കരീബിയന്‍ ദ്വീപുകളിലും അമേരിക്കന്‍ ഐക്യനാടുകളിലുമായി അടുത്തവര്‍ഷം അരങ്ങേറുന്ന ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങാന്‍ ടീം ഇന്ത്യയ്ക്ക് മുന്നില്‍ അധികം സമയമൊന്നും അവശേഷിക്കുന്നില്ല. 20 ടീമുകളെ ഉള്‍ക്കൊള്ളിച്ച് ജൂണ്‍ നാലു മുതല്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള തയാറെടുപ്പിന് ഇന്ത്യക്ക് ശേഷിക്കുന്നത് എട്ട് രാജ്യാന്തര ടി20 മത്സരങ്ങളും ഒരു ഐപിഎല്‍ സീസണും മാത്രം.
ഈ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തി വേണം സെലക്ഷന്‍ കമ്മിറ്റിക്ക് ലോകകപ്പിനുള്ള സ്‌ക്വാഡിനെ കണ്ടെത്താനും തന്ത്രങ്ങള്‍ മെനയാനും. ഈ ധര്‍മസങ്കടത്തിലിരിക്കുന്ന സെലക്ടര്‍മാര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുകയാണ് 'ടി20 ലോകകപ്പില്‍ ആര് ടീം ഇന്ത്യയുടെ ഇന്നിങ്‌സ് തുറക്കും' എന്ന ചോദ്യം. ആറ് മാസത്തിനപ്പുറം ലോകകപ്പ് പോരാട്ടം ആരംഭിക്കുമ്പോള്‍ ആ റോള്‍ കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങളാണ് സെലക്ടര്‍മാരുടെ പട്ടികയിലുള്ളത്. ഇവരില്‍നിന്ന് രണ്ടുപേരെ തിരഞ്ഞെടുക്കുകയെന്നതാണ് അവരുടെ ഏറ്റവും വലിയ തലവേദന.
ടീം ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പട്ടികയില്‍ ഉണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് യുവതാരങ്ങളെ അയയ്ക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെങ്കില്‍ ഇവര്‍ മാറിനിന്നേക്കും. ആ സാഹചര്യത്തില്‍ യശ്വസി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. ലോകകപ്പിന് ഇനി ഈ അഞ്ചുപേരുടെ സാധ്യതകള്‍ എങ്ങനെയെന്നു പരിശോധിക്കാം.
1. യശ്വസി ജയ്‌സ്വാള്‍
ഓഗസ്റ്റിലാണ് ജയ്‌സ്വാള്‍ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഇതുവരെ ഇന്ത്യക്കായി 11 മത്സരങ്ങളാണ് താരം കളിച്ചത്. അതിനോടകം തന്നെ ടീം ഇന്ത്യയുടെ ഭാവി താരം, ഓപ്പണര്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നേടിയെടുക്കാനായി. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാനുള്ള മികവാണ് യശ്വസിയുടെ ഏറ്റവും മികച്ച പ്ലസ്‌പോയിന്റായി ക്രിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പ് ക്രിക്കറ്റിനുശേഷം രാജ്യാന്തര തലത്തിലാകമാനം 132 താരങ്ങളാണ് ടി20 തലത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യ 10 പന്തുകളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് ഉള്ള താരങ്ങളുടെ പട്ടികയെടുത്താല്‍ ജയ്‌സ്വാളാണ് രണ്ടാം സ്ഥാനത്ത്. 167.51 ആണ് ആദ്യ പന്ത് പന്തില്‍ ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ്.
ബൗളിങ്ങിലും അരക്കൈ നോക്കാന്‍ ജയ്‌സ്വാളിന് കഴിയും. വിവിധ തലത്തിലായി 76 ടി20 മത്സരങ്ങളില്‍ ജയ്‌സ്വാള്‍ കളിച്ചിട്ടുണ്ടെങ്കിലും വെറും 19 പന്തുകള്‍ മാത്രമാണ് ഇതുവരെ എറിഞ്ഞത്. എന്നാല്‍ ലെഗ്‌സ്പിന്നറുകള്‍ എറിയാന്‍ താരത്തിന് പ്രത്യേക കഴിവുണ്ടെന്ന് നെറ്റ്‌സിലെയും ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
2. ഇഷാന്‍ കിഷന്‍
വിക്കറ്റ് കീപ്പര്‍ ആണെന്നതാണ് ഓപ്പണര്‍ സ്ഥാനത്തേക്കുള്ള സഹമത്സരാര്‍ഥികളില്‍നിന്ന് ഇഷാന്‍ കിഷനെ വ്യത്യസ്തനാക്കുന്നത്. കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്ത് എന്ന് തിരിച്ചുവരുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലും മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ട്വന്റി20 പദ്ധതികളുടെ ഭാഗമല്ലാത്തതനാലും ഇവര്‍ക്കുപകരം വെല്ലുവിളിയാകാന്‍ സാധ്യതയുള്ള ജിതേഷ് ശര്‍മയ്ക്ക് 30 വയസ് പിന്നിട്ടതിനാലും ടി20 ലോകകപ്പില്‍ വിക്കറ്റിനു പിന്നില്‍ ഇഷാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അല്ലെങ്കില്‍ ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറായ കെ.എല്‍. രാഹുലിനെ സെലക്ടര്‍മാര്‍ പരിഗണിക്കണം.
