റ് കൂടുതല്‍, ഒന്നു പരിശോധിക്കാം.
1.) ഹാര്‍ദ്ദിക് പാണ്ഡ്യ
നായകസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. 2024 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ടീമിന്റെ ഉപനായകന്‍ കൂടിയായിരുന്ന ഹാര്‍ദ്ദിക് ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്‍ണായക സംഭാവനയാണ് നല്‍കിയത്.
ടി20 ഫോര്‍മാറ്റില്‍ നായകനെന്ന നിലയില്‍ മികച്ച പരിചയ സമ്പത്ത് ഉണ്ടെന്നതും ഹാര്‍ദ്ദിക്കിന്റെ പ്ലസ് പോയിന്റാണ്. 2022-ല്‍ നായകനെന്ന നിലയില്‍ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കും 2023-ല്‍ റണ്ണറപ്പ് സ്ഥാനത്തേക്ക് എത്തിക്കാനും ഹാര്‍ദ്ദിക്കിനായി. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് ഹാര്‍ദ്ദിക്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ 16 ടി20 മത്സരങ്ങളില്‍ നയിച്ചിട്ടുമുണ്ട് ഹാര്‍ദ്ദിക്. ഇതില്‍ 10 ജയവും അഞ്ച് തോല്‍വിയും ഒരു ടൈയുമാണ് പേരിലുള്ളത്. മൂന്നു ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക് രണ്ട് ജയവും ഒരു തോല്‍വിയും നേരിട്ടുണ്ട്.
നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും നായകപാടവവും മികച്ച പ്രകടനവും ഒരേപോലെ കൊണ്ടുപോകുന്നതില്‍ ഹാര്‍ദ്ദിക് പരാജയമായിരുന്നു
വെല്ലുവിളികള്‍:- നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും നായകപാടവവും മികച്ച പ്രകടനവും ഒരേപോലെ കൊണ്ടുപോകുന്നതില്‍ ഹാര്‍ദ്ദിക് പരാജയമായിരുന്നു. നായകനെന്ന ചുമതലയും ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന ചുമതലയും ഒരേപോലെ വഹിക്കാന്‍ ഹാര്‍ദ്ദിക് പരാജയപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കണ്ടത്. ഹാര്‍ദ്ദിക്കിന്റെ നായകത്വത്തിനു കീഴില്‍ മുംബൈ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇതിനു പുറമേ ശാരീരിക ക്ഷമതയും താരത്തിന് വലിയ വെല്ലുവിളിയാണ്. മിക്കപ്പോഴും പരുക്കിന്റെ പിടിയിലാകുന്ന ഒരു താരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ നാലോവര്‍ തികച്ച് ബൗള്‍ചെയ്യാന്‍ പലപ്പോഴും ഹാര്‍ദ്ദിക് കഴിയാതെ പോകുന്നുവെന്നും വിമര്‍ശനമുണ്ട്. കൂടാതെ ഏകദിന ടീമിലെയും നിര്‍ണായക സ്വാധീനമുള്ള ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക്കിന് രണ്ടു ഫോര്‍മാറ്റും കൂടി ഒരുപോലെ ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.
2.) സൂര്യകുമാര്‍ യാദവ്
രാജ്യാന്തര ട്വന്റി20യില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. ടി20യില്‍ ഇന്ത്യയുടെ അഗ്രസീവ് സമീപനത്തില്‍ ഏറ്റവും നിര്‍ണായക സ്വാധീനമുള്ള താരം. കഴിഞ്ഞവര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരകളില്‍ ഇന്ത്യയെ നയിച്ചത് സൂര്യയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന മത്സരത്തില്‍ 56 പന്തില്‍ 106 റണ്‍സ് അടിച്ചുകൂട്ടി നായക പദവി തന്റെ ബാറ്റിങ്ങിനെ ബാധിക്കില്ലെന്നു തെളിയിക്കാനും സൂര്യയ്ക്കായി. കൂടാതെ ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റുകളില്‍ സ്ഥിര സാന്നിധ്യമല്ലാത്തതിനാല്‍ ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ കഴിയുമെന്ന പ്ലസ്‌പോയിന്റുമുണ്ട് സൂര്യയ്ക്ക്.
