മുംബൈയെ 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക' എന്ന് വിളിച്ചാല്‍ തെറ്റ് പറയാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ലോക നെറുകയിലേക്ക് കുതിച്ചുകയറിയപ്പോള്‍ അതിനു പിന്നില്‍ ഈ നഗരത്തിന്റെ പങ്ക് ചെറുതല്ല, അത്രയേറെ മൂല്യമുള്ള കളിക്കാരെയാണ് മുംബൈ ക്രിക്കറ്റിനായി എന്നും വളര്‍ത്തിയെടുത്തിട്ടുള്ളത്. ഇവിടെനിന്ന് വന്ന് ഇന്ത്യയ്ക്കായി കളിച്ചവരുടെ പട്ടിക വളരെ വലുതാണെന്നു മാത്രമല്ല ഇന്നും അനസ്യൂതം നീളുകയും ചെയ്യുന്നു. 1983 ലോകകപ്പിലെ 14 അംഗ ടീമില്‍ അഞ്ച് കളിക്കാര്‍ മുംബൈയില്‍ നിന്നുള്ളവരായിരുന്നു. അതില്‍ ഒരാളായിരുന്നു പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായി മാറിയ ദിലീപ് വെങ്‌സര്‍ക്കര്‍.
കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയ വമ്പന്മാര്‍ക്കിടയില്‍ മങ്ങിപ്പോയ പേരാണ് ദിലീപ് വെങ്‌സര്‍ക്കറുടേത്. പകരം വയ്ക്കാനില്ലാത്ത ബാറ്റിങ് മികവും അസാധാരാണ കളിശൈലിയും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് വേണ്ടത്ര ആരാധകപ്രീതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. 83 ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ച ഒരു താരമായിരുന്നു അദ്ദേഹം. പക്ഷേ അവിടെയും വിധി അദ്ദേഹത്തെ വേട്ടയാടി. അപ്രതീക്ഷിതമായി വന്ന പരുക്ക് അദ്ദേഹത്തിന്റെ സ്വപ്ങ്ങളെ തകര്‍ത്തു കളഞ്ഞു. ആ ലോകകപ്പില്‍ ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളു. തന്റെ രണ്ടാം മത്സരത്തില്‍ ഓവലില്‍ വെസ്റ്റ്ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ മാല്‍ക്കം മാര്‍ഷലിന്റെ ബൗണ്‍സറില്‍ സാരമായി പരുക്കേറ്റു വെങ്‌സര്‍ക്കര്‍ക്ക് കളം വിടേണ്ടി വന്നു.
വിന്‍ഡീസിനെതിരെ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയതായിരുന്നു ഇന്ത്യ. ആദ്യ രണ്ട് വിക്കറ്റുകള്‍ വീണതിന് ശേഷം മൂന്നാം നമ്പര്‍ താരം മൊഹീന്ദര്‍ അമര്‍ നാഥും വെങ്‌സര്‍ക്കറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 37 പന്തില്‍ 32 റണ്‍സുമായി വെങ്‌സര്‍ക്കര്‍ ആയിരുന്നു ക്രീസില്‍, മാര്‍ഷല്‍ എറിഞ്ഞ ഒരു ബൗണ്‍സര്‍ അദ്ദേഹത്തിന്റെ താടിയെല്ലില്‍ തട്ടി. രക്തമൊലിപ്പിച്ചു ക്രീസില്‍ വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. താടിയെല്ലിനു പൊട്ടലും മുഖത്ത് ഏഴു ഏഴ് തുന്നലുകളുമായി അദ്ദേഹത്തിന്റെ ലോകകപ്പ് അവിടെ തീര്‍ന്നു.
ഈ മത്സരത്തിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്ലേയിങ് ഇലവനിലും വെങ്‌സര്‍ക്കര്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ അദ്ദേഹത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. പക്ഷേ അദ്ദേഹത്തിന്റെ 16 വര്‍ഷത്തെ ദേശീയ ക്രിക്കറ്റ് കരിയര്‍ പരിശോധിച്ചാല്‍ നേട്ടങ്ങളുടെ ഒരു വലിയ നിര തന്നെ കാണാന്‍ സാധിക്കും.
താടിയെല്ലിലെ ഏഴ് തുന്നലുകളുമായി ദിലീപിന്റെ ആ ലോകകപ്പ് യാത്രയ്ക്ക് വിരാമമിട്ടു
1975 ല്‍ ഇറാനി ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമായി റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നേടിയ സെഞ്ചുറിയാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ നാഴികക്കല്ലായത്. ആ മത്സരത്തില്‍ ക്രീസില്‍ തകര്‍ത്തടിച്ചുകൊണ്ടിരുന്ന വെങ്‌സര്‍ക്കറിനെ കണ്ട് അന്ന് കമന്റേറ്ററായിരുന്നു ഇന്ത്യന്‍ മുന്‍ ലാലാ അമര്‍നാഥ് താരതമ്യം ചെയ്തത് ഇതിഹാസ താരം കേണല്‍ സി.കെ. നായിഡുവിന്റെ ബാറ്റിങ് ശൈലിയോടാണ്. ആ കമന്ററിയിലൂടെ വെങ്‌സര്‍ക്കറിന് 'കേണല്‍' എന്ന വിളിപ്പേരും വീണു.
സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ദിലീപിന് ആ പ്രകടനം മതിയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച അദ്ദേഹം 20ാം വയസ്സില്‍ ദേശീയ ടീമില്‍ ഇടം നേടി. 1975-76 ല്‍ ഓക്‌ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് അന്താരാഷ്ട്ര അരങ്ങേറ്റം. ഓപ്പണിങ് ബാറ്റ്‌സ്മാനായാണ് ആദ്യം ചുവടുവച്ചതെങ്കിലും വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയി. കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം മധ്യനിരയില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു.
തനിക്ക് അനുയോജ്യമായ സ്ലോട്ടില്‍ ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സുകള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ കന്നി സെഞ്ചുറി. വിന്‍ഡീസിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ 157 റണ്‍സാണ് വെങ്‌സര്‍ക്കര്‍ അടിച്ചെടുത്തത്. ആ ഇന്നിങ്‌സില്‍ സുനില്‍ ഗാവസ്‌കറുമായി ഉണ്ടാക്കിയ 344 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് അദ്ദേഹത്തിന്റെ യാത്രയ്ക്ക് ബലം നല്‍കി. 1979 ല്‍ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ പാകിസ്താനെതിരെ നേടിയ 146 റണ്‍സ് ദിലീപ് വെങ്‌സര്‍ക്കറുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. ആ മത്സരം ഇന്ത്യയുടെ പുതിയ ഹീറോയുടെ പിറവി കൂടിയായിരുന്നു.
80 കളിലെ ഉജ്ജ്വലമായ ബാറ്റിങ് പ്രകടനത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പലതവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു
ലോര്‍ഡ്‌സ് മൈതാനം അദ്ദേഹത്തിന് ഹോം ഗ്രൗണ്ട് പോലെയായിരുന്നു. ലോര്‍ഡ്‌സില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ചുറി നേടിയ വെങ്‌സര്‍ക്കറിനെ ആരാധകര്‍ 'ലോര്‍ഡ് ഓഫ് ലോര്‍ഡ്‌സ്' എന്ന് വിളിച്ചു. അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം മൂന്ന് ലോകകപ്പുകളിലാണ് (1979,1983,1987) കളിച്ചത്. ഉജ്ജ്വലമായ ബാറ്റിങ് പ്രകടനത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പലതവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം 80കളുടെ അവസാനം കുറച്ച് കാലം ടീമിനെ നയിക്കാനുള്ള ഊഴം അദ്ദേഹത്തിന്റെ മേല്‍ വന്ന് വീണതും.
1987ലെ ലോകകപ്പിന് ശേഷം ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ നായകന്റെ തൊപ്പി ധരിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. 18 ഏകദിനങ്ങളിലും 10 ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചപ്പോള്‍ ഇന്ത്യ എട്ട് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മാത്രമാണ് വിജയിച്ചത്. 1988 ല്‍ ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തുമ്പോള്‍ വെങ്‌സര്‍ക്കര്‍ ആയിരുന്നു ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ ദിലീപിന് വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ആ സമയത്ത് ബാറ്റിങ്ങിലൂടെ തീപ്പൊരി പാറിച്ച അദ്ദേഹം ദീര്‍ഘകാലം ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി തുടര്‍ന്നു.
തന്റെ ടെസ്റ്റ് കരിയറില്‍ ദിലീപ് വെങ്സര്‍ക്കാര്‍ 116 മത്സരങ്ങള്‍ കളിച്ചു. 42.13 ശരാശരിയില്‍ 6868 റണ്‍സ് നേടിയിട്ടുണ്ട്. 17 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും നേടി. ഇതിന് പുറമെ ഏകദിന കരിയറിലുടനീളം കേണല്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. 129 ഏകദിനങ്ങളില്‍ നിന്ന് 34.73 ശരാശരിയില്‍ 3508 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി മാത്രമാണ് പിറന്നത്.
വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ ക്രിക്കറ്റ് ലോകത്ത് ആധിപത്യം പുലര്‍ത്തിയപ്പോള്‍ അവരെ മറികടന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വെങ്സര്‍ക്കര്‍. ഇന്ത്യക്കായി 100 ടെസ്റ്റുകളോ അതിലധികമോ മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹം. 1992ലാണ് അദ്ദേഹം തന്റെ വിസ്മയകരമായ കരിയറിന് തിരശ്ശീല വീഴ്ത്തിയത്. വിരമിക്കുമ്പോള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി നേടിയ സെഞ്ചുറികളുടെയും റണ്ണുകളുടെയും കാര്യത്തില്‍ സുനില്‍ ഗവാസ്‌കറിന് തൊട്ടുപിന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. പാഡഴിച്ചതിന് ശേഷം കേണല്‍ 1995 ല്‍ എല്‍ഫ്-വെങ്‌സര്‍ക്കാര്‍ അക്കാദമി ആരംഭിച്ചു. 2006ല്‍ അദ്ദേഹത്തെ ബിസിസിഐ സെലക്ടര്‍മാരുടെ ചെയര്‍മാനായി നിയമിച്ചു.