പക്ഷേ വിക്കറ്റിനു മുന്നിലേക്കു വരുമ്പോള്‍ ഇഷാന്‍ പ്രതീക്ഷകള്‍ക്ക് ഒപ്പമെത്തുന്നില്ലെന്നത് സെലക്ടര്‍മാരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമുള്ള ഇഷാന്റെ പ്രകടനങ്ങള്‍ തീര്‍ത്തും ദയനീയമാണ്. കളിച്ച 13 (ഇന്നലത്തെ മത്സരത്തിന് മുമ്പുള്ള കണക്ക് പ്രകാരം) രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 19.46 ശരാശരിയില്‍ 253 റണ്‍സ് മാത്രമാണ് ഇഷാന് നേടാന്‍ കഴിഞ്ഞത്. 111.94 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. സാധ്യതാ പട്ടികയില്‍ ഇടംപിടിച്ച മറ്റ് നാല് താരങ്ങളെക്കാളും മോശം സ്‌ട്രൈക്ക് റേറ്റാണ് ഇഷാന്റേത് എന്നതും സെലക്ടര്‍മാരെ ധര്‍മസങ്കടത്തിലാഴ്ത്തുന്നു.
സ്‌കോര്‍ ചെയ്തുതുടങ്ങാന്‍ വൈകുന്നുവെന്നതാണ് ഇഷാന്റെ പ്രശ്‌നം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലും ഇഷാന്റെ ഈ ബുദ്ധിമുട്ട് വ്യക്തമാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ 21 പന്തില്‍ 19 റണ്‍സ് മാത്രമാണ് ഇഷാന് നേടാനായത്. രണ്ടാം മത്സരത്തിലാകട്ടെ ആദ്യ 21 പന്തില്‍ നേടിയത് 22 റണ്‍സും. രണ്ടു തവണയും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ആ പതിഞ്ഞ തുടക്കത്തോട് സെലക്ടര്‍മാര്‍ക്ക് അത്ര പ്രതിപത്തിയില്ല.
3. ഋതുരാജ് ഗെയ്ക്‌വാദ്
ട്വന്റി 20 മത്സരങ്ങളില്‍ സ്പിന്നര്‍മാരെ വിദ്ഗധമായി നേരിടുന്ന യുവതാരങ്ങളില്‍ ഒരാളാണ് ഋതുരാജ് ഗെയ്ക്‌വാദ് എന്ന് നിസ്സംശയം പറയാം. കഴിഞ്ഞ ലോകകപ്പിനുശേഷം കളിച്ച മത്സരങ്ങളില്‍ സ്പിന്നിനെതിരേ 47.37 ആണ് ഗെയ്ക്‌വാദിന്റെ ശരാശരി, സ്‌ട്രൈക്‌റേറ്റ് ആവട്ടെ 166.22 ഉം.
അടുത്തവര്‍ഷം ലോകകപ്പിന് ആതിഥ്യമരുളുന്ന വെസ്റ്റിന്‍ഡീസിലെയും യുഎസിലെയും പിച്ചുകളുടെ സ്വഭാവസവിശേഷത നോക്കിയാല്‍ അവ വേഗത കുറഞ്ഞവയാണെന്ന് നിസ്സംശയം പറയാം. ഐസിസി ടൂര്‍ണമെന്റായതിനാല്‍ മാനദണ്ഡം പാലിച്ചായിരിക്കും വിക്കറ്റും ഗ്രൗണ്ടുമൊക്കെ തയാറാക്കുക. എങ്കിലും പിച്ചിന്റെ സ്വഭാവം പൂര്‍ണമായും മാറ്റാനാകില്ല. ആ സാഹചര്യത്തില്‍ വേഗം കുറഞ്ഞ പിച്ചില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക റോള്‍ വഹിക്കാന്‍ ഋതുരാജിനു കഴിയും. പേസിനെതിരേ ഒട്ടും മോശമല്ലാത്ത റെക്കോഡും താരത്തിനുണ്ട്.