വെല്ലുവിളി:- നായകപദവിയില്‍ വേണ്ടത്ര പരിചയസമ്പത്ത് ഇല്ലയെന്നതു മാത്രമാണ് സൂര്യ നേരിടുന്ന വെല്ലുവിളി. സൂര്യയെ മാറ്റിനിര്‍ത്തില്‍ ഒരു ടി20 സ്‌ക്വാഡ് ഇന്ത്യയ്ക്ക് സങ്കല്‍പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.
3.) ജസ്പ്രീത് ബുംറ
എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയാണ് ടീമിന്റെ സമീപകാല വിജയങ്ങളുടെയെല്ലാം പിന്നില്‍ എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. നായകനെന്ന നിലയിലുള്ള പരിചയസമ്പത്ത് കുറവാണെങ്കിലും കൂര്‍മബുദ്ധിയിലും ഗെയിം റീഡ് ചെയ്യാനുള്ള കഴിവിലും ബുംറ അഗ്രഗണ്യനാണ്. ടീമിന്റെ ഉപനായകനായി പ്രവര്‍ത്തിച്ചുള്ള പരിചയസമ്പത്തുമുണ്ട്. കഴിഞ്ഞ വര്‍ഷം പരുക്കില്‍ നിന്നുള്ള തിരിച്ചുവരവില്‍ അയര്‍ലന്‍ഡിനെതിരേ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തിട്ടുണ്ട്.
വെല്ലുവിളി:- ശക്തി തന്നെയാണ് ബുംറയുടെ ദൗര്‍ബല്യവും. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ആയതിനാല്‍ ട്വന്റി 20 ഫോര്‍മാറ്റിന്റെ നായകസ്ഥാനം എന്ന അധികചുമതല കൂടി നല്‍കി താരത്തിന് സമ്മര്‍ദ്ദമേറ്റാന്‍ സെലക്ടര്‍മാര്‍ തയാറായേക്കില്ല.
4.) ഋഷഭ് പന്ത്
2022 ഡിസംബറില്‍ നേരിട്ട കാറപകടത്തെത്തുടര്‍ന്നുണ്ടായ ഗുരുതരമായ പരുക്കുകള്‍ക്കു ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഋഷഭ് പന്ത് നടത്തിയത്. 2024 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ഋഷഭ് പന്ത് ടീമിന്റെ ടോപ്‌സ്‌കോററുമായി. അതിനു മുമ്പ് 2022-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടീം ഇന്ത്യയെ നയിച്ച പരിചയവും ഋഷഭിനുണ്ട്.
വെല്ലുവിളികള്‍:- ട്വന്റി 20 പ്ലേയിങ് ഇലവനില്‍ സ്ഥിരതയുള്ള സ്ഥാനം ഇതുവരെ ഉറപ്പാക്കാനായിട്ടില്ലെന്നതാണ് ഋഷഭ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല ഒരു സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു പകരം അവിടെ പരീക്ഷണങ്ങള്‍ നടത്താനും ടീം മാനേജ്‌മെന്റ് ധൈര്യം കാട്ടുമ്പോള്‍ ഋഷഭില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സാധ്യതകുറവാണ്.
5.) ശുഭ്മാന്‍ ഗില്‍
ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് 2024 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശുഭ്മാന്‍ ഗില്ലിനെയാണ് സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവനിരയുടെ നായക സ്ഥാനം ബിസിസിഐ ഏല്‍പിച്ചിരിക്കുന്നത്. 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ലെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ടോപ് ഓര്‍ഡറില്‍ സ്ഥിരം സ്ഥാനമുണ്ടാകും എന്ന സൂചനയാണ് ഇതിലൂടെ ബോര്‍ഡ് നല്‍കുന്നത്. പ്രത്യേകിച്ച് രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കലിനു ശേഷം. ഈ സാഹചര്യത്തില്‍ സിംബാബ്‌വെയില്‍ മികവ് തെളിയിച്ചാല്‍ ഗില്ലിനും സാധ്യതയില്ലാതില്ല.
വെല്ലുവിളി:- ക്യാപ്റ്റന്‍സി പരിചയം ഇല്ലയെന്നതാണ് ഗില്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍ ഏകദിന-ടെസ്റ്റ് ടീമിലെ നിര്‍ണായക താരമായ ഗില്ലില്‍ ടീം മാനേജ്‌മെന്റ് ഭാവി നായകനെ കാണുന്നുണ്ടെന്നത് താരത്തിന് പിടിവള്ളിയാണ്.