ഇതിഹാസങ്ങള്‍ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ഒരു സമകാലീനൻ എത്തിയിരിക്കുന്നു. സ്റ്റാർഡത്തിനോട് ലവലേശം താല്‍പ്പര്യമില്ലാത്ത, താൻ കളത്തിലിറങ്ങുന്നത് ജയിക്കാൻ മാത്രമാണെന്ന് പറഞ്ഞ, സഹതാരങ്ങളോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറച്ചുപിടിക്കാത്ത, വിട്ടുവീഴ്‌ചകള്‍ക്കൊന്നും തയാറാകാത്തൊരാള്‍. ഗൗതം ഗംഭീർ തലപ്പത്തെത്തുമ്പോള്‍ എന്തൊക്കെ പ്രതീക്ഷിക്കണം, ഗംഭീർ യുഗത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകള്‍ എന്തെല്ലാമാണ്?
പരിചയസമ്പത്തിന്റെ കോളം ശൂന്യമായി കിടക്കുന്ന ഗംഭീറിനെ ഈ ദൗത്യം ബിസിസി ഏല്‍പ്പിച്ചിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ഒരു സുപ്രധാന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ്. രോഹിത് ശർമ, വിരാട് കോഹ്ലി ഇതിഹാസ ദ്വയത്തിന്റെ കരിയർ ക്ലൈമാക്സിലേക്ക് എത്തിയിരിക്കുന്നു. പരിവർത്തന ഘട്ടത്തിലാണ് ഇന്ത്യൻ ടീം. മുന്നില്‍ നിർണായകമായ നാല് ടൂർണമെന്റുകള്‍ ചാമ്പ്യൻസ് ട്രോഫി, ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്. ഇതിന്റെയെല്ലാം അധിക സമ്മർദവും.
പക്ഷേ, ഇത്തരം സമ്മർദ സാഹചര്യങ്ങള്‍ അതിജീവിക്കാൻ ഗംഭീറിനോളം അനുയോജ്യനായ മറ്റൊരാള്‍ ഉണ്ടോയെന്ന് തന്നെ സംശയമാണ്. ഇന്ത്യ നേടിയ 2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ കലാശപ്പോരിലെ ഗംഭീറിന്റെ ഇന്നിങ്സുകള്‍ ഉദാഹരണം. അന്ന് ഒരുവശത്ത് ഇന്ത്യൻ ബാറ്റിങ്നിര തകരുമ്പോഴായിരുന്നു കിരീടത്തിലേക്ക് കൈപിടിച്ചുയർത്തിയ ഗംഭീര ഇന്നിങ്സുകള്‍ ക്രിക്കറ്റ് ലോകം കണ്ടത്. 2024 ട്വന്റി 20 ലോകകപ്പ് മാറ്റി നിർത്തിയാല്‍, ഐസിസി ടൂർണമെന്റുകളിലെല്ലാം ഇന്ത്യയ്ക്ക് കാലിടറിയത് സമ്മർദ സാഹചര്യങ്ങളിലായിരുന്നു, അതിനെ കൃത്യമായ ടാക്കിള്‍ ചെയ്യാനറിയാവുന്ന വ്യക്തികൂടിയാണ് ഗംഭീർ.
യുവതാരങ്ങളില്‍ ഗംഭീർ അർപ്പിക്കുന്ന വിശ്വാസമാണ് ഇന്ത്യൻ ടീമിന്റെ പരിവർത്തന കാലം സ്മൂത്തായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്. രോഹിതും കോഹ്ലിയും പടിയിറങ്ങുമ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് വീഴാതെ പിടിച്ചുനിർത്താൻ പോന്ന കൈകള്‍ പാകപ്പെടുത്തേണ്ടതുണ്ട് ഗംഭീറിന്. അവിടെയാണ് സഞ്ജുവിനെ പോലുള്ള താരങ്ങളുടെ മികവിന് അംഗീകാരം ലഭിക്കാൻ പോകുന്നതും.
സഞ്ജുവിന് അർഹമായ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ് ഗംഭീർ. ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പുകഴ്ത്തലുമായി എത്തിയതും ഗംഭീർ തന്നെയായിരുന്നു. ഗംഭീർ ഇന്ത്യയുടെ പരിശീലകന്റെ കുപ്പായമണിയുമെന്ന റിപ്പോർട്ടുകള്‍ സജീവമായിരിക്കെയായിരുന്നു പരാമർശമുണ്ടായതും.
ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിക്കാനുള്ള അവസരങ്ങളാണ് സഞ്ജുവിന് മുന്നില്‍ വന്നിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര പരിചയസമ്പത്ത് സഞ്ജുവിനുണ്ട്. സഞ്ജുവിന്റെ കഴിവ് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാനുള്ള അവസരമായിരിക്കുന്നു, ഇതായിരുന്നു ഗംഭീറിന്റെ വാക്കുകള്‍. ഐപിഎല്ലിലെ നായകമികവ് സമ്മർദ സാഹചര്യത്തില്‍ സഞ്ജുവിനെ തുണയ്ക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ലോകകപ്പില്‍ കളിക്കാനവസരം ലഭിക്കാത്ത സഞ്ജു വരുംകാലത്ത് ഗംഭീറിന്റെ കീഴില്‍ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായേക്കും. മധ്യനിരയില്‍ അനായാസം ഗിയർ മാറ്റി ഇന്നിങ്സ് പാകപ്പെടുത്താനുള്ള മികവ് സഞ്ജുവിനോളമുള്ളവർ അപൂർവമാണ്. അതിനോട് കണ്ണടയ്ക്കാൻ ഗംഭീറിനെ പോലെരാള്‍ക്ക് കഴിഞ്ഞേക്കില്ല. ഗംഭീർ പണ്ടൊരിക്കല്‍ ട്വീറ്റ് ചെയ്തപോലെ, മറ്റൊരാളുടെ പകരക്കാരനല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ സഞ്ജു സാംസണാകട്ടെ സഞ്ജു.
ഗംഭീറിന് കീഴില്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന് ആരും ഭയപ്പെടേണ്ടതില്ല എന്നതാണ് മറ്റൊരു കാര്യം. താരങ്ങളുടെ മികവില്‍ ഗംഭീറിനുള്ള ആത്മവിശ്വാസം എത്രത്തോളമാണെന്ന് തെളിയിച്ചതായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കഴിഞ്ഞ സീസണ്‍. അതിന്റെ ഉദാഹരണമാണ് മിച്ചല്‍ സ്റ്റാർക്ക്.
സീസണിലുടനീളം മോശം ഫോമിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നു സ്റ്റാർക്ക്. പക്ഷേ, താരത്തെ ഒരു കളിയില്‍ പോലും പുറത്തിരുത്താന്‍ ഗംഭീർ തയാറായില്ല. ക്വാളിഫയർ ഒന്നിലും രണ്ടിലും ഡ്രീം സ്പെല്ലുകളായിരുന്നു സ്റ്റാർക്ക് പുറത്തെടുത്തത്. വരുണ്‍ ചക്രവർത്തി, രമണ്‍ദീപ്, സുനില്‍ നരെയ്‌ൻ എന്നിവരുടെയെല്ലാം കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയായിരുന്നു.
ഇതിനോട് ചേർന്ന് നില്‍ക്കുന്നതാണ് നായകൻ രോഹിതിന്റെ മനോഭാവവും. താരങ്ങളില്‍ പൂർണവിശ്വാസം, പരാജയങ്ങളില്‍ തഴയില്ല, അവസരങ്ങള്‍ ഉറപ്പ്. ഈ രസക്കൂട്ടായിരുന്നു ഇന്ത്യയുടെ 11 വർഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചതും. അതുകൊണ്ട്, ട്വന്റി 20 ലോകകപ്പ് വരാനിരിക്കുന്ന കിരീടനാളുകളുടെ ഒരു തുടക്കം മാത്രമാണോയെന്നും കരുതേണ്ടതുണ്ട്. മെന്ററായി ലഖ്നൗ സൂപ്പർ ജയന്റ്സിനെ രണ്ട് തവണ ഐപിഎല്‍ പ്ലേഓഫിലും കൊല്‍ക്കത്തയെ കിരീട ജേതാക്കളുമാക്കിയ ഗംഭീറിന് ഇന്ത്യൻ ക്രിക്കറ്റിനെ പേരിനൊത്ത പ്രൗഡിയിലേക്ക് ഉയർത്താനുള്ള അവസരമൊരുങ്ങിയിരിക്കുന്നു.