പവര്‍പ്ലേയിലെ സ്‌കോറിങ് റേറ്റ് നോക്കിയാല്‍ ജയ്‌സ്വാളിനു(168.71) താഴെയാണ് ഗെയ്ക്‌വാദ്(139.93), എന്നാല്‍ ഇഷാന്(122.62) മുകളിലും. എന്നാല്‍ ജയ്‌സ്വാളിനെയും ഇഷാനെയും അപേക്ഷിച്ച് അവസരത്തിനൊത്ത് ആങ്കര്‍ റോള്‍ ചെയ്ത് ത്രൂഔട്ട് ഇന്നിങ്‌സ് കളിക്കാന്‍ ഗെയ്ക്‌വാദിന് പ്രത്യേക കഴിവുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 57 പന്തില്‍ നിന്ന് 123 റണ്‍സ് നേടി പുറത്താകാതെ നിന്ന് ഗെയ്ക്‌വാദ് ഒരിക്കല്‍ക്കൂടി അത് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഓപ്പണിങ് സ്ഥാനത്ത് ഒരു ആങ്കറെ വേണോയെന്നുള്ളത് ചോദ്യമാണ്.
4. രോഹിത് ശര്‍മ
2022 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നവംബര്‍ 10-ന് നടന്ന ഇംഗ്ലണ്ടിനെതിരായ സെമിഫൈനലാണ് രോഹിത് ശര്‍മ അവസാനം കളിച്ച രാജ്യാന്തര ട്വന്റി20 മത്സരം. അതിനുശേഷം രോഹിതിനു പകരം ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരൊക്കെയാണ് ടി20യില്‍ ഇന്ത്യയെ നയിച്ചത്. രോഹിതാകട്ടെ ഏകദിനത്തിലും ടെസ്റ്റിലും മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. എങ്കിലും രോഹിത് തന്നെയാണ് ഔദ്യോഗികമായി മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകന്‍.
ഏകദിനമാകട്ടെ, ടി20യാകട്ടെ, രോഹിത് ശര്‍മ എക്കാലവും ആങ്കര്‍ റോളാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ രോഹിത് ആ റോള്‍ മാറ്റിപ്പിടിക്കാന്‍ തുടങ്ങിയിട്ട്. പ്രത്യേകിച്ച് ഏകദിനത്തിൽ. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അത് എതിര്‍ടീമുകള്‍ കണ്ടുംകൊണ്ടും അറിഞ്ഞതാണ്. പവര്‍പ്ലേയില്‍ ബൗളര്‍മാരെ അമ്മാനമാടിയ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ലോകകപ്പില്‍ രോഹിത് കാഴ്ചവച്ചത്. 11 മത്സരങ്ങളില്‍ 125.94 സ്‌ട്രൈക്ക് റേറ്റില്‍ 597 റണ്‍സ്.
അതേ പ്രകടനം ടി20യില്‍ ആവര്‍ത്തിച്ചാലോ? രോഹിതിന് പ്രായമായെന്നു പറയുന്നവര്‍ക്ക് മിണ്ടാട്ടമുണ്ടാകില്ല. ടി20യില്‍ നിന്നു വിട്ടുനിന്ന കാലത്ത് നായകസ്ഥാനം ഏറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങളും പരുക്കുകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വരുന്ന ടി20 ലോകകപ്പില്‍ രോഹിത് ഓപ്പണറായി മാത്രമല്ല, നായകനായി തിരിച്ചെത്തിയാല്‍ ആര്‍ക്കും അദ്ഭുതം തോന്നില്ല.
5. ശുഭ്മാന്‍ ഗില്‍
2022 ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്‍ എന്ന യുവതാരം കടന്നുവരുന്നത്, പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. 2023 ഐപിഎല്‍ സീസണും ഗില്ലിനെ സംബന്ധിച്ച് ഗംഭീരമായിരുന്നു. 157.80 സ്‌ട്രൈക്ക് റേറ്റില്‍ 890 റണ്‍സാണ് കഴിഞ്ഞ ഐപിഎല്ലില്‍ ഗില്‍ അടിച്ചുകൂട്ടിയത്. അതോടെ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് തന്റെ പേര് ഒന്നുകൂടി ഉറപ്പിക്കാനും ഗില്ലിനായി.
ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണര്‍ ചെയ്തുള്ള പരിചയസമ്പത്തിലൂടെ തന്റെ സിക്‌സ് ഹിറ്റിങ് മികവും മെച്ചപ്പെടുത്താന്‍ ഗില്ലിന് കഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായിട്ടില്ല. രോഹിത് ടി20യിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍ എന്ന സ്ഥാനത്തേക്ക് യശ്വസി, ഇഷാന്‍, ഋതുരാജ് എന്നിവരില്‍ നിന്ന് ശക്തമായ മത്സരം ഗില്‍ നേരിടേണ്ടി വരും. പരിചയസമ്പത്ത് അല്‍പം കൂടുതല്‍ ഉണ്ടെന്നുള്ളത് മാത്രമാണ് അവിടെ ഗില്ലിന് തുണയാകുക.