CRICKET

വെസ്റ്റിന്‍ഡീസ് ലോകകപ്പിനില്ല! ക്രിക്കറ്റ് ലോകത്തിന് ഷോക്ക്

ഇന്നു നടന്ന നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ സ്‌കോട്ട്‌ലന്‍ഡിനോട് ഏഴു വിക്കറ്റിനു തോറ്റതോടെയാണ് വിന്‍ഡീസ് യോഗ്യത നേടാതെ പുറത്തായത്.

വെബ് ഡെസ്ക്

ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ഉണ്ടാകില്ല. ഇന്നു നടന്ന നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ സ്‌കോട്ട്‌ലന്‍ഡിനോട് ഏഴു വിക്കറ്റിനു തോറ്റതോടെയാണ് വിന്‍ഡീസ് യോഗ്യത നേടാതെ പുറത്തായത്. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു 43.5 ഓവറില്‍ വെറും 181 റണ്‍സ് നേടാനേ സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ടിഷ് പട ഏഴോവറും മൂന്നു പന്തും ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ മാത്യൂ ക്രോസിന്റെയും മിന്നുന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച മധ്യനിര താരം ബ്രണ്ടന്‍ മക്മ്യൂലന്റെയും പ്രകടനമാണ് സ്‌കോട്‌ലന്‍ഡന്‍ഡിന് തുണയായത്. ക്രോസ് 107 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 74 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മക്മ്യൂലന്‍ 106 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 69 റണ്‍സാണ് സ്വന്തമാക്കിയത്.

നേരത്തെ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ച മക്മ്യുലന്റെ മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. ഒമ്പേതാവറില്‍ വെറും 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴത്തിയ മക്മ്യൂലന് ക്രിസ് സോള്‍, മാര്‍ക്ക് വ്യാറ്റ്, ക്രിസ് ഗ്രീസ് എന്നിവര്‍ മികച്ച പിന്തുണ നല്‍കി. മൂവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സഫ്യാന്‍ ഷരീഫിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

വിന്‍ഡീസ് നിരയില്‍ 45 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് പിടിച്ചു നിന്നത്. റൊമാരി ഷെപ്പേര്‍ഡ്(36), ബ്രാന്‍ഡണ്‍ കിങ്(22), നിക്കോളാസ് പൂരന്‍(21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ഇല്ലാതെ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

1975-ല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് നേടിയ അവര്‍ 79-ല്‍ കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നീട് 83-ല്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയ ശേഷം അവര്‍ക്ക് പിന്നീട് ലോകകപ്പ് സ്വന്തമാക്കാനായിട്ടില്ല. അതേസമയം ജയിച്ചെങ്കിലും സ്‌കോട്‌ലന്‍ഡിന് ഇതുവരെ യോഗ്യത ഉറപ്പാക്കാനായിട്ടില്ല. സൂപ്പര്‍ സിക്‌സില്‍ ആറു പോയിന്റുമായി ശ്രീലങ്കയും സിംബാബ്‌വെയുമാണ് മുന്നില്‍. സ്‌കോട്‌ലന്‍ഡിന് നാലു പോയിന്റാണുള്ളത്. ഒരു മത്സരം കൂടി ജയിച്ചാല്‍ ലങ്കയും സിംബാബ്‌വെയും യോഗ്യത ഉറപ്പാക്കും. എന്നാല്‍ സ്‌കോട്‌ലന്‍ഡിന് ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിക്കുകയും ലങ്കയുടെയും സിംബാബ്‌വെയുടെയും തോല്‍വി ഉറപ്പാക്കുകയും വേണം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്